ചൈനയിലെ കോവിഡ്; ഏഷ്യൻ ഗെയിംസ് മാറ്റി
text_fieldsബെയ്ജിങ്/താഷ്കന്റ്: ചൈനയിൽ കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് ഹാങ്ഷൗവിൽ ഈവർഷം സെപ്റ്റംബർ 10 മുതൽ 25 വരെ നടക്കേണ്ടിയിരുന്ന 19ാമത് ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കും.
ചൈനീസ് ഒളിമ്പിക് കമ്മിറ്റി, ഹാങ്ഷൗ ഏഷ്യൻ ഗെയിംസ് സംഘാടക സമിതി എന്നിവയുമായി ചർച്ച ചെയ്ത് ഏഷ്യൻ ഗെയിംസ് നീട്ടിവെക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ഉസ്ബെകിസ്താനിലെ താഷ്കന്റിൽ വെള്ളിയാഴ്ച ചേർന്ന ഒളിമ്പിക് കമ്മിറ്റി ഓഫ് ഏഷ്യ നിർവാഹകസമിതി അറിയിച്ചു.
ഡിസംബർ 20 മുതൽ 28 വരെ ചൈനയിലെ ഷാന്റൗവിൽ നടക്കേണ്ട മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസ് റദ്ദാക്കുകയും ചെയ്തു. അടുത്ത യൂത്ത് ഏഷ്യൻ ഗെയിംസ് 2025ൽ താഷ്കന്റിൽ നടക്കും. ജൂൺ 26 മുതൽ ജൂലൈ ഏഴു വരെ ചെങ്ദുവിൽ നടക്കേണ്ട ലോക സർവകലാശാല ഗെയിംസും മാറ്റിയിട്ടുണ്ട്. ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ ഉയർന്നതാണ് ഏഷ്യൻ ഗെയിംസിന് തിരിച്ചടിയായത്. ഹാങ്ഷൗ ഉൾപ്പെടുന്ന ഷീജിയാങ് പ്രവിശ്യയിൽ പുതിയ കോവിഡ് തരംഗത്തിൽ 3124 പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മരണവുമുണ്ടായി.
ഹാങ്ഷൗവിന് 175 കി.മീ അകലെയുള്ള ഷാങ്ഹായിയിൽ പ്രതിദിന കേസുകൾ റെക്കോഡ് എണ്ണത്തിലേക്ക് ഉയർന്നിട്ടുണ്ട്. 61 ഇനങ്ങളിലായി 11,000 അത്‍ലറ്റുകൾ മാറ്റുരക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ഏഷ്യൻ ഗെയിംസ് മാറ്റിവെച്ചത് ഇന്ത്യയിൽനിന്നടക്കമുള്ള അത്‍ലറ്റുകൾക്ക് തിരിച്ചടിയാണ്. ഇനി ഈ വർഷം ഗെയിംസ് നടക്കാൻ സാധ്യതയില്ലെന്നിരിക്കെ അന്തിമഘട്ട തയാറെടുപ്പുകൾ നടത്തുന്ന അത്‍ലറ്റുകൾക്ക് പരിശീലനക്രമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടിവരും.
ഇതിനകം ഏഷ്യൻ ഗെയിംസിന് യോഗ്യത നേടിയതിനാൽ പരിശീലനം അതിനനുസരിച്ചാക്കിയ അത്‍ലറ്റുകൾക്ക് അവ പുനഃക്രമീകരിക്കേണ്ടിയുംവരും.
അതേസമയം, ചില അത്‍ലറ്റുകൾക്ക് തയാറെടുപ്പുകൾക്ക് കൂടുതൽ സമയം ലഭിക്കുമെന്ന മെച്ചവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. യോഗ്യത നേടുന്നതിനുള്ള അന്തിമ സമയം നീട്ടുമെോയെന്ന കാര്യത്തിൽ ഒളിമ്പിക് കമ്മിറ്റി ഓഫ് ഏഷ്യ തീരുമാനം വ്യക്തമാക്കിയിട്ടില്ല. സമയം നീട്ടുകയാണെങ്കിൽ മലയാളി അത്‍ലറ്റുകളടക്കമുള്ളവർക്ക് ഗുണം ചെയ്യും. ഏഷ്യൻ ഗെയിംസ് നീട്ടിവെച്ചത് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ചില അത്‍ലറ്റുകൾക്കെങ്കിലും നിരാശജനകമായിരിക്കുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ രാജീവ് മേത്ത പറഞ്ഞു.
ഗെയിംസ് നീട്ടിയത് നിരാശയുളവാക്കുന്നതാണെങ്കിലും തയാറെടുപ്പുകൾക്ക് കൂടുതൽ സമയം ലഭിക്കുമെന്നതിനാൽ പോസിറ്റിവായാണ് കാണുന്നതെന്ന് ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോൾകീപ്പർ പി.ആർ. ശ്രീജേഷ് അഭിപ്രായപ്പെട്ടു. ഏഷ്യൻ ഗെയിംസിനായി പ്രത്യേകം പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന തന്നെപ്പോലുള്ളവർക്ക് ഗെയിംസ് നീട്ടിയത് തിരിച്ചടിയാണെന്ന് മലയാളി നീന്തൽ താരവും ഒളിമ്പ്യനുമായ സാജൻ പ്രകാശ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.