ചെ ചെസ് ഫെസ്റ്റിവലിന് തുടക്കം
text_fieldsതിരുവനന്തപുരം: കേരളം, ക്യൂബ സഹകരണത്തിന്റെ ഭാഗമായ ചെ അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവലിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയനും ക്യൂബയിലെ വനിത ഗ്രാൻഡ്മാസ്റ്റർ ലിസാൻന്ദ്ര തെരേസ ഓർഡസ് വാൽഡേസും ചേർന്ന് കരുനീക്കി മത്സരം ഉദ്ഘാടനം ചെയ്തു. കായിക മത്സരങ്ങൾ ദേശാന്തരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും അവ അതിർത്തികൾ ഭേദിച്ച് ലോകജനതക്കിടയിൽ ആഴ്ന്നിറങ്ങാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിശ്വപൗരനായ ചെഗുവേരയുടെ പേരിൽ ചെസ് മത്സരം സംഘടിപ്പിക്കുന്നത് ഉചിതമാണ്. ഒരു നൂറ്റാണ്ട് മുമ്പ് ലോക ചെസ് ചാമ്പ്യനായിരുന്ന കാപ്പ ബ്ലാങ്കയുടെ നാടാണ് ക്യൂബ. ഇന്നും ക്യൂബയിലെ ജനകീയ കായിക ഇനമാണ് ചെസ്. ഫിഡൽ കാസ്ട്രോയും ചെഗുവേരയുമെല്ലാം ചെസ് ഇഷ്ടപ്പെട്ടിരുന്നു.
നമ്മുടെ നാട്ടിലും ചെസിനും അതിനോട് സാമ്യമുള്ള ചതുരംഗത്തിനും വലിയ സ്വാധീനമുണ്ട്. ചതുരംഗക്കളിയുടെ ആവേശം ഉൾക്കൊണ്ട് താരാട്ടുപാട്ടുകൾ പോലും ഉണ്ടായ നാടാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ക്യൂബൻ അംബാസഡർ അലജാൻഡ്രോ സിമൻകാസ് മാരിൻ, ഡിലൻ ഇസിദ്രോ ബെർഡെയ്സ് ആസൺ, റോഡ്നി ഓസ്കാർ പെരെസ് ഗാർസിയ, ഏലിയർ മിറാൻഡ മെസ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, ചെസ് ഒളിമ്പ്യൻ പ്രഫ.എൻ.ആർ. അനിൽകുമാർ, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ, കായിക അഡീഷനൽ ചീഫ് സെക്രട്ടറി എ. ജയതിലക്, സ്പോർട്സ്-യുവജനകാര്യ അഡീഷനൽ ഡയറക്ടർ ഇ. ഷാനവാസ് ഖാൻ എന്നിവർ പങ്കെടുത്തു.
20 വരെ ഹോട്ടൽ ഹയാത്തിലാണ് മത്സരം. ചെസ് ലോകകപ്പിൽ രണ്ടാംസ്ഥാനം നേടിയ ആർ. പ്രഗ്നാനന്ദ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.