ഉയരെ ഉയരെ ഒരേയൊരു ബർഷിം
text_fieldsദോഹ: ചൊവ്വാഴ്ച രാവിലെ ദോഹയിൽ സൂര്യൻ ഉദിച്ചുയരുമ്പോൾ, അമേരിക്കയിലെ യൂജിൻ അസ്തമന കലയും കടന്ന് ഇരുട്ടിലേക്ക് നീങ്ങുകയായിരുന്നു. അപ്പോൾ, ഹെയ്വാഡ് സ്റ്റേഡിയത്തിലെ ഫ്ലഡ്ലിറ്റ് വെള്ളിവെളിച്ചത്തിനു കീഴിൽ ഖത്തറിന്റെ പൊൻ താരം മുഅതസ് ബർഷിം ക്രോസ്ബാറിന് മുകളിൽ കുതിച്ചുയരുന്നത് കാണാൻ അറേബ്യൻ പെനിൻസുലയിലെ ഇത്തിരിപ്പോന്ന രാജ്യം നേരത്തെ ഉണർന്ന് കാത്തിരുന്നു. ആ കാത്തിരിപ്പുകൾ ഇക്കുറിയും വെറുതെയായില്ല.
നിറഗാലറിയും, ഒപ്പം പോരാടാൻ എതിരാളികളും, മുന്നിൽ ലക്ഷ്യം നിശ്ചയിച്ചൊരു ക്രോസ്ബാറുമുണ്ടെങ്കിൽ വിഖ്യാതമായ 'ഫോസ്ബറി േഫ്ലാപ്പ്' ശൈലിയിൽ ഊർന്നിറങ്ങുന്നത് പതിവാക്കിയ ബർഷിം യൂജിനിലും ലക്ഷ്യം തൊട്ടു. ആവേശകരമായ അങ്കത്തിൽ എതിരാളികൾക്കൊന്നും ഇടം നൽകാതെയായിരുന്നു ബർഷിമിന്റെ ഓരോ ചാട്ടങ്ങളും. ഒടുവിൽ എല്ലാവരും പരാജയപ്പെട്ട ഉയരമായ 2.37 മീറ്റർ ചാടി ഖത്തറിന്റെ ചാമ്പ്യൻതാരം ലോകചാമ്പ്യൻഷിപ്പിൽ തന്റെ മൂന്നാം സ്വർണം സ്വന്തമാക്കി ചരിത്രവും കുറിച്ചു. ലോക അത്ലറ്റിക്സിൽ തുടർച്ചയായി മൂന്ന് ഹൈജംപ് സ്വർണം നേടുന്ന താരവുമായി.
ഒളിമ്പിക്സിലും ലോകചാമ്പ്യൻഷിപ്പിലും ഏഷ്യൻ ഗെയിംസിലുമെല്ലാം മാറിമാറി ഉയരങ്ങളിലേക്ക് പറന്ന് വിജയങ്ങൾ ശീലമാക്കിയാണ് ബർഷിം യൂജിനിലുമെത്തിയത്. നേരത്തേ, 2017 ലണ്ടനിലും, 2019ൽ ദോഹയിലും പൊന്നണിഞ്ഞിരുന്നു. 2013 മോസ്കോ ലോകചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടി. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സിലെ സ്വർണത്തിന് പുറമെ, 2012 ലണ്ടനിലും 2016 റിയോയിലും വെള്ളിയും സ്വന്തമാക്കി ഹൈജംപിൽ ബർഷിം എതിരാളികളില്ലാത്ത താരമായി മാറി. ഏഷ്യൻ ഗെയിംസ്, വേൾഡ് ഇൻഡോർ, ഏഷ്യൻ ഇൻഡോർ, പാൻ അറബ് തുടങ്ങി കൊയ്തെടുത്ത സ്വർണങ്ങളുടെ എണ്ണം നിരവധിയാണ്.
ദോഹയിലെ ഒരു സുഡാനി കുടുംബത്തിൽ 1991 ജൂൺ 24നായിരുന്നു ബർഷിമിന്റെ ജനനം. അഞ്ചുആൺകുട്ടികളും ഒരു പെൺകുട്ടിയുമടങ്ങുന്ന കുടുംബത്തിൽ നിന്നും നല്ലൊരു അത്ലറ്റായ പിതാവിന്റെ കൈപിടിച്ച് ട്രാക്കിലിറങ്ങിയ ബർഷിം പിന്നെ ഉയരങ്ങളുമായി കൂട്ടായി. ഓട്ടവും ലോങ്ജംപുമായിരുന്നു ആദ്യ ഇനങ്ങളെങ്കിൽ 15ാം വയസ്സിൽ ഹൈജംപ് സീരിയസായി. ആസ്പെയർ സ്പോർട്സ് അക്കാദമിയിൽ ചേർന്നതോടെയാണ് വിജയകഥ തുടങ്ങുന്നത്. 2009ൽ ആസ്പെയറിലെ പരിശീലനം പൂർത്തിയാക്കി, അപ്പോൾ മികച്ച ഉയരം 2.14 മീറ്റർ ആയിരുന്നു. ഇതിനിടെയാണ് നിലവിലെ കോച്ച് സ്റ്റാനിസ്ലാവിനെ കണ്ടുമുട്ടുന്നത്. പതിറ്റാണ്ടിലേറെയായി പിതാവിനെയും മകനെയും പോലെയാണ് പോളണ്ടുകാരനായ സ്റ്റാനിയും 31കാരനായ ബർഷിമും. 2009ൽ തുടങ്ങിയ കൂട്ട് ഇന്നും തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.