സിംഗപ്പൂർ ഓപൺ ബാഡ്മിന്റൺ: മഞ്ജുനാഥിനും ചാലിഹക്കും ജയം
text_fieldsസിംഗപ്പൂർ: സിംഗപ്പൂർ ഓപൺ സൂപ്പർ 500 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ അട്ടിമറി വിജയവുമായി ഇന്ത്യയുടെ മിഥുൻ മഞ്ജുനാഥും അഷ്മിത ചാലിഹയും. മുൻനിര താരങ്ങളായ ഇന്ത്യയുടെ പി.വി. സിന്ധുവും സൈന നെഹ്‍വാളും മലയാളി താരം എച്ച്.എസ്. പ്രണോയിയും ആദ്യ റൗണ്ട് പിന്നിട്ടപ്പോൾ സമീർ വർമയും പി. കശ്യപും പുറത്തായി.
ലോക ചാമ്പ്യൻഷിപ് റണ്ണറപ്പും ലോക 11ാം നമ്പർ താരവുമായ നാട്ടുകാരൻ കിഡംബി ശ്രീകാന്തിനെയാണ് മൂന്നു സെറ്റ് പോരിൽ 77ാം റാങ്കുകാരനായ മഞ്ജുനാഥ് മലർത്തിയടിച്ചത്. സ്കോർ: 21-17, 15-21, 21-18. അടുത്ത റൗണ്ടിൽ അയർലൻഡിന്റെ എൻഹാറ്റ് എൻഗൂയെൻ ആണ് മഞ്ജനാഥിന്റെ എതിരാളി.
12ാം നമ്പർ താരം തായ്‍ലൻഡിന്റെ ബുസാനൻ ഓൻഗ്ബാംറുങ്ഫാനിനെയാണ് 66ാം റാങ്കുകാരിയായ ചാലിഹ നേരിട്ടുള്ള സെറ്റുകളിൽ തകർത്തത്. സ്കോർ: 21-16, 21-11. രണ്ടാം റൗണ്ടിൽ ചൈനയുടെ ഹാൻ യുവാഇയെയാണ് ചാലിഹക്ക് നേരിടേണ്ടത്.
ഏഴാം റാങ്കുകാരിയായ സിന്ധു 21-15, 21-11ന് 36ാം നമ്പർ ബൽജിയത്തിന്റെ ലിയാനി ടാനിനെയും 19ാം റാങ്കുകാരനായ പ്രണോയ് 21-13, 21-16ന് 32ാം റാങ്കിലുള്ള തായ്‍ലൻഡിന്റെ സിറ്റ്ഹികോം തമ്മാസിനെയും 24ാം റാങ്കുകാരിയായ സൈന 21-18, 21-14ന് നാട്ടുകാരിയായ 50ാം നമ്പർ മാളവിക ബാൻസോദിനെയുമാണ് തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.