നാലാം വയസ്സിൽ ചെസ് കളിച്ചു തുടങ്ങി; കളിച്ചു കളിച്ചു ലോക ചാമ്പ്യനായി
text_fieldsനാലാം വയസ്സിൽ ചെസ് കളിച്ചുതുടങ്ങിയതാണ്. കളിച്ചുകളിച്ച് കളി കാര്യമായെന്നു പറയുന്നപോലെയാണ് ഡിങ് ലിറെന്റെ കഥ. കളി കാര്യമായപ്പോൾ പിന്നെ ചാമ്പ്യൻപട്ടങ്ങളിലായി ശ്രദ്ധ. ലോക ചെസ് ചാമ്പ്യൻഷിപ്പിലും ഇത്തവണ ചാമ്പ്യൻ പട്ടത്തിൽ കുറഞ്ഞതൊന്നും ലിറെൻ പ്രതീക്ഷിച്ചിരുന്നില്ല. 1992 ഒക്ടോബർ 24ന് ചൈനയിലെ ഷേജിയാങ്ങിലെ വെൻഷുവിലാണ് ജനനം. ചെറുപ്രായത്തിൽ തന്നെ ചെസിലുള്ള ഡിങ് ലിറെന്റെ വേഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛനാണ് ലിറെനെ ചെസ് കളിക്കാൻ പഠിപ്പിച്ചത്.
പുസ്തകങ്ങൾ വായിച്ചും മറ്റും ചെസിൽ വലിയ പ്രാവീണ്യം നേടാനും ശ്രമിച്ചു. തന്റെ ഗ്രാമത്തിലെ കുട്ടികളുമൊത്ത് മത്സരത്തിൽ ഏർപ്പെടുകയും അവരെ പരാജയപ്പെടുത്തുന്നതിൽ ആനന്ദം കണ്ടെത്തുന്നതുമായിരുന്നു ചെറുപ്പകാലത്തെ പ്രധാന വിനോദങ്ങൾ. ഒമ്പതാം വയസ്സിലാണ് ആദ്യ ദേശീയ യൂത്ത് ചാമ്പ്യൻഷിപ് നേടിയത്. ചെസിലെ മകന്റെ കഴിവ് മനസ്സിലാക്കിയ രക്ഷിതാക്കളാണ് ചെസ് പഠിപ്പിക്കുന്ന പ്രഫഷനൽ സ്കൂളിൽ ചേർത്തത്. ജനങ്ങൾക്കിടയിൽ ലഭിച്ച താരപരിവേഷം പിന്നീട് അന്താരാഷ്ട്ര തലത്തിലെത്താനും ലിറെന് അധികസമയം വേണ്ടിവന്നിട്ടില്ല. 16ാം വയസ്സിൽ ഗ്രാൻഡ് മാസ്റ്ററാവുകയും ചെയ്തു. ഇൗ പദവി കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളെന്ന നേട്ടവും ലിറെന് സ്വന്തമാവുകയായിരുന്നു.
ചൈനീസ് ചെസ് ചാമ്പ്യൻഷിപ്, മോസ്കോ ഒാപൺ, ഡൗൺ ഷോ സൂപ്പർ ജി.എം ടൂർണമെന്റ് എന്നിവ നേടിയിട്ടുണ്ട്. 2011ൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വിജയിച്ചിരുന്നു. 2013ലും ’15ലുമാണ് മോസ്കോ ചാമ്പ്യൻഷിപ്പിൽ കിരീടം സ്വന്തമാക്കിയത്. ചൈനയെ പ്രതിനിധാനം ചെയ്ത് നിരവധി മത്സരങ്ങളിൽ സ്വർണം കരസ്ഥമാക്കാൻ ലിറെനായിട്ടുണ്ട്. തന്ത്രങ്ങൾ മെനയുന്നതിലെ ലിറെന്റെ കഴിവു തന്നെയാണ് പലപ്പോഴും ചെസ് മത്സരം ശ്രദ്ധിക്കുന്നവരെല്ലാം ചർച്ച ചെയ്തിരുന്നത്. ലോക ചെസ് ചാമ്പ്യൻഷിപ്പിലെ 13ാം റൗണ്ട് മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ റഷ്യയുടെ നെപോംനിയാഷിക്കും ലിറെനും ഏഴു പോയന്റാണ് ഉണ്ടായിരുന്നത്. മത്സരം ടൈബ്രേക്കറിൽ എത്തിയപ്പോൾ ആരാകും ഇത്തവണത്തെ ചാമ്പ്യനെന്നതിൽ ചെസ് പ്രേമികളും ഏറെ ആകാംക്ഷഭരിതരായിരുന്നു. അതിനു വിരാമമിട്ട് ലിറെൻ ചാമ്പ്യൻപട്ടം എടുത്തണിയുകയാണ്.
ഡിങ് ലിറെനെ പോലെ നെപോംനിയാഷിയും അഞ്ചാം വയസ്സിലാണ് ചെസ് കളിച്ചുതുടങ്ങിയത്. 2000ത്തിൽ അണ്ടർ 10 ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ആദ്യ കിരീടം സ്വന്തമാക്കി. 20ാം വയസ്സിൽ റഷ്യൻ ചാമ്പ്യൻഷിപ് സൂപ്പർ ഫൈനൽ ജേതാവാകുകയും റഷ്യയിലെ തന്നെ മികച്ച ചെസ് താരമായി അറിയപ്പെടുകയും ചെയ്തു. 2021 കാൻഡിഡേറ്റ്സ് ടൂർണമെന്റിലും ജേതാവായി. റഷ്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ചും യുക്രെയ്ൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഒരു തുറന്ന കത്തിൽ 32കാരനായ നെപോംനിയാഷി ഒപ്പിട്ടത് ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.