പിതാവിന്റെ പാതയിൽ മുന്നേറി റാഹിൽ; കാലിക്കറ്റ് സർവകലാശാല അത്ലറ്റിക് മീറ്റ്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കായികവിഭാഗം ഡയറക്ടർ ഡോ. വി.പി. സക്കീർ ഹുസൈന്റെ മകൻ റാഹിൽ പി. സക്കീറിന് സ്വന്തം തട്ടകത്തിൽ നേട്ടം. സർവകലാശാല അത്ലറ്റിക് മീറ്റിൽ 100 മീറ്റർ ഹർഡ്ൽസിൽ റെക്കോഡോടെ പൊന്നണിഞ്ഞു. പൊലീസ് ടീമിലെ സഹദിെൻറ (14.51) റെക്കോഡാണ് റാഹിൽ തിരുത്തിയത്.
ഇന്ത്യൻ ടീം ഹെഡ് കോച്ച് പി.ബി. ജയകുമാറിന് കീഴിൽ പരിശീലിച്ച അതേ സ്റ്റേഡിയത്തിൽ 14 മിനിറ്റ് 33 സെക്കൻഡിലായിരുന്നു ഫിനിഷിങ്. 2021ൽ സംസ്ഥാന സ്കൂൾ മീറ്റിൽ 100 മീറ്ററിലും ലോങ്ജംപിലും വെള്ളി നേടിയായിരുന്നു തുടക്കം. പ്ലസ്ടു വിദ്യാർഥിയായിരിക്കെ 100 മീറ്റർ ഹർഡ്ൽസിലും വെള്ളി സ്വന്തമാക്കി. 2023ൽ സംസ്ഥാന സ്കൂൾ മീറ്റിൽ സ്വർണം നേടിയായിരുന്നു പിന്നീടുള്ള മുന്നേറ്റം. ഈ വർഷം സംസ്ഥാന അത്ലറ്റിക് മീറ്റിലും 110 മീറ്റർ ഹർഡ്ൽസിൽ ഒന്നാമനായി. ഈ വർഷം ഭുവനേശ്വറിൽ നടന്ന ജൂനിയർ നാഷനൽ മീറ്റിൽ ഹർഡ്ൽസിൽ വെള്ളി സ്വന്തമാക്കി.
പിതാവ് സക്കീർ ഹുസൈൻ 1992ൽ ജൂനിയർ നാഷൻസിൽ ലോങ്ജംപിൽ റെക്കോഡ് ജേതാവായിരുന്നു. ലോങ്ജംപ്, 4 x 100 മീറ്റർ റിലേ, 100 മീറ്റർ എന്നിവയിൽ മൂന്നു തവണ ദേശീയ തലത്തിൽ മത്സരിച്ചു. കാലിക്കറ്റ് സർവകലാശാലയിൽ നാലു തവണ ചാമ്പ്യനായി. റാഹിലിന്റെ കായികത്തുടർച്ച അന്തർദേശീയ തലത്തിലെ സാധ്യതകൾ കണക്കിലെടുത്ത് 400 മീറ്റർ ഹാർഡ്ൽസിൽ കേന്ദ്രീകരിക്കാൻ ആലോചനയുള്ളതായി സക്കീർ ഹുസൈൻ പറഞ്ഞു.
മൂന്നിയൂർ പാറക്കടവിലെ വടക്കേപ്പുറത്ത് വീട്ടിലാണ് താമസം. എം. തസ്ലീനയാണ് റാഹിലിന്റെ മാതാവ്. റന്ന സക്കീർ, റയ് ക്ക സക്കീർ എന്നിവർ സഹോദരങ്ങളാണ്. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഐഡിയൽ കടകശ്ശേരിയുടെ താരമായിരുന്ന റാഹിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ രണ്ടാം വർഷ ബി.കോം വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.