‘തിരിച്ചുവരവിലെ പ്രണോയിസം’; പരിക്കുകളോടും ആരോഗ്യ പ്രശ്നങ്ങളോടും പോരാടി കോർട്ടിൽ മടങ്ങിയെത്തി,ലോക ചാമ്പ്യൻഷിപ് മെഡലും
text_fieldsകോപൻഹേഗൻ: പരിക്കുകളോടും ആരോഗ്യ പ്രശ്നങ്ങളോടും പോരാടി തിരിച്ചുവന്ന ഇന്ത്യയുടെ മലയാളി സൂപ്പർ താരം എച്ച്.എസ്. പ്രണോയ്, ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലും മെഡൽ സ്വന്തമാക്കി. ഫൈനലിലേക്കുള്ള യാത്രയിൽ തായ്ലൻഡുകാരൻ കുൻലാവുത് വിഡിദ്സരണിനു മുന്നിൽ സെമി ഫൈനലിൽ വീണെങ്കിലും ഇക്കുറി ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഭിമാനം കാത്തത് പ്രണോയിയാണ്. സെമിയിലെ തോൽവിയോടെ വെങ്കലവുമായാണ് തിരുവനന്തപുരം സ്വദേശിയുടെ മടക്കം. ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ മലയാളിയുമായി.
സഹതാരങ്ങളിലാരും ക്വാർട്ടർ ഫൈനലിനപ്പുറത്തേക്കെത്തിയില്ല. തന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് പരിശീലകർക്കാണ് പ്രണോയ് സമർപ്പിക്കുന്നത്. ‘‘കോർട്ടിനു പുറത്ത്, എന്റെ ശക്തിയും കണ്ടീഷനിങ് കോച്ചുമായ രോഹൻ ജോർജ് മാത്യുവിനൊപ്പം ഞാൻ കഴിഞ്ഞ 2-3 വർഷമായി പരിശീലനം നടത്തുന്നു. ഇത് ശരീരത്തെ മനസ്സിലാക്കുന്നതിൽ വിജയിച്ചു. കളിയിൽ നല്ല പുരോഗതിയുണ്ട്’’ -31കാരൻ പറഞ്ഞു.
‘‘കോർട്ടിൽ ഗോപി സാറും (പുല്ലേല ഗോപിചന്ദ്) ഗുരു ഭയ്യയും (ആർ.എം.വി ഗുരുസായിദത്ത്) ചേർന്ന് ഞങ്ങൾക്ക് പരിശീലനവും പദ്ധതികളും തയാറാക്കി. പരിശീലനത്തിൽ സ്വയം മുന്നോട്ടു കൊണ്ടുപോകുന്നതിലും സുഖം തോന്നുന്നില്ലെങ്കിൽ പിന്മാറുന്നതിലും ഞാൻ മടികാണിക്കാറില്ല. ഈ തീരുമാനങ്ങൾ പരിശീലകർ വിവേകപൂർവം എടുത്തതാണ്’’ -പ്രണോയ് തുടർന്നു.
2020 നവംബറിൽ കോവിഡ് ബാധിച്ച പ്രണോയ്, അൾട്രാഹ്യൂമൻ എം1 പാച്ച് ഉപയോഗിച്ച് ഗ്ലൂക്കോസ് അളവ് നിരീക്ഷിക്കാൻ തുടങ്ങി. ദഹനസംബന്ധമായ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയപ്പോൾ ഭക്ഷണക്രമം ക്രമീകരിക്കുന്നതിനായി ബംഗളൂരു ആസ്ഥാനമായ ഇൻവിക്ടസ് ഹൈ പെർഫോമൻസ് ലാബിന്റെ സഹായം തേടി.
ഇടക്കിടെ അലട്ടിയ പരിക്കുകളും ഭേദമായായിരുന്നു കോർട്ടിലേക്ക് മടക്കം. മലേഷ്യൻ ഓപൺ കിരീടം, ആസ്ട്രേലിയൻ ഓപൺ റണ്ണറപ് തുടങ്ങിയ നേട്ടങ്ങളുമായാണ് പ്രണോയ് കോപൻ ഹേഗനിലെത്തിയത്. നിലവിൽ ലോക ഒമ്പതാം നമ്പർ താരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.