ചരിത്രവിജയം; തോമസ് കപ്പ് ബാഡ്മിന്റണിൽ ഇന്ത്യക്ക് കന്നിക്കിരീടം
text_fieldsബാങ്കോക്ക്: ലോക ബാഡ്മിന്റണിലെ പ്രധാന ടീം ടൂർണമെന്റായ തോമസ് കപ്പിൽ കന്നിക്കിരീടവുമായി ഇന്ത്യൻ പുരുഷ ടീമിന്റെ വിജയഗാഥ. അതികായരായ ഇന്തോനേഷ്യയെ 3-0ത്തിന് തകർത്താണ് ഇന്ത്യൻ ടീം ചരിത്രത്തിലേക്ക് വിജയ സ്മാഷുതിർത്തത്. നിലവിലെ ജേതാക്കളും റെക്കോഡ് ചാമ്പ്യന്മാരുമാണ് (14 തവണ) ഇന്തോനേഷ്യ.
ഫൈനലിൽ സിംഗിൾസിൽ ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും ഡബ്ൾസിൽ സാത്വിക് സായ് രാജ് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവുമാണ് രണ്ടു മത്സരം ശേഷിക്കെ തന്നെ ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. ക്വാർട്ടറിലും സെമിയിലും ഇന്ത്യക്ക് ജയം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് ഫൈനലിൽ കളിക്കേണ്ടിവന്നില്ല.
ഡബ്ൾസ് ടീമിലെ എം.ആർ. അർജുനും കോച്ച് വിമൽ കുമാറും ചേരുമ്പോൾ വിജയസംഘത്തിൽ മലയാളിത്തിളക്കമേറി. കരുത്തുറ്റ മൂന്നു ടീമുകൾക്കെതിരെ തുടർച്ചയായി ജയം നേടിയായിരുന്നു കുതിപ്പെന്നത് ഇന്ത്യയുടെ കിരീടധാരണം അവിസ്മരണീയമാക്കി. ക്വാർട്ടറിൽ മലേഷ്യയെയും സെമിയിൽ ഡെന്മാർക്കിനെയും വീഴ്ത്തിയശേഷമായിരുന്നു ഫൈനലിൽ ഇന്തോനേഷ്യ വധം.
ഫൈനലിൽ ലോക അഞ്ചാം നമ്പർ താരം ആന്റണി സിനിസുക ജിന്റിങ്ങിനെതിരെ 8-21, 21-17, 21-16 ജയവുമായി ഒമ്പതാം നമ്പർ താരം ലക്ഷ്യ ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ക്വാർട്ടറിലും സെമിയിലും ആദ്യ മത്സരം തോറ്റിരുന്ന ലക്ഷ്യയുടെ ജയം ഫൈനലിൽ ഇന്ത്യക്ക് കരുത്തായി.
ഡബ്ൾസിൽ ലോക ഒന്നാം നമ്പർ താരം കെവിൻ സഞ്ജയ സുക്കമോളിയോയും രണ്ടാം നമ്പർ താരം മുഹമ്മദ് അഹ്സനുമടങ്ങിയ ജോടിയെ 18-21, 23-21, 21-19ന് മലർത്തിയടിച്ച സാത്വിക്-ചിരാഗ് എട്ടാം നമ്പർ സഖ്യം ഇന്ത്യക്ക് 2-0 ലീഡ് നൽകി. മൂന്നാം മത്സരത്തിൽ 11ാം നമ്പർ ശ്രീകാന്ത് നേരിട്ടുള്ള സെറ്റുകളിൽ 21-15, 23-21 എട്ടാം നമ്പർ ജൊനാഥൻ ക്രിസ്റ്റിയെ തോൽപിച്ചതോടെ ഇന്ത്യ വിജയനൃത്തം ചവിട്ടി.
ഇന്ത്യൻ ടീമിന് കായിക മന്ത്രാലയം ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖർ ടീമിന് അഭിനന്ദനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.