അഖിലേന്ത്യ അന്തർ സർവകലാശാല വനിത അത്ലറ്റിക്സിൽ കാലിക്കറ്റ് റണ്ണറപ്പ്
text_fieldsഭുവനേശ്വർ: 81ാമത് അഖിലേന്ത്യ അന്തർ സർവകലാശാല വനിത അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാല റണ്ണറപ്പായി. ഭുവനേശ്വറിലെ കെ.ഐ.ടി.ടി സർവകലാശാല സ്റ്റേഡിയത്തിൽ നാലു ദിവസമായി നടന്ന മീറ്റിൽ 36.5 പോയന്റ് കരസ്ഥമാക്കിയാണ് കാലിക്കറ്റ് രണ്ടാമതെത്തിയത്. മംഗളൂരു സർവകലാശാലയാണ് (51) ചാമ്പ്യന്മാർ. പഞ്ചാബിലെ ലവ്ലി പ്രഫഷനൽ സർവകലാശാല (34) മൂന്നാമതുമെത്തി. എം.ജി സർവകലാശാല (26) ആറാമതും കേരള സർവകലാശാല (10) 17ാം സ്ഥാനത്തുമാണ്.
അവസാനദിവസം കാലിക്കറ്റിന്റെ ആരതി 400 മീ. ഹർഡിൽസിൽ റെക്കോഡോടെ സ്വർണം നേടി. 58.35 സെക്കൻഡിൽ ഓടിയെത്തിയ ആരതി 2018ൽ പെരിയാർ സർവകലാശാലയുടെ എം. ലോകനായകി സ്ഥാപിച്ച 59.15 സെക്കൻഡിന്റെ റെക്കോഡാണ് മറികടന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിനിയാണ് ആരതി. നേരത്തേ ട്രിപ്ൾ ജംപിൽ സ്വർണം നേടിയിരുന്ന കാലിക്കറ്റിന്റെ സാന്ദ്ര ബാബു ലോങ്ജംപിൽ വെങ്കലം കരസ്ഥമാക്കി.
4x400 മീ. മിക്സഡ് റിലേയിൽ എം.ജി സ്വർണവും കാലിക്കറ്റ് വെങ്കലവും നേടി. 3:27.07 സെക്കൻഡിൽ ഫിനിഷ് ചെയ്ത എം.ജിക്കായി എസ്. അക്ഷയ്, കെ. സ്നേഹ, ഗൗരിനന്ദന, ജെറിൻ ജോണി എന്നിവരാണ് ഇറങ്ങിയത്. വെള്ളി നേടിയ പഞ്ചാബിന് (3:27.71) പിന്നിൽ മൂന്നാമതെത്തിയ കാലിക്കറ്റിനായി (3:30.61) കെ.എച്ച്. റാഷിദ് ജബീൽ, ടി.ജെ. ജംഷീല, ആർ. ആതിര, പി. ബിപിൻ കുമാർ എന്നിവരാണ് ഓടിയത്. വനിതകളുടെ 4x400 മീ. റിലേയിൽ എം.ജി രണ്ടാമതെത്തി. ബിസ്മി ജോസഫ്, റിയമോൾ ജോയ്, കെ. സ്നേഹ, ഗൗരിനന്ദന എന്നിവരായിരുന്നു ടീമിലുള്ളത്. സേവ്യര്‍ പൗലോസ്, ശ്രീകാന്ത്, ജീഷ് കുമാര്‍ എന്നിവരായിരുന്നു കാലിക്കറ്റിന്റെ പരിശീലകർ. ദീപിക മാനേജറാണ്. സർവകലാശാല സിൻഡിക്കേറ്റ് കായിക സ്ഥിരംസമിതി കൺവീനർ അഡ്വ. ടോം കെ. തോമസ്, കായിക വിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. എം.ആർ. ദിനു എന്നിവരും ടീമിനൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.