കോപ അമേരിക്ക ഫൈനൽ ദിനത്തിലെ സംഘർഷം: കൊളംബിയൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് അറസ്റ്റിൽ
text_fieldsേഫ്ലാറിഡ: കോപ അമേരിക്ക ഫൈനലിന് മുമ്പ് കാണികൾ സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും സംഘർഷമുണ്ടാകുകയും ചെയ്ത സംഭവത്തിൽ കൊളംബിയൻ ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റ് രമോൺ ജെസുറണും മകനും ഉൾപ്പെടെ 27 പേർ അറസ്റ്റിൽ. ഞായറാഴ്ച അർജന്റീനയും കൊളംബിയയും തമ്മിൽ മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ കലാശപ്പോരിന് ഇറങ്ങാനിരിക്കെയാണ് സുരക്ഷ ഉദ്യോഗസ്ഥർക്കെതിരെ ആക്രമണവും സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറ്റവും ഉണ്ടായത്.
മത്സരശേഷം മാധ്യമപ്രവർത്തകർ ഒത്തുകൂടുന്ന തുരങ്കത്തിലൂടെ മൈതാനത്തേക്ക് കടക്കാൻ ശ്രമിച്ചതാണ് രമോണിന്റെയും മകന്റെയും അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇവരെ സുരക്ഷ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തിയതോടെ രോഷാകുലരാവുകയും വാക്ക് തർക്കം ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്തു. അർധരാത്രിക്ക് ശേഷമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് പറഞ്ഞു.
അതേസമയം, ഫുട്ബാൾ ഫെഡറേഷൻ പ്രസിഡന്റിന്റെ അറസ്റ്റിനോട് കൊളംബിയ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2015 മുതൽ രമോൺ ജെസുറൺ ഫെഡറേഷൻ പ്രസിഡന്റാണ്. നിലവിൽ തെക്കെ അമേരിക്കൻ ഫുട്ബാൾ ഭരണസമിതി (കോന്‍മെബോള്‍) വൈസ് പ്രസിഡന്റുമാണ് അദ്ദേഹം.
സംഭവത്തെ തുടർന്ന് ഫൈനൽ മത്സരം ഒന്നേകാൽ മണിക്കൂറിലധികം വൈകിയാണ് ആരംഭിക്കാനായത്. ടിക്കറ്റില്ലാതെ പലരും ഇടിച്ചുകയറാൻ ശ്രമിച്ചതാണ് സംഘർഷാന്തരീക്ഷം ഉണ്ടാക്കിയതെന്നാണ് അധികൃതർ വിശദീകരിച്ചിരുന്നത്. 2026ലെ ലോകകപ്പിൽ ഏഴ് ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്നത് ഹാർഡ് റോക്ക് സ്റ്റേഡിയമാണ്. ഒരു ക്വാർട്ടർ ഫൈനലും മൂന്നാം സ്ഥാനത്തിനുള്ള മത്സരവും ഇവിടെയാണ് അരങ്ങേറുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.