‘സചിനേക്കാളും എന്നേക്കാളും മികച്ചവൻ...’; എക്കാലത്തെയും പ്രതിഭാധനനായ കളിക്കാരനെ വെളിപ്പെടുത്തി ബ്രയൻ ലാറ
text_fieldsലോകം കണ്ട മികച്ച ബാറ്റർമാരായാണ് ഇന്ത്യയുടെ സചിൻ ടെണ്ടുൽക്കറിനെയും വെസ്റ്റിൻഡീസിന്റെ ബ്രയൻ ലാറയെയും പരിഗണിക്കുന്നത്. ക്രിക്കറ്റിലെ നിരവധി റെക്കോഡുകളാണ് ഇരുവരും സ്വന്തം പേരിലാക്കിയിട്ടുള്ളത്. ടെസ്റ്റിലും (15,921) ഏകദിനത്തിലും (18,426) ഏറ്റവും വലിയ റൺവേട്ടക്കാരനാണ് സചിനെങ്കിൽ ടെസ്റ്റിലും ഫസ്റ്റ് ക്ലാസ് മത്സരത്തിലും ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ റൺസ് നേടിയതിന്റെ റെക്കോഡ് ലാറയുടെ പേരിലാണ്. ടെസ്റ്റിൽ 400, ഫസ്റ്റ് ക്ലാസ് മത്സരത്തിൽ 501 എന്നിങ്ങനെയാണ് ലാറയുടെ ഉയർന്ന സ്കോറുകൾ. ലോകത്തെ ഏറ്റവും മികച്ച ബാറ്ററെന്നാണ് ലാറ സചിനെ വിശേഷിപ്പിക്കുന്നത്, സചിൻ തിരിച്ചും.
എന്നാൽ, തന്നേക്കാളും സചിനേക്കാളും പ്രതിഭാധനനായ താരത്തെ വെളിപ്പെടുത്തിയിരിക്കുകയാണ് ലാറയിപ്പോൾ. വെസ്റ്റിൻഡീസ് ടിമിൽ സഹതാരമായിരുന്ന കാൾ ഹൂപ്പറെയാണ് ലാറ തെരഞ്ഞെടുത്തിരിക്കുന്നത്.
‘ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായിരുന്നു കാൾ. ഞാനും സചിനും പോലും ആ പ്രതിഭയുടെ അടുത്തെത്തില്ലെന്ന് ഞാൻ പറയും. അദ്ദേഹത്തിന്റെ കരിയർ പരിശോധിക്കുമ്പോൾ കളിക്കാരനിൽനിന്ന് ക്യാപ്റ്റനെ വേർതിരിക്കുക, അദ്ദേഹത്തിന്റെ കണക്കുകൾ വളരെ വ്യത്യസ്തമാണ്. ക്യാപ്റ്റനെന്ന നിലയിൽ അദ്ദേഹത്തിന്റെ ശരാശരി 50നടുത്താണ്. അതിനാൽ അദ്ദേഹം ആ ഉത്തരവാദിത്തം ആസ്വദിച്ചു. ഒരു ക്യാപ്റ്റനെന്ന നിലയിൽ മാത്രമാണ് അദ്ദേഹം തന്റെ യഥാർഥ കഴിവുകൾ നിറവേറ്റിയതെന്നത് സങ്കടകരമാണ്’ -പുതുതായി പുറത്തിറങ്ങുന്ന പുസ്തകത്തിൽ ലാറ കുറിച്ചു.
അടുത്തിടെ തന്റെ 400 റൺസെന്ന റെക്കോഡ് മറികടക്കാൻ കഴിയുന്ന താരങ്ങളെ ലാറ വെളിപ്പെടുത്തിയിരുന്നു. തന്റെ കാലഘട്ടത്തിൽ റെക്കോഡിന് വെല്ലുവിളിയുയർത്തുകയോ 300 കടക്കുകയോ ചെയ്ത താരങ്ങളായിരുന്നു വിരേന്ദർ സെവാഗ്, ക്രിസ് ഗെയിൽ, ഇൻസമാമുൽ ഹഖ്, സനത് ജയസൂര്യ തുടങ്ങിയവരെന്നും എന്നാൽ, നിലവിൽ ഇന്ത്യൻ താരങ്ങളായ യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഇംഗ്ലീഷ് താരങ്ങളായ ഹാരി ബ്രൂക്, സാക് ക്രോളി എന്നിവരാണ് അത് മറികടക്കാൻ കഴിവുള്ളവരെന്നുമായിരുന്നു ലാറയുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.