ഫോബ്സ് പട്ടികയിൽ ഇടം നേടാനായതിൽ സന്തോഷം, പക്ഷേ പി.വി. സിന്ധുവിൻെറ പ്രഥമ ലക്ഷ്യം മറ്റൊന്ന്
text_fields
ന്യൂഡൽഹി: പി.വി. സിന്ധുവിനെ സംബന്ധിച്ച് കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമായിരുന്നു 2019. ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ ഇന്ത്യൻ താരമായി മാറിയ സിന്ധു ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വനിത കായിക താരങ്ങളുടെ പട്ടികയിലും ഇടം നേടിയിരുന്നു.
എന്നാൽ പണം കളിക്കളത്തിൽ മികവ് പ്രകടിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണെങ്കിലും മെഡലുകൾ നേടുന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്ന് ഹൈദരാബാദുകാരി പറഞ്ഞു. എന്നിരുന്നാലും ഫോബ്സ് പട്ടികയിൽ ഇടം നേടാനായതിലെ ആഹ്ലാദവും അവർ മറച്ചു വെച്ചില്ല.
2019ൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ വനിത താരങ്ങളുടെ പട്ടികയിൽ നിന്ധു 13ാം സ്ഥാനത്താണ്. 5.5 ദശലക്ഷം ഡോളർ സമ്പാദിച്ച സിന്ധു തന്നെയാണ് ഇന്ത്യയിൽ ഏറ്റവും മാർക്കറ്റുള്ള വനിത കായിക താരം. 2018ൽ ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനൽസിലും 2019ൽ ലോക ചാമ്പ്യൻഷിപ്പിലും കിരീടം ചൂടിയതാണ് സിന്ധുവിന് തുണയായത്.
'എൻെറ പേര് ഫോബ്സ് പട്ടികയിൽ കാണാനായതിൽ സന്തോഷമുണ്ട്. കായിക രംഗത്തെ മറ്റ് സൂപ്പർ താരങ്ങളോടൊപ്പം പട്ടികയിൽ ഇടം കണ്ടെത്താനായത് എൻെറ ശ്രദ്ധ തെറ്റിക്കുന്നില്ല മറിച്ച് അത് മികച്ച പ്രചോദനമാണ്'- സിന്ധു പറഞ്ഞു.
'ഷൂട്ടിങ്ങിന് പോകുന്നത് ഞാനേറെ ആസ്വദിക്കുന്നുണ്ട്. ബാഡ്മിൻറൺ അല്ലാതെ വ്യത്യസ്ഥമായത് ചെയ്യുന്നതായത് കൊണ്ട് അതെനിക്ക് ഇഷ്ടമാണ്' - സിന്ധു ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രൈസ്മണി ഇനത്തിൽ അഞ്ചുലക്ഷം ഡോളറും പരസ്യ വരുമാനത്തിലൂടെ അഞ്ച് ദശലക്ഷം ഡോളറുമാണ് സിന്ധു നേടിയത്. ബ്രിജ്സ്റ്റോൺ, ജെ.ബി.എൽ, ഗാറ്റോറേഡ്, പനാസോണിക് എന്ന് തുടങ്ങി നിരവധി ബ്രാൻഡുകളുടെ മോഡലാണ് സിന്ധു.
പിതാവ് പി.വി. രാമണ്ണക്കൊപ്പമാണ് സിന്ധു അഭിമുഖത്തിൽ പങ്കെടുത്തത്. തൻെറ മകളെപ്പോലെ ഒരു അത്ലറ്റ് എത്ര പണം സമ്പാദിക്കുന്നു എന്നതിലല്ല മറിച്ച് വലിയ കാര്യങ്ങൾ സാധിക്കുമ്പാൾ സ്വന്തം മൂല്യങ്ങളും വളർന്നുവന്ന സാഹചര്യവും മറക്കാതിരിക്കുന്നതുമാണ് മുഖ്യമെന്ന് അദ്ദേഹം പറഞ്ഞു. 1986 ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ഇന്ത്യൻ വോളിബാൾ ടീമിൽ അംഗമായിരുന്നു രാമണ്ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.