സ്വിസ് ഓപൺ: സാത്വിക്-ചിരാഗ് സഖ്യത്തിന് കിരീടം
text_fieldsബാസൽ: സ്വിസ് ഓപൺ സൂപ്പർ 300 ബാഡ്മിന്റൺ ഡബ്ൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരായി ചരിത്രം കുറിച്ച് സാത്വിക് സായ് രാജ് രൻകിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. ഞായറാഴ്ച നടന്ന ഫൈനലിൽ ചൈനയുടെ റെൻ സിയാങ് യൂ-ടാൻ ക്യുയാങ് സഖ്യത്തെയാണ് ഇവർ പരാജയപ്പെടുത്തിയത്. സ്കോർ: 21-19, 24-22. രണ്ടാം സീഡുകളായ ഇന്ത്യൻ ജോടി ലോക 21ാം നമ്പറുകാർക്കെതിരെ പ്രതിരോധത്തിലുറച്ചും അറ്റാക്കിങ് ഗെയിമിലേക്ക് മാറിയും നീണ്ട 54 മിനിറ്റ് പോരാട്ടത്തിനൊടുവിലാണ് പുരുഷ ഡബ്ൾസ് കിരീടധാരണം.
വനിത സിംഗ്ൾസിൽ സൈന നെഹ്വാൾ (2011, 2012), പി.വി. സിന്ധു (2022), പുരുഷ സിംഗ്ൾസിൽ കിഡംബി ശ്രീകാന്ത് (2015), എച്ച്.എസ്. പ്രണോയ് (2016), സമീർ വർമ (2018) എന്നിവർ ഇതിനു മുമ്പ് സ്വിസ് ഓപൺ ജേതാക്കളായിട്ടുണ്ട്. ഹൈദരാബാദ് ഓപൺ (2018), തായ്ലൻഡ് ഓപൺ (2019), ഇന്ത്യൻ ഓപൺ (2022), ഫ്രഞ്ച് ഓപൺ (2022) എന്നിവക്കുശേഷം റെഡ്ഡിയും ചിരാഗും നേടുന്ന പ്രധാന കിരീടമാണിത്. 2022ലെ കോമൺ വെൽത്ത് ഗെയിംസ് സ്വർണ ജേതാക്കളുമായിരുന്നു ഇവർ.
തുടക്കത്തിൽ ചിരാഗിൽ നിന്നുണ്ടായ പിഴവ് ഇന്ത്യക്ക് തിരിച്ചടിയായെങ്കിലും 3-1 ലീഡ് പിടിച്ചു. എന്നാൽ, ശക്തമായി തിരിച്ചുവന്ന റെനും ടാനും ആദ്യ ഗെയിമിൽ കളി 6-6ലെത്തിച്ചു. എന്നാൽ, റെഡ്ഡിയുടെയും ചിരാഗിന്റെയും ആക്രമണവീര്യം 15-10 ലീഡിലേക്കും ഒരു വേള 18-13ലേക്കും എത്തിച്ചു. വ്യത്യാസം 18-17 വരെ കുറച്ച ശേഷമാണ് ചൈനീസ് സഖ്യം തോൽവി സമ്മതിച്ചത് (21-19). രണ്ടാം ഗെയിമിന്റെ തുടക്കം ഒപ്പത്തിനൊപ്പമായിരുന്നു. പിന്നീട് കണ്ടത് റെന്നിന്റെയും ടാനിന്റെയും മുന്നേറ്റം. 8-8ൽ സമനില പിടിച്ചശേഷം ലീഡെടുത്ത് റെഡ്ഡിയും ചിരാഗും കുതിച്ചു.
11-11ലും 16-16ലും 20-20ലും എത്തിക്കാൻ ചൈനക്കാർക്ക് കഴിഞ്ഞു. തുടർന്ന് 21-22ലേക്ക് കയറി ഇന്ത്യൻ ക്യാമ്പിൽ അങ്കലാപ്പുണ്ടാക്കാനും ഇവർക്കായി. എന്നാൽ, ചാമ്പ്യൻഷിപ് പോയന്റും കിരീടവും (24-22) കൈക്കലാക്കി റെഡ്ഡിയും ചിരാഗും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.