കോമൺവെൽത്ത് ഗെയിംസ്: ആദ്യ ദിനം കളം നിറഞ്ഞ് ഇന്ത്യ
text_fieldsബിർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് മത്സരങ്ങളുടെ ആദ്യ ദിനം ഇന്ത്യയുടേത് മികച്ച പ്രകടനം. വനിത ക്രിക്കറ്റിൽ തോൽവി ഏറ്റുവാങ്ങിയെങ്കിലും ഹോക്കിയിലും ബാഡ്മിന്റണിലും ജയിച്ചു. ടേബ്ൾ ടെന്നിസിൽ പുരുഷ, വനിത ടീമുകൾ മുന്നേറിയപ്പോൾ സൈക്ലിങ്ങിലും ട്രയാത് ലണിലും നിരാശയായിരുന്നു ഫലം. നീന്തലിൽ തോൽവിയും ജയവുമുണ്ട്. ബോക്സിങ് 63.5 കിലോഗ്രാം വിഭാഗത്തിൽ ജയിച്ച് ഇന്ത്യയുടെ ശിവ ഥാപ്പ പ്രീക്വാർട്ടർ ഫൈനലിലെത്തി.
വനിത ക്രിക്കറ്റിന് അരങ്ങേറ്റം; ഇന്ത്യയെ തോൽപിച്ച് ഓസീസ്
കോമൺവെൽത്ത് ഗെയിംസിൽ അരങ്ങേറ്റം കുറിച്ച വനിത ക്രിക്കറ്റിൽ (ട്വന്റി20) ഇന്ത്യക്ക് തോൽവിയോടെ തുടക്കം. ഗ്രൂപ് 'എ' മത്സരത്തിൽ ആസ്ട്രേലിയ മൂന്നു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റിന് 154 റൺസെടുത്തു.
19 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഓസീസ് 157 റൺസടിച്ച് വിജയം കൈവരിക്കുകയായിരുന്നു. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 34 പന്തിൽ 52 റൺസ് നേടി ഇന്ത്യയുടെ ടോപ് സ്കോററായി. മറുപടിയിൽ നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത രേണുക സിങ് ഇന്ത്യക്കുവേണ്ടി ഉജ്ജ്വല ബൗളിങ് പ്രകടനം കാഴ്ചവെച്ചു.
ഹോക്കി: ഘാനയെ വീഴ്ത്തി
വനിത ഹോക്കി പൂൾ 'എ' മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത അഞ്ചു ഗോളിന് ഘാനയെ തോൽപിച്ചു. ഗുർജിത് കൗർ രണ്ടു തവണ സ്കോർ ചെയ്തു. 2, 39 മിനിറ്റുകളിലായിരുന്നു ഗുർജിതിന്റെ ഗോളുകൾ. നേഹ (30), സംഗീത കുമാരി (36), സലിമ ടെറ്റെ (56) എന്നിവരുടെ സംഭാവനകൾകൂടി ചേർന്നതോടെ ഇന്ത്യക്ക് തകർപ്പൻ ജയം.
ബാഡ്മിന്റണിൽ പാകിസ്താനെ കശക്കി
ബാഡ്മിന്റണിൽ പാകിസ്താനെ 5-0ത്തിനാണ് തോൽപിച്ചത്. മിക്സഡ് ഡബ്ൾസിൽ സുമീത് റെഡ്ഡി-മചിമന്ദ പൊന്നപ്പ സഖ്യം 21-9, 21-12ന് മുഹമ്മദ് ഇർഫാൻ സഈദ് ബാട്ടിയെയും ഗസല സിദ്ദീഖിയെയും മറികടന്നു. തുടർന്ന് പുരുഷ സിംഗ്ൾസിൽ കിഡംബി ശ്രീകാന്ത് 21-7, 21-12 സ്കോറിന് മുറാദ് അലിയെ വീഴ്ത്തി. പിന്നാലെ വനിത സിംഗ്ൾസിൽ ഒളിമ്പ്യൻ പി.വി. സിന്ധു 21-7, 21-6ന് മഹൂർ ഷഹസാദിനെതിരെ അനായാസ ജയവും നേടി.
നാലാം മത്സരം പുരുഷ ഡബ്ൾസായിരുന്നു. സാത്വിക് സായ് രാജ് റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം മുറാദ് അലി-സഈദ് ബാട്ടി കൂട്ടുകെട്ടിനെ 21-12 21-9നും തോൽപ്പിച്ചു. വനിത ഡബ്ൾസിൽ ഇന്ത്യയുടെ തെരേസ ജോളിയും ഗായത്രി ഗോപിചന്ദും ചേർന്ന് മഹൂർ ഷഹഷാദിനെയും ഗസാലയെയും 21-4, 21-5 ന്റെ വലിയ മാർജിനിൽ പരാജയപ്പെടുത്തിയതോടെ പാക് പതനം പൂർണം.
ടേബ്ൾ ടെന്നിസിൽ ജയത്തുടക്കം
ടേബ്ൾ ടെന്നിസ് ഗ്രൂപ് മത്സരത്തിൽ ഇന്ത്യയുടെ പുരുഷ, വനിത ടീമുകൾക്ക് 3-0ത്തിന്റെ തകർപ്പൻ ജയം. വനിതകൾ ദക്ഷിണാഫ്രിക്കയെയും പുരുഷന്മാർ സിംഗപ്പൂരിനെയുമാണ് തോൽപിച്ചത്. വനിത ഡബ്ൾസിൽ ശ്രീജ അകുല-റീത് ടെന്നിസൻ സഖ്യം 11-7, 11-7, 11-5 സ്കോറിന് ലൈല എഡ്വേഡ്സ്-ഡാനിഷ് പട്ടേൽ ടീമിനെ തോൽപിച്ചു.
സിംഗ്ൾസിൽ മനിക ബാത്ര 11-5, 11-3, 11-2ന് മുശ്ഫിഖ് കലാമിനെയും അകുല 11-5, 11-3, 11-6ന് ഡാനിഷ് പട്ടേലിനെയും പരാജയപ്പെടുത്തി. പുരുഷ സിംഗ്ൾസിൽ ജി. സത്യൻ 11-4, 11-4, 11-5ന് ടിറേസ് നൈറ്റിനെയും ശരത് കമൽ 11-5, 11-3, 11-3ന് റാമോൺ മാക്സ് വെല്ലിനെയും മറികടന്നു. സത്യൻ-ഹർമീത് ദേശായി സഖ്യം ഡബ്ൾസിൽ 11-9, 11-9, 11-4 ന് ടിറേസ്-കെവിൻ ഫാർലി കൂട്ടുകെട്ടിനെയും തറപറ്റിച്ചു.
സജൻ പ്രകാശ് പുറത്ത്
നീന്തലിൽ മലയാളി താരം സജൻ പ്രകാശ് ഹീറ്റ്സിൽ പുറത്ത്. പുരുഷ 50 മീ. ബട്ടർഫ്ലൈയിൽ 25.01 സെക്കൻഡിൽ ഫിനിഷ് ചെയ്ത സജൻ എട്ടാമനായി. 100 മീ, 200 മീ. ബട്ടർഫ്ലൈ മത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട്.
അതേസമയം, 100 മീ. ബാക്സ്ട്രോക്കിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് 54.68 സെക്കൻഡിൽ നീന്തിയെത്തി സെമിഫൈനലിൽ കടന്നു. 400 മീ. ബട്ടർഫ്ലൈയിൽ 3:57.45 മിനിറ്റിൽ ഫിനിഷ് ചെയ്ത കുശാഗ്ര റാവത്തും ഹീറ്റ്സിൽ പുറത്തായി.
ഥാപ്പ പ്രീക്വാർട്ടറിൽ
പുരുഷ ബോക്സിങ് 63.5 കിലോഗ്രാം വിഭാഗത്തിൽ ജയിച്ച് ഇന്ത്യയുടെ ശിവ ഥാപ്പ പ്രീക്വാർട്ടർ ഫൈനൽ റൗണ്ടിൽ കടന്നു. ആദ്യ റൗണ്ടിൽ പാകിസ്താന്റെ സുലൈമാൻ ബലോചിനെ 5-0ത്തിനാണ് വീഴ്ത്തിയത്.
സൈക്ലിങ്ങിൽ ഇന്ത്യയുടെ ഡേവിഡ് ബെക്കാമും റൊണാൾഡോയും!
സൈക്ലിങ്ങിൽ ഇന്ത്യ തുടങ്ങിയത് നിരാശയോടെ. മൂന്നു ടീമിനും ഫൈനലിലെത്താനായില്ലെങ്കിലും താരങ്ങളുടെ പേര് കൗതുകമുണർത്തി.വിഖ്യാത ഫുട്ബാളർമാരായ റൊണാൾഡോയുടെയും ഡേവിഡ് ബെക്കാമിന്റെയും പേരുള്ളവർ ഒരേ ടീമിലിറങ്ങി.
റൊണാൾഡോ ലൈതോൻജം, ഡേവിഡ് ബെക്കാം എൽകതോചൂൻകോ, രോജിത് സിങ് എന്നിവരടങ്ങിയ പുരുഷ സ്പ്രിന്റ് സംഘം യോഗ്യത റൗണ്ടിൽ പക്ഷേ, ആറാമതായി. വനിത സ്പ്രിൻറ് ടീം ഏഴാമതെത്തി. പുരുഷ 4000 മീറ്റർ പർസ്യൂട്ട് ടീമും ആറാം സ്ഥാനത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.