ഐ.പി.എൽ മാതൃകയിൽ ചെസ് ചാമ്പ്യൻസ് ലീഗ്; ദുബൈയിൽ അണിനിരക്കുന്നത് വമ്പൻ താരങ്ങൾ
text_fieldsദുബൈ: ലോകോത്തര ചെസ് താരങ്ങൾ അണിനിരക്കുന്ന പ്രഥമ ചെസ് ലോക ചെസ് ചാമ്പ്യൻസ് ലീഗിന് ദുബൈ വേദിയാകും. ഇന്ത്യയിൽ വൻ വിജയമായി മാറിയ ഐ.പി.എൽ, ഐ.എസ്.എൽ മാതൃകയിലാണ് ചെസ് ചാമ്പ്യൻസ് ലീഗും വിരുന്നെത്തുന്നത്. ഈ മാസം 21 മുതൽ ജൂലൈ രണ്ടു വരെയാണ് മത്സരങ്ങൾ നടക്കുക.
നിലവിലെ ലോക ചാമ്പ്യൻ ചൈനയുടെ ഡിങ് ഡിറെൻ, മുൻ ലോക ചാമ്പ്യൻ നോർവേക്കാരൻ മാഗ്നസ് കാൾസൻ, ഇന്ത്യൻ ഐക്കണും മുൻ ലോക ജേതാവുമായ വിശ്വനാഥൻ ആനന്ദ്, ചൈനീസ് വനിതാ താരം ഹു യിഫാൻ എന്നിവർ ഉൾപ്പെടെ 36 പ്രമുഖ താരങ്ങളാണ് ലീഗിൽ ഏറ്റുമുട്ടാനെത്തുക.
ദുബൈ ചെസ് ആൻഡ് കൾച്ചറൽ ക്ലബാണ് പ്രഥമ ചാമ്പ്യൻസ് ലീഗിന് വേദിയൊരുക്കുന്നത്. ഇൻഷുർകോട്ട് സ്പോർട്സ് (ഐ.എസ്.പി.എൽ), ത്രിവേണി കോണ്ടിനെന്റൽ കിങ്സ്, എസ്.ജി. വാരിയേർസ്, ചിംഗരി ഗൾഫ് ടൈറ്റൻസ്, അപ്ഗ്രേഡ് മുംബാ മാസ്റ്റേഴ്സ്, ബാലൻ അലാസ്കൻ നൈറ്റ്സ് എന്നീ ആറ് ജി.സി.എൽ ഫ്രാഞ്ചൈസികളാണ് പ്രഥമ ചാമ്പ്യൻസ്ലീഗിൽ പങ്കെടുക്കുന്നത്. ഐ.പി.എൽ മാതൃകയിൽ ഐക്കൺസ്, സൂപ്പർസ്റ്റാർസ് മെൻസ്, സൂപ്പർസ്റ്റാർസ് വുമൺ, പ്രൊഡിജീസ് എന്നീ നാലു വിഭാഗങ്ങളിലായി കളിക്കാരെ വേർതിരിക്കും.
താരങ്ങളുടെ ആദ്യ ലേലം കഴിഞ്ഞ ദിവസം മുംബൈയിൽ നടന്നു. അഞ്ചു തവണ ലോക ചെസ് ചാമ്പ്യനും റാങ്കിങ്ങിൽ ഒന്നാമനുമായ മാഗ്ന കാൾസനെ എസ്.ജി ആൽപിൻ വാരിയേഴ്സ് സ്വന്തമാക്കിയപ്പോൾ ഗാങ്സ് ഗ്രാൻഡ്മാസ്റ്റേഴ്സിന് ഒപ്പമാണ് വിശ്വനാഥൻ ആനന്ദ്. ത്രിവേണി കോണ്ടിനെന്റലുമായാണ് നിലവിലെ ലോക ചാമ്പ്യൻ ഡിങ് ഡിറൻ കരാറിലെത്തിയത്. ഗ്രാന്റ് മാസ്റ്റർ ജാൻ-ക്രിസ്സ്റ്റോഫ് ഡൂഡയെ ചിംഗരി ഗൾഫ് ടൈറ്റനും ഗ്രാന്റ്മാസ്റ്റർ ഇയാൻ നെപോമ്നിയാചിയെ ബാലൻ നൈറ്റ്സും സ്വന്തമാക്കി.
മാക്സിം വാച്ചിയർ ലാഗ്രേവ് ആണ് അപ്ഗ്രേഡ് മുംബ മാസ്റ്റേഴ്സിന്റെ ഐക്കൺ പ്ലയർ. രണ്ട്, മൂന്ന്, നാല് കാറ്റഗറികളിൽ നിന്നായി ഐക്കൺ താരങ്ങളെ തെരഞ്ഞെടുക്കാൻ ഓരോ ടീമിനും 1000 പോയിന്റുകൾ വീതമാണ് അനുവദിച്ചിരുന്നത്. ഐക്കണിന് ശേഷം സൂപ്പർസ്റ്റാർസ് മെൻ, സൂപ്പർസ്റ്റാർസ് വുമൺ, പ്രൊഡിജീസ് എന്നീ വിഭാഗങ്ങളിലായി താരങ്ങളെ തെരഞ്ഞെടുക്കാം.
ഓരോ ടീമിലും ആറ് കളിക്കാർ വീതം ഉണ്ടാകും. 10 മത്സരങ്ങൾ വീതം ഓരോ ടീമും കളിക്കണം. ഓരോ ടീമിലും രണ്ടു വനിത താരങ്ങളും ഒരു ഐക്കൺ താരവുമാണ് ഉണ്ടാവുക. 14 രാജ്യങ്ങളിൽ നിന്നുള്ള ലീഡിങ് താരങ്ങളാണ് ചാമ്പ്യൻസ് ലീഗിൽ കരുക്കൾ നീക്കുക. ഒരു ദശലക്ഷം യു.എസ്. ഡോളറാണ് ചാമ്പൻസ് ലീഗിന്റെ ജേതാക്കൾക്ക് ലഭിക്കുക.
ദുബൈ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ഇന്റർനാഷനൽ ചെസ് ഫെഡറേഷൻ (ഫിഡെ) സംഘടിപ്പിക്കുന്ന മത്സരത്തിന്റെ സ്പോൺസർമാർ ടെക് മഹീന്ദ്രയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.