ബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ശ്രീകാന്തിന് വെള്ളി
text_fieldsവേൽവ (സ്പെയിൻ): ബാഡ്മിൻറൺ ലോക ചാമ്പ്യൻഷിപ്പിൽ കിഡംബി ശ്രീകാന്തിെൻറ കിരീടനേട്ടത്തിനു മുന്നിൽ വഴിമുടക്കി സിംഗപ്പൂർ താരം ലോഹ് കീൻ യൂ. കൊണ്ടും കൊടുത്തും കളിയഴക് വഴിഞ്ഞൊഴുകിയ ആവേശപ്പോരിൽ 15-21, 20-22നാണ് ലോഹ് ഇന്ത്യൻ താരത്തെ കീഴടക്കിയത്.
ആദ്യ കളിയിൽ ലോക ഒന്നാം നമ്പർ താരം വിക്ടർ അക്സൽസണെ വീഴ്ത്തി വരവറിയിച്ച ലോഹ് അതേ മികവ് ഉടനീളം പ്രകടിപ്പിച്ചാണ് ഫൈനലിൽ ശ്രീകാന്തുമായി മുഖാമുഖം വന്നത്. ടൂർണമെൻറിലെ ആദ്യ കളിക്കു ശേഷം ഒരു സെറ്റുപോലും നഷ്ടപ്പെടുത്താത്ത സിംഗപ്പൂർ താരത്തെ പക്ഷേ, തുടക്കത്തിൽ പിടിച്ച് ശ്രീകാന്ത് കലാശപ്പോരിന് മൂർച്ച കൂട്ടി. ആദ്യ സെറ്റിലെ കന്നി പോയൻറ് ലോഹിനായിരുന്നുവെങ്കിലും ഒരു ഘട്ടത്തിൽ 9-3 വരെയെത്തി ഇന്ത്യൻ താരം ഏറെ മുന്നിൽനിന്നു. പിന്നീടങ്ങോട്ട് നഷ്ടമായതെല്ലാം വാശിയോടെ തിരികെ പിടിച്ച് ലോഹ് അതിവേഗം സെറ്റ് പിടിക്കുന്നതാണ് കണ്ടത്. തുടക്കത്തിലെ ലീഡും കളിത്തികവും വഴിയിൽ മറന്ന ശ്രീകാന്തിനെ നിലംതൊടീക്കാതെയായിരുന്നു ലോഹിെൻറ പടയോട്ടം.
ശ്രീകാന്ത് കൂടുതൽ കരുത്തുകാട്ടിയ രണ്ടാം സെറ്റിൽ ആരും വ്യക്തമായ ലീഡ് പുലർത്താതെ ലീഡ് മാറിയും മറിഞ്ഞും നിന്നു. 9-9ന് ഒപ്പം നിന്ന ശേഷം 11-9ന് പിടിച്ച ലോഹിനെ കടിഞ്ഞാണിട്ട് 20-20 വരെ കൂടെ നിർത്തിയ ശ്രീകാന്ത് നിർണായക ഘട്ടത്തിൽ തളർന്നു. അനായാസ പോയൻറുകളുമായി മുൻ ലോക ഒന്നാം നമ്പറിനെ കടന്ന് ലോഹ് കിരീടത്തിലേക്ക്.
ആദ്യമായാണ് ഒരു സിംഗപ്പൂർ താരം ലോക ചാമ്പ്യനാകുന്നത്. ഇന്ത്യയിൽനിന്ന് ലോക ചാമ്പ്യൻഷിപ്പിെൻറ പുരുഷ വിഭാഗത്തിൽ ഫൈനലിലെത്തുന്ന ആദ്യ താരമായി ശ്രീകാന്ത്. പ്രകാശ് പദുകോൺ, സായ് പ്രണീത് എന്നിവർക്കുശേഷം ലക്ഷ്യ സെന്നിലൂടെ വെങ്കലം നേരത്തെ ഇന്ത്യയിലെത്തിയിരുന്നു. ഇന്തോനേഷ്യൻ മാസ്റ്റേഴ്സ് ഉൾപ്പെടെ സമീപകാല കളികളിൽ ലോഹ് പുലർത്തിയ മികവ് ഇവിടെയും തുടരാനായതാണ് ശ്രീകാന്തിനെതിരെ തുണയായത്.
വനിതകളിൽ യമാഗുച്ചി
വേൽവ (സ്പെയിൻ): ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ് വനിത വിഭാഗത്തിൽ ജപ്പാെൻറ അകാനെ യമാഗുച്ചിക്ക് കിരീടം. 39 മിനിറ്റ് മാത്രമെടുത്ത പോരാട്ടത്തിൽ ലോക ഒന്നാം നമ്പറും ടോപ്സീഡുമായ ചൈനീസ് തായ്പേയ് താരം തായ് സു യിങ്ങിനെ നേരിട്ടുള്ള സെറ്റുകളിലാണ് വീഴ്ത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.