മധുമിത വിജയത്തിന് ഇരട്ടി മധുരം
text_fieldsദുബൈ: അന്താരാഷ്ട്ര ബാഡ്മിന്റൺ ചരിത്രത്തിൽ യു.എ.ഇയുടെ ആദ്യ ജയത്തിലേക്ക് സ്മാഷുതിർത്ത് മലയാളി താരം എസ്. മധുമിത. ലോക ബാഡ്മിന്റണിൽ ആദ്യമായി യു.എ.ഇ നേടിയ വിജയം മധുമിതയിലൂടെയായിരുന്നു. ദുബൈയിൽ നടക്കുന്ന ബാഡ്മിന്റൺ ഏഷ്യ മിക്സഡ് ടീം ചാമ്പ്യൻഷിപ്പിൽ കസാക്കിസ്താന്റെ കാമില സ്മഗുലോവയെയാണ് ഈ 15കാരി നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്.
ആദ്യ സെറ്റ് 21-17ന് പിടിച്ചെടുത്ത മധുമിത അടുത്ത സെറ്റിൽ കൂടുതൽ മികവുറ്റ പ്രകടനത്തോടെ 21-13ന് നേടുകയായിരുന്നു. ദുബൈ എക്സ്ട്രാ അക്കാദമി താരമാണ് മധുമിത. പാലക്കാട് സ്വദേശി ഗായത്രിയുടെയും മധുര സ്വദേശി സുന്ദര പാണ്ഡ്യന്റെയും മകളായ മധുമിത ഇന്ത്യൻ എക്സലൻസ് പ്രൈവറ്റ് സ്കൂളിലെ പത്താം തരം വിദ്യാർഥിയാണ്. ഏഴ് വർഷമായി ബാഡ്മിന്റൺ പരിശീലിക്കുന്നു.
അടുത്തയാഴ്ച തുടങ്ങുന്ന പത്താം തരം പരീക്ഷക്ക് ശേഷം അന്താരാഷ്ട്ര മത്സരങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് മധുമിത പറഞ്ഞു. ടൂർണമെന്റിനായി തയാറെടുപ്പുകൾ നടത്തിയിരുന്നു. എന്നാൽ, ബോർഡ് പരീക്ഷക്കായി ഒരു തയാറെടുപ്പും നടത്തിയിട്ടില്ല.
അതേസമയം, യു.എ.ഇയുടെ രണ്ടാം ജയം എത്തിയത് ഇന്ത്യൻ ഇരട്ട സഹോദരങ്ങളിലൂടെയാണ്. ദേവ് അയ്യപ്പനും ധീരൻ അയ്യപ്പനുമാണ് പുരുഷ ഡബിൾസിൽ കസാഖ്സ്ഥാന്റെ ദിമിത്രി പനാറിൻ-ഐഷ സുമാബക് കൂട്ടുകെട്ടിനെ തോൽപിച്ചത്. സ്കോർ 21-13, 29-27. വനിത ഡബിൾസിൽ പരാജയപ്പെട്ടെങ്കിലും മലയാളിയായ നനോനിക രാജേഷിന്റെ ടീം മികച്ച പോരാട്ടം നടത്തി.
സനിക ഗൗരവിനൊപ്പം കളിക്കാനിറങ്ങിയ നനോനിക ദുബൈ എക്സ്ട്രാ അക്കാദമി താരമാണ്. ആവേശം അലതല്ലിയ ഒരു ഗെയിമിൽ 30-29നാണ് ടീം പൊരുതി വീണത്. യു.എ.ഇ ടീമിന്റെ മികച്ച പ്രകടനം ആശാവഹമാണെന്നും മധുമിത അടക്കമുള്ള താരങ്ങളുടെ വിജയം ചരിത്രമാണെന്നും യു.എ.ഇ ബാഡ്മിന്റൺ ഫെഡറേഷൻ ചീഫ് നൂറ അൽ ജാസ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.