പാകിസ്താനിൽ അട്ടിമറി; ചരിത്രമെഴുതി ബംഗ്ലാദേശ്
text_fieldsറാവൽപിണ്ടി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്താന് സ്വന്തം മണ്ണിൽ നാണംകെട്ട തോൽവി. 10 വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ ചരിത്ര ജയം. പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് ജയമാണ് ബംഗ്ലാദേശിന്റേത്. റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ജയിക്കാൻ 30 റൺസ് മാത്രം വേണ്ടിയിരുന്ന സന്ദർശകരെ സാകിർ ഹസനും (15 നോട്ടൗട്ട്) ഷദ്മാൻ ഇസ്‍ലാമും (9 നോട്ടൗട്ട്) ചേർന്ന് അനായാസ ജയത്തിലെത്തിക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനായി 191 റൺസെടുത്ത മുഷ്ഫിഖുർ റഹീം ആണ് മത്സരത്തിലെ താരം. ഒരു വിക്കറ്റിന് 23 റൺസെന്ന നിലയിൽ അഞ്ചാം ദിവസം കളിയാരംഭിച്ച പാകിസ്താനെ നാല് വിക്കറ്റ് നേടിയ മെഹ്ദി ഹസൻ മിറാസും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാകിബുൽ ഹസനും ചേർന്ന് എറിഞ്ഞൊതുക്കുകയായിരുന്നു.
ആദ്യ ഇന്നിങ്സിൽ പുറത്താവാതെ 171 റൺസെടുത്ത മുഹമ്മദ് റിസ്‍വാന്റെയും 141 റൺസെടുത്ത സൗദ് ഷക്കീലിന്റെയും സെഞ്ച്വറികളുടെയും സയിം അയൂബിന്റെ (56) അർധസെഞ്ച്വറിയുടെയും മികവിൽ പാകിസ്താൻ ആറ് വിക്കറ്റിന് 448 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ആതിഥേയരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ഇരട്ട സെഞ്ച്വറിക്കരികെ വീണ മുഷ്ഫിഖുർ റഹീമിന് പുറമെ ഷദ്മാൻ ഇസ്‍ലാം (93), മോമിനുൽ ഹഖ് (50), ലിട്ടൺ ദാസ് (56), മെഹ്ദി ഹസൻ മിറാസ് (77) എന്നിവരും ബാറ്റെടുത്ത് റണ്ണടിച്ചപ്പോൾ പിറന്നത് 565 റൺസ്.
117 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെ ബംഗ്ലാദേശ് ബൗളർമാർ 146ൽ എറിഞ്ഞിടുകയായിരുന്നു. 51 റൺസെടുത്ത മുഹമ്മദ് റിസ്‍വാന് മാത്രമാണ് പാക് നിരയിൽ കാര്യമായ സംഭാവന നൽകാനായത്. അബ്ദുല്ല ഷഫീഖ് (37), ബാബർ അസം (22), ഷാൻ മസൂദ് (14) എന്നിവർ മാത്രമാണ് ഇതിന് പുറമെ രണ്ടക്കം കടന്നത്. സയിം അയൂബ് (1), സൗദ് ഷകീൽ (0), ആഗ സൽമാൻ (0), ഷഹീൻ ഷാ അഫ്രീദി (2), നസീം ഷാ (3), മുഹമ്മദ് അലി (0), എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന. ഖുറം ഷഹ്സാദ് അഞ്ച് റൺസുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി മെഹ്ദി ഹസൻ മിറാസ് 21 റൺസ് മാത്രം വഴങ്ങി നാലും ഷാകിബുൽ ഹസൻ 44 റൺസ് വഴങ്ങി മൂന്നും വിക്കറ്റുകൾ വീതം പിഴുതപ്പോൾ ഷോരിഫുൽ ഇസ്‍ലാം, ഹസൻ മഹ്മൂദ്, നാഹിദ് റാണ എന്നിവർ ഓരോ വിക്കറ്റ് നേടി.
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അടുത്ത പോരാട്ടം ആഗസ്റ്റ് 30ന് ആരംഭിക്കും. ഇതിൽ ജയിക്കാനായില്ലെങ്കിൽ ബംഗ്ലാദേശിനെതിരെ ആദ്യ പരമ്പര നഷ്ടമെന്ന നാണക്കേടും പാകിസ്താനെ കാത്തിരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.