റോഡ്രിയുടെ പരിക്കിൽ സിറ്റിക്ക് ഷോക്ക്; താരത്തിന് സീസൺ നഷ്ടമായേക്കും
text_fieldsമാഞ്ചസ്റ്റർ: ആഴ്സണലിനെതിരായ പ്രീമിയർ ലീഗ് പോരാട്ടത്തിൽ കാൽമുട്ടിന് പരിക്കേറ്റ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ മിഡ്ഫീൽഡർ റോഡ്രിയുടെ പരിക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. താരം ശസ്ത്രക്രിയക്ക് വിധേയനാകുമെന്നും ഒമ്പത് മാസം പുറത്തിരിക്കേണ്ടി വരുമെന്നുമാണ് സൂചനകൾ. ഇതോടെ സീസൺ മുഴുവൻ താരത്തിന് നഷ്ടമായേക്കും.
സിറ്റിയുടെ കഴിഞ്ഞ സീസണിലെ കുതിപ്പിന് പിന്നിലെ നിർണായക സാന്നിധ്യമായിരുന്ന റോഡ്രിയുടെ പരിക്ക് അവരുടെ പുതിയ സീസണിലെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. റോഡ്രി ഇറങ്ങിയ 260 മത്സരങ്ങളിൽ സിറ്റിയുടെ വിജയശതമാനം 73 ആണെങ്കിൽ തോൽവി 11 മാത്രമാണ്. എന്നാൽ, താരമില്ലാതെ ഇറങ്ങിയ 45 മത്സരങ്ങളിൽ സിറ്റിയുടെ വിജയം 64ഉം പരാജയം 24ഉം ശതമാനമാണ്. റോഡ്രിക്കൊപ്പം സിറ്റി കഴിഞ്ഞ 48 പ്രീമിയർ ലീഗ് മത്സരങ്ങളിൽ തോൽവിയറിഞ്ഞിട്ടില്ല. എന്നാൽ, താരമില്ലാതെ ഇറങ്ങിയ അഞ്ചിൽ നാലും തോൽക്കുകയും ചെയ്തു. കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലുമായി ഷൂട്ടൗട്ടിലല്ലാതെ ഒന്നിൽ മാത്രമാണ് റോഡ്രിക്ക് പരാജയം രുചിക്കേണ്ടിവന്നത്. എതിർ ഹാഫിൽ 7965 പാസുകളാണ് 28കാരൻ വിജയകരമായി പൂർത്തീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ലിവർപൂളിന്റെ ട്രെന്റ് അലക്സാണ്ടർ ആർനോൾഡ് പൂർത്തിയാക്കിയത് 5,176 ആണ്.
കഴിഞ്ഞ ദിവസം ആഴ്സണലുമായി 2-2ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിലെ ഒന്നാം പകുതിയിലാണ് റോഡ്രി പരിക്കേറ്റ് തിരിച്ചുകയറിയത്. മികച്ച ഫുട്ബാളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള സാധ്യത പട്ടികയിൽ മുന്നിൽ നിൽക്കുന്നവരിൽ ഒരാൾ കൂടിയായ റോഡ്രിയാണ് 2024ൽ സ്പെയിൻ യൂറോ കപ്പ് ജേതാക്കളായപ്പോൾ ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.