അർജന്റീനക്ക് കൊളംബിയൻ ഷോക്ക്; ലോക ചാമ്പ്യന്മാരെ മറിച്ചിട്ട് റോഡ്രിഗസും സംഘവും
text_fieldsലോകകപ്പ് യോഗ്യത പോരാട്ടത്തിൽ അർജന്റീനയെ വീഴ്ത്തി കൊളംബിയ. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ഹാമിഷ് റോഡ്രിഗസിന്റെയും സംഘത്തിന്റെയും വിജയഭേരി. കൊളംബിയക്കായി യേഴ്സൺ മൊസ്ക്വേറ, ഹാമിഷ് റോഡ്രിഗസ് എന്നിവർ ഗോൾ നേടിയപ്പോൾ നിക്കളാസ് ഗോൺസാലസിന്റെ വകയായിരുന്നു അർജന്റീനയുടെ ആശ്വാസഗോൾ. സ്വന്തം മണ്ണിൽ പരാജയമറിയാത്ത 12ാം മത്സരമാണ് കൊളംബിയ പൂർത്തിയാക്കിയത്.
ലാറ്റിനമേരിക്കയിലെ കരുത്തരുടെ പോരാട്ടം ഒപ്പത്തിനൊപ്പം നിന്നപ്പോൾ കൂടുതൽ സുവർണാവസരങ്ങൾ തുറന്നെടുത്തത് കൊളംബിയയായിരുന്നു. അർജന്റീനക്ക് ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് മാത്രം ഉതിർക്കാനായപ്പോൾ കൊളംബിയൻ താരങ്ങളുടെ അഞ്ച് ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിന് നേരെ നീങ്ങിയത്.
സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ അർജന്റീന ഹൂലിയൻ അൽവാരസിനെയും ലൗറ്റാറോ മാർട്ടിനസിനെയും മുൻനിരയിൽ വിന്യസിച്ചാണ് പോരാട്ടത്തിനിറങ്ങിയത്. കൊളംബിയക്കായി ഹാമിഷ് റോഡ്രിഗസും ലൂയിസ് ഡയസും ഡുറാനും ആക്രമണം നയിച്ചു. തുടക്കത്തിൽ കൊളംബിയ മികച്ചുനിന്നപ്പോൾ അർജന്റീന പതിയെ താളത്തിലെത്തി. 12ാം മിനിറ്റിൽ അവർക്ക് ആദ്യത്തെ മികച്ച അവസരവും ലഭിച്ചു. എന്നാൽ, ബോക്സിന് പുറത്തുനിന്ന് ടൈറ്റ് ആംഗിളിൽനിന്ന് ഒഴിഞ്ഞ നെറ്റിലേക്കുള്ള ഹൂലിയൻ അൽവാരസിന്റെ ശ്രമം നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. രണ്ട് മിനിറ്റിനകം കൊളംബിയയും അർജന്റീന ഗോൾമുഖം വിറപ്പിച്ചു. എന്നാൽ, റിയോസിന്റെ ദുർബല ഷോട്ട് എമിലിയാനോ മാർട്ടിനസിന്റെ കൈയിലൊതുങ്ങി.
25ാം മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. കോർണർ കിക്കിനെ തുടർന്ന് ജെയിംസ് റോഡ്രിഗസ് ബോക്സിലേക്ക് ഉയർത്തി നൽകിയ ക്രോസ് തകർപ്പൻ ഹെഡറിലൂടെ യേഴ്സൺ മൊസ്ക്വേറ അർജന്റീന വലയിലെത്തിക്കുകയായിരുന്നു. ഇടവേളക്ക് പിരിയാൻ ഒരു മിനിറ്റ് ശേഷിക്കെ അർജന്റീന ഗോളിനടുത്തെത്തിയെങ്കിലും ലിസാൻഡ്രോയുടെയും ലൗറ്റാറോ മാർട്ടിനസിന്റെയും ശ്രമങ്ങൾ ലക്ഷ്യം കണ്ടില്ല.
ഇടവേള കഴിഞ്ഞെത്തിയയുടൻ അർജന്റീന ഗോൾ തിരിച്ചടിച്ചു. കൊളംബിയൻ പ്രതിരോധത്തിന്റെ പിഴവിൽ ബാൾ പിടിച്ചെടുത്ത നിക്കളാസ് ഗോൺസാലസ് ഒറ്റക്ക് കുതിച്ച് ഗോൾകീപ്പറുടെ കാലിനിടയിലൂടെ പന്ത് പോസ്റ്റിനുള്ളിലാക്കുകയായിരുന്നു.
പെനാൽറ്റിയിൽനിന്നായിരുന്നു കൊളംബിയയുടെ വിജയഗോൾ. അർജന്റീന ബോക്സിൽ മുനോസിനെ ഒട്ടാമമെൻഡി വീഴ്ത്തിയപ്പോൾ ‘വാർ’ പരിശോധനയിൽ പെനാൽറ്റി അനുവദിക്കുകയായിരുന്നു. കിക്കെടുത്ത ഹാമിഷ് റോഡ്രിഗസ് പിഴവില്ലാതെ പന്ത് വലയിലെത്തിച്ചു.തൊട്ടുടനെ അർജന്റീന ലിസാൻഡ്രോക്കും പരേഡസിനും പകരം മാക് അലിസ്റ്ററിനെയും അക്യൂനയെയും കളത്തിലെത്തിച്ചു.
72ാം മിനിറ്റിൽ അർജന്റീന നിരയിൽ ഭീതി വിതച്ച് ഡുറാൻ മുന്നേറിയെങ്കിലും പന്ത് മാർട്ടിനസ് കൈയിലൊതുക്കി. ഗോൾ തിരിച്ചടിക്കാൻ അർജന്റീന ഡി പോളിന് പകരം ലോസെൽസോയേയും എൻസോക്ക് പകരം ഡിബാലയെയും കൊണ്ടുവന്നെങ്കിലും ശ്രമങ്ങളൊന്നും വിജയം കണ്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.