പ്രതികാര രാഷ്ട്രീയം കളിക്കില്ലെന്ന് ബ്രിജ്ഭൂഷൺ
text_fieldsപ്രതികാര രാഷ്ട്രീയം കളിക്കില്ലെന്നും പ്രതിഷേധിക്കുന്ന ഗുസ്തിക്കാർ മത്സരരംഗത്ത് തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവരോട് എല്ലാ നീതിയോടും പെരുമാറുമെന്നും ബ്രിജ്ഭൂഷൺ ശരൺ സിങ്. ‘‘പക്ഷപാതമില്ല. എല്ലാവർക്കും ഡബ്ല്യുഎഫ്ഐയിൽനിന്ന് പിന്തുണ ലഭിക്കും.
ഗുസ്തിക്കാരുടെ പിഴവുകളല്ല മികവാണ് നോക്കേണ്ടത്. പിഴവുകൾ കാരണം അവർ പ്രയാസപ്പെടുകയാണെങ്കിൽ ഫെഡറേഷൻ ഇടപെടും’’ -ബ്രിജ്ഭൂഷൺ വാർത്ത ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞ എട്ടു മാസത്തോളമായി കഷ്ടത അനുഭവിച്ച രാജ്യത്തെ ആയിരക്കണക്കിന് ഗുസ്തിക്കാരുടെ വിജയമാണിതെന്നും രാഷ്ട്രീയത്തോട് രാഷ്ട്രീയംകൊണ്ടും ഗുസ്തിയോട് ഗുസ്തികൊണ്ടും പ്രതികരിക്കുമെന്ന് വിജയപ്രഖ്യാപനത്തിന് ശേഷം സഞ്ജയ് സിങ് പറഞ്ഞു.
ഗുരുതര ലൈംഗികാരോപണങ്ങൾ; തെരഞ്ഞെടുപ്പിലും തോറ്റ് നീതി
ഡബ്ല്യു.എഫ്.ഐ മേധാവി ബ്രിജ് ഭൂഷൺ സിങ് ശരണിനെതിരെ ലൈംഗിക ചൂഷണവും ഭീഷണിയും ആരോപിച്ച് 2023 ജനുവരി 18നാണ് ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ പ്രക്ഷോഭം തുടങ്ങിയത്. അന്താരാഷ്ട്ര മെഡൽ ജേതാക്കളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, അൻഷു മാലിക്, ബജ്റംഗ് പുനിയ തുടങ്ങിയ 30ഓളം പേരായിരുന്നു സമരക്കാർ. ബ്രിജ്ഭൂഷൺ രാജിവെക്കണമെന്നും ഫെഡറേഷൻ പിരിച്ചുവിടണമെന്നുമായിരുന്നു ആവശ്യം. ആരോപണങ്ങൾ അന്വേഷിക്കാൻ അന്വേഷണ കമ്മിറ്റി രൂപവത്കരിക്കണമെന്നും ഗുസ്തിതാരങ്ങളുമായി കൂടിയാലോചിച്ച് ഫെഡറേഷൻ പ്രവർത്തിപ്പിക്കുന്നതിന് പുതിയ കമ്മിറ്റിയെ നിയമിക്കണമെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷക്ക് അയച്ച കത്തിലും ഇവർ ആവശ്യപ്പെട്ടു. ലൈംഗിക പീഡന ആരോപണങ്ങൾ അന്വേഷിക്കാൻ എം.സി മേരി കോമും യോഗേശ്വർ ദത്തും ഉൾപ്പെടെ ഏഴംഗ സമിതിക്ക് ഐ.ഒ.എ രൂപം നൽകി. 21ന് കായിക മന്ത്രി അനുരാഗ് ഠാകുറിനെ കണ്ട ശേഷം പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചു.
ബി.ജെ.പി ലോക്സഭാംഗം കൂടിയായ ബ്രിജ്ഭൂഷൺ ആരോപണങ്ങൾ നിഷേധിക്കുകയാണ് ചെയ്തത്. മേയ് ഏഴിന് ഫെഡറേഷനിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപനം വന്നു. പെൺകുട്ടികളുൾപ്പെടെ ഏഴ് ഗുസ്തി താരങ്ങൾ ബ്രിജ്ഭൂഷണെതിരെ പൊലീസ് സ്റ്റേഷനിൽ ലൈംഗിക പീഡന പരാതി നൽകിയിട്ടും കേസെടുത്തില്ല. തുടർന്ന് ഇവർ സുപ്രീംകോടതിയിലുമെത്തി. ഏപ്രിലിൽ വീണ്ടും പ്രക്ഷോഭം തുടങ്ങി ഗുസ്തിതാരങ്ങൾ. മേയ് മൂന്നിന് പ്രക്ഷോഭകരെ പൊലീസ് കൈകാര്യം ചെയ്തു. ഇതിനിടെ ബ്രിജ്ഭൂഷണെതിരെ കേസെടുത്തു. ഹൈകോടതി ബ്രിജ്ഭൂഷണിന് ഇടക്കാല ജാമ്യവും അനുവദിച്ചു. തെരഞ്ഞെടുപ്പിൽ ബ്രിജ്ഭൂഷണോ ബന്ധുക്കളോ മത്സരിക്കില്ലെന്ന കായിക മന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. പലതവണ മാറ്റിവെച്ച വോട്ടെടുപ്പിൽ ബ്രിജ്ഭൂഷൺ പാനൽ വൻ ജയം നേടിയതോടെ അനീതി ചൂണ്ടിക്കാട്ടി ഒളിമ്പിക് മെഡൽ ജേതാവ് സാക്ഷി മലിക് വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.