നീന്തൽ കുളങ്ങളിൽ വിസ്മയം തീർത്ത് സഹോദരങ്ങൾ
text_fieldsപൊന്നാനി: നീന്തൽ കുളങ്ങളിൽ വിസ്മയം പെയ്യിക്കുകയാണ് പൊന്നാനിക്കാരായ കുഞ്ഞു സഹോദരങ്ങൾ. ഗൾഫിലെ നീന്തൽകുളങ്ങളിൽ മെഡൽ വേട്ട സാധ്യമാക്കിയ റനീൻ ജാസിറും ഹയാൻ ജാസിറും നാട്ടിലെ കുളങ്ങളിലും മികവ് അടയാളപ്പെടുത്തി. ഓണാഘോഷത്തിന്‍റെ ഭാഗമായി പൊന്നാനി താലൂക്കിൽ നടന്ന വിവിധ നീന്തൽ മത്സരങ്ങളിൽ ശ്രദ്ധേയ പ്രകടനമാണ് ഇവർ കാഴ്ചവെച്ചത്. ചങ്ങരംകുളം ചിയാനൂർ മോഡേൺ ക്ലബ് നടത്തിയ നീന്തൽ മത്സരത്തിൽ ഇവരാണ് ജൂനിയർ വിഭാഗം ജേതാക്കൾ.
യു.എ.ഇയിലെ മിക്ക ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പുകളിലും റനീനും ഹയാനും സ്ഥിരം സാന്നിധ്യമാണ്. പങ്കെടുക്കുന്ന ഇനങ്ങളിലൊക്കെയും മെഡൽ ഉറപ്പാക്കിയിട്ടുണ്ട്. കടലിൽ നടക്കുന്ന ഓപൺ വാട്ടർ സ്വിമ്മിങ്ങിലും മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. ഫ്രീ സ്റ്റൈൽ, ബാക്ക് സ്ട്രോക്ക്, ബട്ടർഫ്ലൈസ്, ബ്രസ്റ്റ് സ്ട്രോക്ക് തുടങ്ങിയവയിൽ പരിശീലനം നേടിയിട്ടുണ്ട്.
ദുബൈയിൽ താമസക്കാരായ ഇവർ 2018 മുതൽ നീന്തൽ പരിശീലിക്കുന്നുണ്ട്. ജെംസ് ഗ്രൂപ്പിന്‍റെ അവർഓൺ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് റനീൻ. ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ അഞ്ചാം ക്ലാസുകാരനാണ് ഹയാൻ. വെസ്റ്റ് ഫോർഡ് സ്പോർട്സ് സർവിസ് സ്വിമ്മിങ് അക്കാദമിയിലാണ് പരിശീലനം. ഇന്ത്യൻ സെമി ടീം കോച്ച് പ്രദീപ് കുമാറിന്‍റെ കീഴിലായിരുന്നു ആദ്യകാല പരിശീലനം. ഇപ്പോൾ ഫിലിപ്പിനൊ കോച്ച് ജോസഫ്, ശ്രീലങ്കൻ കോച്ച് നിരോഷൻ എന്നിവരുടെ കീഴിൽ പരിശീലനം തുടരുന്നു. അഞ്ചാം ക്ലാസുകാരനായ ഹയാനാണ് നീന്തലിനെ കൂടുതൽ ഗൗരവത്തിലെടുക്കുന്നത്. ദിവസവും മൂന്ന് മണിക്കൂർ പരിശീലനം നടത്തുന്നുണ്ട് ഈ മിടുക്കൻ.
അവധിക്കാലത്ത് നാട്ടിലെത്തിയ ഇവർ അധിക സമയവും ചിലവിട്ടത് നാട്ടിൻപുറത്തെ കുളങ്ങളിലായിരുന്നു. റോളർ േസ്കറ്റിങ്ങിലും താരമാണ് ഹയാൻ. ഇവരുടെ സഹോദരി അഞ്ചു വയസ്സുകാരി നൗറിനും നീന്തൽ കുളത്തിൽ മികവറിയിച്ചിട്ടുണ്ട്. പൊന്നാനി സ്വദേശി കെ.വി. ജാസിറിന്‍റെയും നഫീസ നുസ്രത്തിന്‍റെയും മക്കളാണിവർ. മക്കളുടെ നീന്തൽ പരിശീലനത്തിന് മുഴുവൻ സമയ പിന്തുണയുമായി ഇവരുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.