ചെന്നൈയിൽ ഇനി ചതുരംഗ ദിനങ്ങൾ
text_fieldsചെന്നൈ: ഇന്ത്യ ആദ്യമായി ആതിഥ്യമരുളുന്ന ചെസ് ഒളിമ്പ്യാഡിന് വ്യാഴാഴ്ച തുടക്കമാവും. ഒളിമ്പ്യാഡിന്റെ 44ാം പതിപ്പിനാണ് ചെന്നൈ വേദിയാവുന്നത്. നഗരത്തിൽനിന്ന് 58 കി.മീ. ദൂരത്തുള്ള മാമല്ലാപുരത്തെ ഷെറാട്ടൺ ഫോർ പോയന്റ്സ് ഹോട്ടലിൽ തയാറാക്കിയ വേദിയിലാണ് മത്സരങ്ങൾ. അടുത്ത മാസം 10 വരെ ഒളിമ്പ്യാഡ് നീളും.മത്സരരംഗത്ത് സജീവമാണെങ്കിലും ഇന്ത്യയുടെ ഇതിഹാസതാരം വിശ്വനാഥൻ ആനന്ദ് വിട്ടുനിൽക്കുന്ന ഒളിമ്പ്യാഡിൽ ലോക ചാമ്പ്യൻ മാഗ്നസ് കാൾസൺ പങ്കെടുക്കും.
ഓപൺ വിഭാഗത്തിൽ 188ഉം വനിതകളിൽ 162ഉം ടീമുകൾ മാറ്റുരക്കുന്ന ഒളിമ്പ്യാഡിൽ ഓപൺ, വനിത വിഭാഗങ്ങളിൽ ഇന്ത്യയുടെ മൂന്നു ടീമുകൾ വീതം പങ്കെടുക്കുന്നുണ്ട്. ആതിഥേയർക്ക് രണ്ടു ടീമുകളെ ഇറക്കാം. ടീമുകളുടെ എണ്ണം ഒറ്റ സംഖ്യയിലായതിനാൽ ഇന്ത്യക്ക് ഇരു വിഭാഗങ്ങളിലും ഓരോ ടീമുകളെകൂടി പങ്കെടുപ്പിക്കാൻ അവസരം ലഭിക്കുകയായിരുന്നു. 2, 11, 17 എന്നിങ്ങനെയാണ് ഇന്ത്യയുടെ ഓപൺ ടീമുകളുടെ സീഡിങ്. വനിതകളുടേത് 1, 11, 16 എന്നിങ്ങനെയാണ്. മലയാളി താരങ്ങളായ എസ്.എൽ. നാരായണൻ എ ടീമിലും നിഹാൽ സരിൽ ബി ടീമിലുമുണ്ട്.
കരുത്തരായ റഷ്യയും ചൈനയും ഇത്തവണ ഒളിമ്പ്യാഡിൽ പങ്കെടുക്കുന്നില്ല. ഓപൺ വിഭാഗത്തിൽ യു.എസാണ് ടോപ് സീഡ്. ഫാബിയോ കരുവാന, വെസ്‍ലി സോ, ലെവോൻ അറോനിയൻ, സാം ശങ്ക്‍ലൻഡ്, ലെയ്നിയർ ഡൊമിനിഗ്വസ് എന്നിവരടങ്ങിയ യു.എസ് ടീം കരുത്തരാണ്. പി. ഹരികൃഷ്ണയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയുടെ എ ടീമിൽ വിദിത് ഗുജറാത്തി, അർജൻ എറിഗെയ്സി, എസ്.എൽ. നാരായണൻ, കെ. ശശികിരൺ എന്നിവരുണ്ട്. ലോകചാമ്പ്യൻ മാഗ്നസ് കാൾസന്റെ നോർവേ ആണ് ഓപൺ വിഭാഗത്തിൽ മൂന്നാം സീഡ്.
വനിതകളിൽ കൊനേരു ഹംപി, ഡി. ഹരിക, ആർ. വൈശാലി, താനിയ സച്ദേവ്, ഭക്തി കുൽകർണി എന്നിവരടങ്ങിയ ഇന്ത്യ എ ടീം ആണ് ടോപ് സീഡ്. രണ്ടു മുതൽ നാലു വരെ സീഡുകളായ യുക്രെയ്ൻ, ജോർജിയ, കസാഖ്സ്താൻ എന്നിവയിൽനിന്നായിരിക്കും ഇന്ത്യക്ക് പ്രധാന വെല്ലുവിളി.
2014ൽ നോർവേയിലെ ട്രോംസോയിൽ നടന്ന ഒളിമ്പ്യാഡിൽ ഓപൺ വിഭാഗത്തിൽ ഇന്ത്യ വെങ്കലം നേടിയിരുന്നു. 2020ൽ ഓൺലൈൻ ഒളിമ്പ്യാഡിൽ റഷ്യക്കൊപ്പം സ്വർണം പങ്കിട്ട ഇന്ത്യ 2021ലെ ഓൺലൈൻ ഒളിമ്പ്യാഡിൽ വെങ്കലവും നേടി. ഈ രണ്ടു വർഷങ്ങളിലും കോവിഡ് മൂലം ഓൺലൈനായാണ് ഒളിമ്പ്യാഡ് നടന്നത്.
ഓപൺ വിഭാഗം ഇന്ത്യ എ ടീം
പി. ഹരികൃഷ്ണ
വിദിത് ഗുജറാത്തി
അർജൻ എറിഗെയ്സി
എസ്.എൽ. നാരായണൻ
കെ. ശശികിരൺ
കോച്ച്: എൻ. ശ്രീനാഥ്
ഇന്ത്യ ബി ടീം
നിഹാൽ സരിൻ
ഡി. ഗുകേഷ്
ബി. അധിപൻ
ആർ. പ്രഗ്നാനാനന്ദ
റൗനക് സദ്‍വാനി
കോച്ച്: ആർ.ബി. രമേശ്
ഇന്ത്യ സി ടീം
എസ്.എസ്. ഗാംഗുലി
എസ്.പി. സേതുരാമൻ
കാർത്തികേയൻ മുരളി
അഭിജിത് ഗുപ്ത
അഭിമന്യു പുരാണിക്
വനിത വിഭാഗം ഇന്ത്യ എ ടീം
കൊനേരു ഹംപി
ഡി. ഹരിക
ആർ. വൈശാലി
താനിയ സച്ദേവ്
ഭക്തി കുWൽകർണി
കോച്ച്: അഭിജിത് കുണ്ടെ
ഇന്ത്യ ബി ടീം
വന്തിക അഗർവാൾ
പത്മിനി റാവുത്ത്
മേരി ആൻ ഗോമസ്
സൗമ്യ സ്വാമിനാഥൻ
ദിവ്യ ദേശ്മുഖ്
കോച്ച്: സ്വപ്നിൽ ദോപഡെ
ഇന്ത്യ സി ടീം
ഇഷ കറവാഡെ
വർഷിനി സാഹിതി
പ്രത്യുഷ ബോദ്ദ
പി.വി. നന്ദിത
വിശ്വ വസ്നവാല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.