ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ലോകകപ്പ് നേടി രണ്ട് മാസത്തിന് ശേഷം അഭിനന്ദനം; പാകിസ്താൻ മുൻ വനിത ക്യാപ്റ്റൻ ‘എയറിൽ’
text_fieldsഇസ്‍ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി 20 ലോകകപ്പ് നേടി 68 ദിവസത്തിന് ശേഷം അഭിനന്ദനവുമായി എത്തിയ പാകിസ്താൻ വനിത ക്രിക്കറ്റ് ടീം അംഗം ‘എയറിൽ’. മുൻ ക്യാപ്റ്റൻ കൂടിയായ നിദ ദറാണ് കാലംതെറ്റി എക്സിൽ പോസ്റ്റിട്ടത്. പരിഹാസം രൂക്ഷമായതോടെ പോസ്റ്റ് മുക്കി താരം തടിതപ്പി. രാജ്യാന്തര ട്വന്റി 20യിൽനിന്ന് വിരമിച്ച ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്‍ലി എന്നിവർ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്ക് നന്ദിയും പോസ്റ്റിലുണ്ടായിരുന്നു.
‘2024ലെ ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ. ലോക ക്രിക്കറ്റിന് നൽകിയ അതുല്യമായ സംഭാവനകൾക്ക് രോഹിത് ശർമക്കും വിരാട് കോഹ്‍ലിക്കും പ്രത്യേക നന്ദി. നിങ്ങളുടെ നേതൃശേഷിയും കഴിവുകളും സമർപ്പണവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദശലക്ഷക്കണക്കിന് ആളുകളെയാണ് പ്രചോദിപ്പിച്ചത്. നല്ലൊരു വിരമിക്കൽ ജീവിതം ആശംസിക്കുന്നു’ –എന്നിങ്ങനെയായിരുന്നു നിദയുടെ പോസ്റ്റ്.
പോസ്റ്റിൽ രോഹിതും കോഹ്‍ലിയും ട്രോഫിയുമായി നിൽക്കുന്ന ചിത്രവും പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ ചിത്രവും ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ അമ്പരന്ന ആരാധകർ ട്രോളുകളുമായി രംഗത്തെത്തുകയായിരുന്നു.
ചൊവ്വ ഗ്രഹത്തിൽ രണ്ട് മാസം ചെലവിട്ട് തിരിച്ചെത്തിയതാണെന്നായിരുന്നു കമന്റുകളിലൊന്ന്. ഇത് അവരുടെ പ്രശ്നമല്ലെന്നും പാകിസ്താനിൽ ഇന്റർനെറ്റ് ഈ ദിവസങ്ങളിൽ വളരെ പതുക്കെയാണെന്നുമായിരുന്നു മറ്റൊരു പ്രതികരണം. ലോകകപ്പിൽ പാകിസ്താൻ യു.എസ്.എയോട് തോറ്റതിനെ തുടർന്ന് സ്വബോധം നഷ്ടമായ നിദക്ക് ഇപ്പോഴാണ് അത് തിരിച്ചുകിട്ടിയതെന്നും പരിഹാസമുണ്ട്. 2024 ജൂൺ 29നാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഒമ്പത് റൺസിന് തോൽപിച്ച് ലോകകപ്പിൽ മുത്തമിട്ടത്.
ആൾറൗണ്ടറായ നിദ ദർ ആണ് പാകിസ്താന് വേണ്ടി ട്വന്റി 20യിൽ ആദ്യമായി 100 വിക്കറ്റ് നേടിയ വനിത താരം. 84 ഏകദിനങ്ങളിൽ 1290 റൺസും 74 വിക്കറ്റും നേടിയ നിദ 108 ട്വന്റി 20യിൽ 1207 റൺസും 103 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.