പ്രണോയിക്ക് അഞ്ചുലക്ഷം നൽകിയെന്ന് കായികമന്ത്രി
text_fieldsതിരുവനന്തപുരം: സർക്കാർ അവഗണനയെ തുടർന്ന് കായികതാരങ്ങൾ നാടുവിടുന്നതിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെ കണക്കുനിരത്തി കായികമന്ത്രി വി. അബ്ദുറഹ്മാൻ. 2022ല്‍ തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത എച്ച്.എസ്. പ്രണോയ്, എം.ആര്. അര്ജുന് എന്നീ മലയാളി താരങ്ങള്‍ക്ക് അഞ്ചുലക്ഷം വീതം നല്‍കിയെന്നും ജി.വി. രാജ പുരസ്കാരത്തിന് പ്രണോയിയെ തെരഞ്ഞെടുത്തതായും മന്ത്രി അറിയിച്ചു. 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയവർക്ക് 20, 10 ലക്ഷം വീതം സമ്മാനിച്ചിരുന്നു.
കായിക മത്സരങ്ങളില്‍ മെഡല്‍ നേടിയവര്‍ക്ക് പാരിതോഷികം നല്‍കാറുണ്ട്. മന്ത്രിസഭ കൂടിയാലോചിച്ച് പ്രഖ്യാപിക്കുകയാണ് ചെയ്യുക. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്ന ക്രമത്തില്‍ പാതിതോഷികം നൽകിയിരുന്നു. പുറമെ, പരിശീലനത്തിനും മറ്റുമായി രണ്ടര വര്‍ഷത്തിനിടെ 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ദേശീയ ഗെയിംസിന്റെ പരിശീലനാവശ്യങ്ങള്‍ക്ക് സ്പോട്സ് കൗണ്‍സില്‍ അഞ്ചു കോടി അനുവദിച്ചിരുന്നു. ഇത്തവണ ദേശീയ ഗെയിംസിന് ഗോവക്ക് തിരിക്കുന്ന താരങ്ങളുടെ പരിശീലനത്തിനായി നാലുകോടി ആദ്യഗഡുവായി അനുവദിച്ചു. ഏഴ് വര്‍ഷത്തിനിടെ 649 താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിയമനം നല്കി. 250 കായികതാരങ്ങള്‍ക്കു കൂടി നിയമനം നല്‍കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ മുഴുവന്‍ താരങ്ങള്‍ക്കും സന്തോഷ് ട്രോഫി ജേതാക്കളായ കേരള ടീമിലെ മുഴുവന്‍ പേര്‍ക്കും നിയമനം നല്കി -മന്ത്രി അറിയിച്ചു.
പണവും ജി.വി. രാജ പുരസ്കാരവും പ്രണോയിക്ക് കിട്ടിയിട്ടില്ലെന്ന് പിതാവ്
തിരുവനന്തപുരം: ജി.വി. രാജ പുരസ്കാരത്തിന് അന്താരാഷ്ട്ര ബാഡ്മിന്റൺ താരവും മലയാളിയുമായ എച്ച്.എസ്. പ്രണോയിയെ തെരഞ്ഞെടുത്തെന്നും കോമൺവെൽത്ത് ഗെയിംസ് മെഡൽ നേടിയതിന് 20 ലക്ഷം അനുവദിച്ചെന്നുമുള്ള കായികമന്ത്രിയുടെ അവകാശവാദം തള്ളി പ്രണോയിയുടെ അച്ഛൻ സുനിൽകുമാർ. ജി.വി. രാജ പുരസ്കാരം പ്രണോയിക്ക് ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞവർഷം പ്രണോയിയെ പുരസ്കാരത്തിന് പരിഗണിക്കാത്തതിലുള്ള അതൃപ്തി സ്പോർട്സ് കൗൺസിൽ പ്രസിഡന്റിനെ അറിയിച്ചിരുന്നതായും സുനിൽകുമാർ മാധ്യമത്തോട് പറഞ്ഞു.
കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റൺ ടീം ഇനത്തിൽ പ്രണോയി സ്വർണമെഡൽ നേടിയിരുന്നു. ഒരുരൂപപോലും കിട്ടിയിട്ടില്ല. പ്രണോയിക്ക് കിട്ടിയ മെഡൽ മന്ത്രിയെ കാണിക്കാൻ തയാറാണ്. തോമസ് കപ്പിൽ മെഡൽ കിട്ടിയിട്ടുപോലും കേരളത്തിൽനിന്ന് ഒരാളും വിളിച്ചിട്ടില്ല. തുടർന്ന് ഞാൻ എന്റെ ബുദ്ധിമുട്ടുകൾ അറിയിച്ചുകൊണ്ട് ഒരു മന്ത്രിവഴി മുഖ്യമന്ത്രിക്ക് കത്ത് നൽകിയതുകൊണ്ടാണ് അഞ്ച് ലക്ഷമെങ്കിലും നൽകിയത്. തോമസ് കപ്പിൽ റാക്കറ്റ് എടുക്കാത്ത താരത്തിന് പോലും പഞ്ചാബ് സർക്കാർ നൽകിയത് 50 ലക്ഷമാണ്. അപ്പോഴാണ് സർക്കാർ അഞ്ച് ലക്ഷത്തിന്റെ കണക്ക് പറയുന്നത്. ഒരു കായികതാരം അവന്റെ ജീവിതമാണ് ഇതിനായി ഹോമിക്കുന്നത്. ഈ പറയുന്ന ലക്ഷങ്ങളൊക്കെ മത്സരങ്ങൾക്കുള്ള യാത്രക്ക് പോലും തികയില്ലെന്നും സുനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.