ബ്രിജ് ഭൂഷന്റെ ആളുകൾ എന്റെ അമ്മയെ ഭീഷണിപ്പെടുത്തുന്നു; അനുഭവിക്കുന്നത് വലിയ മാനസിക സമ്മർദം -സാക്ഷി മാലിക്
text_fieldsന്യൂഡൽഹി: റെസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ(ഡബ്ല്യു.എഫ്.ഐ) മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ ആളുകൾ തന്റെ അമ്മയെ ഭീഷണിപ്പെടുത്തുന്നതായി ഗുസ്തി താരം സാക്ഷി മാലിക്. അമ്മക്ക് നിരന്തരം വധഭീഷണി സന്ദേശങ്ങൾ അയക്കുന്ന ബ്രിജ് ഭൂഷന്റെ ആളുകൾ തനിക്കെതിരെ കേസുകൾ എടുക്കുമെന്ന് അമ്മയെ ഭീഷണിപ്പെടുത്തുകയാണെന്നും സാക്ഷി മാലിക് ആരോപിച്ചു. സർക്കാർ സുരക്ഷയൊരുക്കണമെന്നും സാക്ഷി ആവശ്യപ്പെട്ടു. വാർത്ത സമ്മേളനത്തിനിടെയായിരുന്നു സാക്ഷിയുടെ വെളിപ്പെടുത്തൽ.
''വനിത ഗുസ്തി താരങ്ങളുടെ സുരക്ഷക്ക് വേണ്ടിയായിരുന്നു ഞങ്ങളുടെ പോരാട്ടം. ഇപ്പോൾ ഞങ്ങളുടെ സുരക്ഷ തന്നെ ഭീഷണിയിലാണ്. ഞങ്ങളുടെ കുടുംബങ്ങൾ ഭയപ്പാടിലാണ്. വളരെ ദുഃഖകരമായ അവസ്ഥയാണിത്.''-സാക്ഷി പറഞ്ഞു. എന്നെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് അവർ പ്രചരിപ്പിക്കുന്നത്.നിങ്ങളുടെ വീടുകളിലും എന്നെ പോലുള്ള പെൺമക്കളും സഹോദരിമാരും ഇല്ലേയെന്നാണ് അവരോട് എനിക്ക് ചോദിക്കാനുള്ളത്. ദയവായി ഈ കുപ്രചാരണം അവസാനിപ്പിക്കൂ.-സാക്ഷി ആവശ്യപ്പെട്ടു.
ബ്രിജ് ഭൂഷണും അനുയായികൾക്കും പിന്തുണയുമായി ജൂനിയർ ഗുസ്തിതാരങ്ങൾ ജന്തർ മന്ദിറിൽ പ്രതിഷേധം നടത്തുന്നതിനെയും സാക്ഷി വിമർശിച്ചു. പുതിയ ഡബ്ല്യു.എഫ്.ഐ കമ്മിറ്റിയെ എതിർക്കുന്ന സാക്ഷിയും വിനേഷ് ഫോഗട്ടും ബജ്റംഗ് പൂനിയയും അടക്കമുള്ള ഗുസ്തിതാരങ്ങളോടാണ് ജൂനിയർ താരങ്ങളുടെ പ്രതിഷേധം.
ഈ പ്രതിഷേധം ബ്രിജ് ഭൂഷന്റെ ക്യാമ്പിന്റെ പ്രൊപ്പഗണ്ടയാണെന്നായിരുന്നു സാക്ഷിയുടെ വിമർശനം. ബ്രിജ് ഭൂഷൺ വളരെ സ്വാധീനമുള്ള വ്യക്തിയാണെന്ന് ഞങ്ങൾക്കറിയാം. എന്നാൽ എത്രത്തോളം ശക്തനാണെന്ന കാര്യത്തിൽ ഞങ്ങൾക്ക് ധാരണയില്ലായിരുന്നു. ഇപ്പോൾ ജൂനിയർ ഗുസ്തിതാരങ്ങളെ ഞങ്ങൾക്കെതിരെ തിരിച്ചുവിടുന്നയും ബ്രിജ് ഭൂഷന്റെ ഗൂഢോദ്ദേശ്യത്തോടെയുള്ള പ്രചാരണമാണ്. ഗുസ്തിയിൽ നിന്നു വിരമിച്ചുവെങ്കിലും കൂടുതൽ പെൺകുട്ടികൾ ഈ രംഗത്തേക്ക് കടന്ന് വന്ന് വിജയം കൈവരിക്കണമെന്നാണ് എന്റെ ആഗ്രഹം.-സാക്ഷി പറഞ്ഞു.
ഫെഡറേഷന്റെ പുതിയ അഡ്ഹോക് കമ്മിറ്റിയുമായി ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ബ്രിജ് ഭൂഷന്റെ വലംകൈയായ സഞ്ജയ് സിങ് പ്രസിഡന്റാകുന്നതിലാണ് എതിർപ്പ്.ഗുസ്തി രംഗത്തെ വനിത കായിക താരങ്ങളുടെ സുരക്ഷയും ഭാവിയും കരിനിഴലിലാണ്. സഞ്ജയ് സിങ് പ്രസിഡന്റായതോടെ ബ്രിജ് ഭൂഷന് തന്നെയാണ് ഫെഡറേഷനിൽ അധികാരം. അതിനാൽ അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്തരുതെന്നാണ് കായിക മന്ത്രാലയത്തോടുള്ള അപേക്ഷ.
പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെങ്കിലും ഗുസ്തിയിൽ നിന്ന് വിരമിച്ചു കഴിഞ്ഞു. എന്തുതന്നെ സംഭവിച്ചാലും ആ തീരുമാനത്തിന് മാറ്റമില്ലെന്നും ഗോദയിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നും ഭാവി തലമുറക്കായാണ് തന്റെ പോരാട്ടമെന്നും സാക്ഷി മാലിക് കൂട്ടിച്ചേർത്തു.
ഡബ്ല്യു.എഫ്.ഐ പ്രസിഡന്റായി ബ്രിജ് ഭൂഷന്റെ അനുയായി സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് സാക്ഷി മാലിക് ഗോദ വിട്ടത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കേന്ദ്ര കായികമന്ത്രാലയം പുതിയ ഗുസ്തി ഫെഡറേഷനെ സസ്പെൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.