വിംബ്ൾഡണിന് ഇന്ന് തുടക്കം; ഇനി ഗ്രാൻഡ് സ്ലാം നാളുകൾ
text_fieldsലണ്ടൻ: പുൽത്തകിടിയിൽ പോരാട്ടത്തിന്റെ തീപടർത്തുന്ന വിംബ്ൾഡൺ ടെന്നിസിന് ഇന്ന് തുടക്കം. എട്ടാം വിംബ്ൾഡൺ വിജയത്തിനൊപ്പം 24ാം ഗ്രാൻഡ് സ്ലാം കിരീടമെന്ന അപൂർവ നേട്ടത്തിലേക്ക് റാക്കറ്റ് പായിക്കാനൊരുങ്ങുന്ന സെർബിയയുടെ 36കാരനായ നൊവാക് ദ്യോകോവിച്ചാണ് സെന്റർ കോർട്ടിലെ പ്രധാന ആകർഷണം. 24 സുപ്രധാന കിരീടങ്ങൾ നേടിയ ആസ്ട്രേലിയൻ വനിത താരം മാർഗരറ്റ് കോർട്ടിന്റെ നേട്ടത്തിനൊപ്പമെത്താനാണ് ദ്യോകോവിച്ചിന്റെ ശ്രമം. എട്ട് തവണ വിംബ്ൾഡൺ ജേതാവായ റോജർ ഫെഡററുടെ മികവിനൊപ്പമെത്താനും സെർബിയൻ താരത്തിന് ഒരു കിരീടദൂരം മാത്രമാണുള്ളത്. ഈ വർഷം ആസ്ട്രേലിയൻ, ഫ്രഞ്ച് ഓപൺ കിരീടങ്ങൾ ദ്യോകോവിച്ചിനായിരുന്നു. പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായതിനാൽ ദ്യോകോയുടെ പ്രധാന എതിരാളിയും മറ്റൊരു വെറ്ററൻ താരവുമായ സ്പെയിനിന്റെ റാഫേൽ നദാൽ കളിക്കുന്നില്ല.
ചാമ്പ്യൻഷിപ്പിൽ രണ്ടാം സീഡാണ് ദ്യോകോവിച്ച്. ലോക ഒന്നാം നമ്പർ താരമായ സ്പെയിനിന്റെ കാർലോസ് അൽകാറസാണ് ഒന്നാം സീഡ്. വിംബ്ൾഡണിന് മുമ്പ് പുൽക്കോർട്ടിലെ ടൂർണമെന്റായ ക്യൂൻസ് ചാമ്പ്യൻഷിപ്പിൽ അൽകാറസായിരുന്നു ജേതാവ്. ഭാവിയിൽ നിരവധി വിംബ്ൾഡൺ കിരീടങ്ങൾ നേടാൻ സാധ്യതയുള്ള താരമാണ് അൽകാറസ്. ദ്യോകോവിച്ചിന്റെ കുതിപ്പിന് തടയിടാൻ കരുത്തുള്ള കളിക്കാരനുമാണ് ഈ 20കാരൻ. റഷ്യയുടെ മൂന്നാം സീഡ് ഡാനിൽ മെദ്വദേവ് ഈ കോർട്ടിൽ ഇതുവരെ നാലാം റൗണ്ടിനപ്പുറം കടന്നിട്ടില്ല. നോർവെയുടെ കാസ്പർ റൂഡാണ് പുരുഷന്മാരിലെ നാലാം സീഡ്. മുൻ ജേതാവും ബ്രിട്ടന്റെ വെറ്ററൻ താരവുമായ ആൻഡി മറെയും റാക്കറ്റേന്തും. മറെക്കൊപ്പമാണ് ദ്യോകോവിച്ചിന്റെ പരിശീലനം. 43കാരനായ ഇന്ത്യൻ താരം മഹേഷ് ബൊപ്പണ്ണക്ക് പുരുഷ ഡബ്ൾസിൽ ആസ്ട്രേലിയയുടെ മാത്യു എബ്ഡനാണ് പങ്കാളി.
വനിതകളിൽ ‘ബിഗ് ത്രീ’
വനിതകളിൽ പ്രവചനാതീതമാണ് കാര്യങ്ങൾ. കഴിഞ്ഞ ആറ് വർഷമായി ആറ് വ്യത്യസ്ത ജേത്രികളാണുണ്ടായത്. സമീപകാലത്തെ വമ്പൻ പോരാട്ടം വനിത വിഭാഗത്തിൽ വിംബ്ൾഡണിലും തുടരും. പോളണ്ടിന്റെ ഇഗ സ്വൈറ്റക്, കസാഖ്സ്താന്റെ എലീന റിബാകിന, ബെലറൂസിന്റെ അരിന സബലെങ്ക എന്നിവരാണ് മൂന്ന് സൂപ്പർതാരങ്ങൾ. നിലവിലെ ജേത്രിയായ റിബാകിന മൂന്നാം സീഡാണ്. ഇഗയാണ് ഒന്നാം സീഡ്. കളിമണ്ണിലും ഹാർഡ് കോർട്ടിലും തിളങ്ങുന്ന ഇഗക്ക് സെന്റർ കോർട്ടിൽ ക്വാർട്ടർ ഫൈനലിനപ്പുറം പോകാനായിട്ടില്ല. വേഗവും ഗ്രൗണ്ട് സ്ട്രോക്കുകളുടെ കരുത്തും ഈ 22കാരിയെ വ്യത്യസ്തയാക്കുന്നു.
സബലെങ്ക രണ്ടാം സീഡും. ഫ്രഞ്ച് ഓപണിലും യു.എസ് ഓപണിലും ഇഗക്കായിരുന്നു കിരീടം. ആസ്ട്രേലിയൻ ഓപൺ സബലെങ്കക്കായിരുന്നു. 2021ൽ സബലെങ്ക വിംബ്ൾഡൺ സെമിഫൈനലിലെത്തിയിരുന്നു. ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് വിലക്കുള്ളതിനാൽ കഴിഞ്ഞ വർഷം മത്സരിക്കാനായില്ല. 2011ലും 14ലും കിരീടമണിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ യുവതാരങ്ങൾക്ക് ഭീഷണിയായേക്കുമ.
പ്രായം തളർത്താത്ത പോരാളി അമേരിക്കയുടെ വീനസ് വില്യംസ് ഇത്തവണയുമുണ്ട്. പ്രഫഷൻൽ ടെന്നിസിനോട് വിടപറഞ്ഞ ഇന്ത്യയുടെ സാനിയ മിർസ ലേഡീസ് ലെജൻഡ് വിഭാഗത്തിൽ ഡബ്ൾസിൽ മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.