കമോൺ എവരിബഡി; സുരേന്ദർ നദ വിളിക്കുന്നു
text_fieldsകങ്കാരിയ തടാകതീരത്തെ 'ഏക അറീന' ഇൻഡോർ സ്റ്റേഡിയത്തിൽ കൃത്യം ആറു വർഷം മുമ്പാണ് കബഡി ലോകകപ്പ് നടന്നത്. ഫൈനലിൽ ഇറാനെ തോൽപിച്ച് ഇന്ത്യ ഹാട്രിക് കിരീടവും നേടി. ലോകകപ്പിൽ മികവ് പുലർത്തിയ ഡിഫൻഡർമാരിൽ മുമ്പനായിരുന്നു സുരേന്ദർ നദ. ഇന്ത്യയുടെ ആംഗിൾ ഹോൾഡ് സ്പെഷലിസ്റ്റ്.
മലയാളികൾ തമാശരൂപേണ കാലുവാരിയെന്ന് വിളിക്കും ആംഗിൾ ഹോൾഡ് സ്പെഷലിസ്റ്റിനെ. സുരേന്ദർ 2016 ലോകകപ്പിൽ ആകെ നേടിയത് 21 പോയന്റ്. ആറു വർഷങ്ങൾക്കിപ്പുറം അതേ വേദിയിൽ ദേശീയ ഗെയിംസ് നടക്കുമ്പോൾ സ്വന്തം സംസ്ഥാനമായ ഹരിയാനയുടെ സംഘത്തിലുണ്ട് ലെഫ്റ്റ് കോർണർ ഡിഫൻഡറായ സുരേന്ദർ.
ചൊവ്വാഴ്ച വൈകീട്ട് ആതിഥേയരായ ഗുജറാത്തിനെതിരെ നടന്ന മത്സരത്തിൽ പരിക്കു കാരണം അന്തർദേശീയ താരത്തിന് ഇറങ്ങാനായില്ലെങ്കിലും ടീം അംഗങ്ങൾക്ക് പ്രോത്സാഹനവുമായി കൂടെത്തന്നെയുണ്ടായിരുന്നു. പ്രോ കബഡി ലീഗ് ഇന്ത്യൻ കബഡിക്ക് പുത്തനുണർവ് പകർന്നുവെന്ന് വിശ്വസിക്കുകയാണ് 35കാരൻ.
ഹരിയാനയിലെ ഝാജർ സ്വദേശിയായ സുരേന്ദർ പ്രോ കബഡി ലീഗിൽ ഹരിയാന സ്റ്റീലേഴ്സിന്റെ നായകനുമായിരുന്നു. യു മുംബ, ബംഗളൂരു ബുൾസ്, പട്ന പൈറേറ്റ്സ് ടീമുകൾക്കുവേണ്ടിയും പി.കെ.എല്ലിൽ കളിച്ചു.
ഇന്ത്യൻ താരമായി 2017 ഏഷ്യൻ കബഡി ചാമ്പ്യൻഷിപ്പിലെയും 2019ൽ സൗത്ത് ഏഷ്യൻ ഗെയിംസിലെയും സ്വർണ നേട്ടത്തിൽ നിർണായക പങ്കുവഹിച്ചു. ഗുജറാത്തിനെതിരായ ടീമിന്റെ ജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് മടങ്ങിയ സുരേന്ദർ ടീം സ്വർണം നേടുമെന്ന പ്രതീക്ഷയിലാണ്.
റഗ്ബിയിൽ ഇന്നിറങ്ങുന്നു
അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളത്തിന്റെ റഗ്ബി പോരാട്ടത്തിന് ബുധനാഴ്ച തുടക്കമാവും. വനിത വിഭാഗത്തിൽ കേരളം ഒഡിഷയെ നേരിടും. പകൽ 11ന് അഹമ്മദാബാദ് ട്രാൻസ് സ്റ്റേഡിയത്തിലാണ് കളി. ബംഗാൾ, ചണ്ഡിഗഢ് ടീമുകളാണ് കേരളത്തിന്റെ ഗ്രൂപ്പിൽ.
കഴിഞ്ഞ തവണ വെങ്കല മെഡലായിരുന്നു വനിത ടീമിന്. പുരുഷന്മാർ ഇക്കുറി യോഗ്യത നേടിയില്ല. എസ്. രേഷ്മ നയിക്കുന്ന സംഘത്തിൽ എം.എസ്. രേഷ്മ, ഡി. റോഷ്‌മി, എം. മായ, എസ്. ആര്യ, എം. ജോളി, ആർദ്ര ബി. ലാൽ, ബി. സുബിന, കൃഷ്ണ മധു, ഡോണ ഷാജി, ടി.എം. ആദിത്യ, കെ.പി. ആതിര എന്നിവരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.