'പ്രൈം' ടീം കാലിക്കറ്റ് ഹീറോസ് ഒരുങ്ങുന്നു
text_fieldsകോഴിക്കോട്: പ്രോ വോളി ലീഗിൽ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനായി കാലിക്കറ്റ് ഹീറോസ് ടീം പ്രൈം വോളി ലീഗിനായി ഒരുങ്ങുന്നു. കോച്ച് ഇ.കെ. കിഷോർ കുമാറിന്റെ കാർമികത്വത്തിൽ ഹീറോസിന്റെ പരിശീലനത്തിന് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. ഫെബ്രുവരി അഞ്ചിന് കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രൈം വോളിയിലെ ഫൈനലടക്കം മുഴുവൻ മത്സരങ്ങളും അരങ്ങേറുന്നത്. 10 താരങ്ങളാണ് നിലവിൽ പരിശീലന ക്യാമ്പിലുള്ളത്. അമേരിക്കൻ ഇതിഹാസ താരം ഡേവിഡ് ലീയും ഫ്രാൻസിൽ നിന്നുള്ള ഔട്ട്സൈഡ് ഹിറ്റർ ആറോൺ കൗബിയും ഉടനെത്തും. ഏഴു ദിവസത്തെ ക്വാറന്റീൻ ആവശ്യമായതിനാൽ ഇരുവരും കോഴിക്കോട്ടെ പരിശീലന ക്യാമ്പിലുണ്ടാകില്ലെന്ന് കാലിക്കറ്റ് ഹീറോസ് ഉടമകളിലൊരാളായ പി.ടി. സഫീർ പറഞ്ഞു. ഈ മാസം 26ന് പരിശീലനം കൊച്ചിയിലേക്ക് മാറ്റും. ബയോബബ്ൾ സംവിധാനത്തിലുള്ള ഇവിടെയാകും ലീയും കൗബിയും ടീമിനൊപ്പം ചേരുക. എല്ലാ ടീമുകളും 26 മുതൽ കൊച്ചിയിൽ ബയോബബിളിലേക്ക് മാറും. ബ്ലോക്കറായ അർജുൻ നാഥ് ടീമിൽ കളിക്കില്ല. പകരം സചിൻ കളിക്കും.
പ്രോവോളിയിൽ ഫൈനലിലെത്തിയ കാലിക്കറ്റ് ഹീറോസിന്റെ അന്നത്തെ നായകനും യൂനിവേഴ്സൽ െപ്ലയറുമായ ബി.പി.സി.എല്ലിന്റെ ജെറോം വിനീത് ടീമിലുണ്ട്. സെറ്ററും കോഴിക്കോട് മൂലാട് സ്വദേശിയുമായ എൻ. ജിതിനും യുവ അറ്റാക്കർ സി. അജിത്ത് ലാലും ബി.പി.സി.എല്ലിൽനിന്ന് ടീമിലെത്തിയിട്ടുണ്ട്.
കെ.എസ്.ഇ.ബിയുടെ എം.സി. മുജീബ് (ബ്ലോക്കർ), ഒ. അൻസബ് (യൂനിവേഴ്സൽ), ഇന്ത്യൻ ആർമിയുടെ ശ്രദ്ധേയനായ അറ്റാക്കർ ഡി. വിഘ്നേഷ് രാജ്, സെറ്റർ ലാൽ സുജൻ, റെയിൽവേയുടെ ലിബറോ രാമനാഥൻ, ബീക്കൺ സ്പോർട്സിന്റെ യൂനിവേഴ്സൽ താരം അരുൺ സക്കറിയാസ് സിബി, അറ്റാക്കർ പി.എസ്. വിശാൽ കൃഷ്ണ എന്നിവരാണ് നിലവിൽ ക്യാമ്പിലുള്ളത്. ഏറെ പ്രതീക്ഷയോടെയാണ് പ്രൈം വോളിക്ക് ഒരുങ്ങുന്നതെന്ന് ഹീറോസ് കോച്ച് കിഷോർ കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.