സയിദ് മോദി ഇന്റർനാഷനലിൽ ഇന്ത്യക്ക് കിരീടം സമ്മാനിച്ച് ലക്ഷ്യയും സിന്ധുവും ട്രീസ-ഗായത്രി സഖ്യവും
text_fieldsലഖ്നോ: ഇന്ത്യയിലെ മുൻനിര ബാഡ്മിന്റൺ ടൂർണമെന്റായ സൂപ്പർ 300 സയിദ് മോദി ചാമ്പ്യൻഷിപ്പിൽ മൂന്ന് കിരീടങ്ങളുടെ നിറവിൽ ഇന്ത്യ. പുരുഷ, വനിത സിംഗ്ൾസിൽ ടോപ് സീഡുകളായ പി.വി. സിന്ധുവും ലക്ഷ്യ സെന്നും ജേതാക്കളായപ്പോൾ വനിത ഡബ്ൾസിൽ ട്രീസ- ഗായത്രി സഖ്യവും ചാമ്പ്യന്മാരായി.
രണ്ടുതവണ ഒളിമ്പിക് മെഡലിസ്റ്റായ പി.വി. സിന്ധു വർഷം നീണ്ട കിരീടവരൾച്ചക്ക് അറുതി കുറിച്ചാണ് ചൈനയുടെ ലോക 119ാം നമ്പർ താരം വു ലവോ യുവിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയത്. സ്കോർ 21-14, 21-16. സയിദ് മോദി ചാമ്പ്യൻഷിപ്പിൽ സിന്ധുവിനിത് മൂന്നാം കിരീടമാണ്. 2017, 2022 വർഷങ്ങളിലാണ് മുമ്പ് ഫൈനൽ കടമ്പ കടന്നത്.
അവസാനം നടന്ന പുരുഷ സിംഗ്ൾസിൽ സിംഗപ്പൂരിന്റെ ജിയ ഹെങ് ജാസണെ നിലംതൊടാതെ പറത്തി ലക്ഷ്യ സെന്നും ജേതാവായി. സ്മാഷിലും ഡ്രോപിലും ക്രോസ് കോർട്ട് ഷോട്ടുകളിലും ഒരേ മികവും പ്രതിഭയും നിലനിർത്തി ഒരു ഘട്ടത്തിൽ പോലും എതിരാളിയെ പിടിച്ചുകയറാൻ വിടാതെയായിരുന്നു ലക്ഷ്യയുടെ തേരോട്ടം. സ്കോർ 21-6, 21-7. 2022 ജൂലൈയിൽ സിംഗപ്പൂർ ഓപണിൽ ജേതാവായ ശേഷം സിന്ധുവിനിത് കന്നിക്കിരീടമാണ്. ഈ വർഷം മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ഫൈനൽ കളിച്ചതാണ് ഇതിനിടയിലെ വലിയ നേട്ടം. ലക്ഷ്യയാകട്ടെ, പാരിസ് ഒളിമ്പിക്സിൽ ഉടനീളം പ്രകടനത്തികവുമായി നിറഞ്ഞുനിന്ന് വെങ്കല മെഡൽ പോരാട്ടത്തിൽ പിഴച്ച ശേഷം ആദ്യമായാണ് ഉയരങ്ങൾ പിടിക്കുന്നത്.
ഡബ്ൾസിൽ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും ചേർന്ന കൂട്ടുകെട്ട് ചൈനയുടെ ബൊആവോ ലി ജിങ്- ലി ക്വിയാൻ സഖ്യത്തെയാണ് 21-18, 21-11ന് കെട്ടുകെട്ടിച്ചത്. പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെത്തന്നെ പൃഥ്വി കൃഷ്ണമൂർത്തി റോയ്- സായ് പ്രതീക് സഖ്യം ചൈനയുടെ ഹുവാങ് ഡി- ലിയു യാങ് കൂട്ടുകെട്ടിനു മുന്നിൽ അടിയറവ് പറഞ്ഞു. മൂന്നു സെറ്റിലേക്ക് നീണ്ട മാരത്തൺ പോരാട്ടത്തിലായിരുന്നു തോൽവി. സ്കോർ 14-21, 21-19, 17-21.
മിക്സഡ് ഡബ്ൾസ് ഫൈനലിലും ഇന്ത്യൻ പ്രാതിനിധ്യമുണ്ടായിരുന്നെങ്കിലും തനിഷ ക്രാസ്റ്റോ- ധ്രുവ് കപില കൂട്ടുകെട്ട് ആദ്യ സെറ്റ് ജയിച്ച ശേഷം കളി കൈവിട്ടു. തായ്ലൻഡ് ജോടികളാണ് മാരത്തൺ പോരാട്ടത്തിൽ ഇരുവരെയും വീഴ്ത്തിയത്. സ്കോർ 21-18, 14-21, 8-21.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.