‘ചിലർക്ക് ആ സന്തോഷം ദഹിച്ചിട്ടുണ്ടാവില്ല, ഇതിന് പിന്നിൽ വൻ ഗൂഢാലോചന’; വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിൽ വിജേന്ദർ സിങ്
text_fieldsപാരിസ്: അധികഭാരത്തെ തുടർന്ന് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിൽ രൂക്ഷ പ്രതികരണവുമായി ഇന്ത്യയുടെ മുൻ ബോക്സിങ് താരവും 2008ലെ ബെയ്ജിങ് ഒളിമ്പിക്സ് മെഡൽ ജേതാവുമായ വിജേന്ദർ സിങ്. ഇത് ഇന്ത്യക്കും രാജ്യത്തെ ഗുസ്തി താരങ്ങൾക്കുമെതിരായ വൻ ഗൂഢാലോചനയാണെന്ന് വിജേന്ദർ ആരോപിച്ചു. ആർക്കൊക്കെയോ പ്രശ്‌നങ്ങളുണ്ടായെന്നും അതിനാലാണ് അയോഗ്യയാക്കാനുള്ള നടപടി സ്വീകരിച്ചതെന്നും എനിക്ക് തോന്നുന്നു. 100 ഗ്രാം കുറക്കാൻ അവൾക്ക് അവസരം ലഭിക്കേണ്ടതായിരുന്നുവെന്നും വിജേന്ദർ കൂട്ടിച്ചേർത്തു.
‘ഇന്ത്യക്കും രാജ്യത്തെ ഗുസ്തി താരങ്ങൾക്കുമെതിരായ വലിയ ഗൂഢാലോചനയാണിത്. അവളുടെ പ്രകടനം അഭിനന്ദനം അർഹിക്കുന്നു. ചിലർക്ക് ആ സന്തോഷം ദഹിച്ചിട്ടുണ്ടാവില്ല. ഒരു രാത്രികൊണ്ട് നമുക്ക് അഞ്ച് മുതൽ ആറ് കിലോഗ്രാം വരെ കുറക്കാം, അപ്പോൾ 100 ഗ്രാമിന് എന്താണ് പ്രശ്നം. ആർക്കൊക്കെയോ പ്രശ്‌നങ്ങളുണ്ടായെന്നും അതിനാലാണ് അയോഗ്യയാക്കാനുള്ള നടപടി സ്വീകരിച്ചതെന്നും എനിക്ക് തോന്നുന്നു. 100 ഗ്രാം കുറക്കാൻ അവൾക്ക് അവസരം ലഭിക്കേണ്ടതായിരുന്നു. ഒളിമ്പിക്‌സിൽ പങ്കെടുത്തിട്ടുള്ള ഞാൻ ഇതുവരെ ഇങ്ങനെയൊന്നും കണ്ടിട്ടില്ല’ -വിജേന്ദർ ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാജ്യത്തിനായി ബോക്സിങ്ങിൽ ആദ്യമായി മെഡൽ നേടിയ താരമാണ് വിജേന്ദർ.
ഗുസ്തിയിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗം പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെയടക്കം വീഴ്ത്തി ഫൈനലിലേക്ക് കുതിച്ച വിനേഷിലൂടെ ഒരിക്കൽ കൂടി ഒളിമ്പിക്സ് സ്വർണമെഡൽ ഇന്ത്യയിലെത്തുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു ഇന്ത്യ. എന്നാൽ, 100 ഗ്രാം അധിക തൂക്കത്തിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടതോടെ സ്വർണത്തിനായുള്ള കാത്തിരിപ്പും സ്വപ്നങ്ങളും വീണുടയുകയായിരുന്നു.
ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നതടക്കമുള്ള പരാതികളുയർന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനും കൂട്ടാളികൾക്കുമെതിരെ തെരുവിലിറങ്ങി സമരം ചെയ്ത വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക്സിലെ ഫൈനൽ പ്രവേശം രാജ്യം ആഘോഷമാക്കിയതായിരുന്നു. മാസങ്ങൾ നീണ്ട സമരത്തിനിടെ ഡൽഹിയിലെ തെരുവിൽ വലിച്ചിഴക്കപ്പെടുകയും സമാനതകളില്ലാത്ത അപമാനത്തിനിരയാകുകയും ചെയ്ത വിനേഷിന്റെ ഒളിമ്പിക്സിലെ ഉജ്വല പ്രകടനം പലർക്കുമുള്ള മറുപടിയായി കൂടി വിലയിരുത്തപ്പെടുന്നതിനിടെയാണ് ഭാരപരിശോധനയിൽ പരാജയപ്പെട്ട് താരം പുറത്താകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.