മുംബൈയുടെ പത്താമനും പതിനൊന്നാമനും സെഞ്ച്വറി; അപൂർവ റെക്കോഡ് രഞ്ജിയിൽ
text_fieldsമുംബൈ: ഒരു ടീമിൽ പത്താം നമ്പറിലും പതിനൊന്നാം നമ്പറിലും ബാറ്റിങ്ങിന് ഇറങ്ങുന്നവർ സെഞ്ച്വറി നേടുക, പതിനൊന്നാം വിക്കറ്റിൽ 232 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കുക! ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവം മാത്രമായി സംഭവിക്കുന്ന റെക്കോഡ് രഞ്ജി ട്രോഫിയിൽ സ്വന്തമാക്കി മുംബൈയുടെ വാലറ്റക്കാരായ തനുഷ് കൊടിയാനും തുഷാര്‍ ദേശ്പാണ്ഡെയും.
രഞ്ജി ക്വാര്‍ട്ടറിൽ ബറോഡക്കെതിരായ മത്സരത്തിലാണ് മുംബൈയുടെ ചരിത്ര നേട്ടം. പത്താമനായി ഇറങ്ങിയ തനുഷ് പുറത്താകാതെ 129 പന്തിൽ 120 റൺസെടുത്തു. പതിനൊന്നാമനായി ക്രീസിലെത്തിയ തുഷാർ 129 പന്തിൽ 123 റൺസെടുത്ത് പുറത്തായി. ഇരുവരും പതിനൊന്നാം വിക്കറ്റിൽ 232 റണ്‍സാണ് മുംബൈയുടെ സ്കോർ ബോർഡിൽ കൂട്ടിചേർത്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തില്‍ 78 വര്‍ഷത്തിനിടെ ആദ്യമായാണ് പത്താമതും പതിനൊന്നാമതും ഇറങ്ങുന്ന ബാറ്റര്‍മാര്‍ സെഞ്ച്വറി നേടുന്നത്.
1946ല്‍ ചന്ദു സര്‍വാതെയും ഷുതെ ബാനര്‍ജിയുമാണ് ഈ നേട്ടം സ്വന്തമാക്കിയത്. രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് പതിനൊന്നാമനായി ഇറങ്ങുന്ന ഒരു ബാറ്റര്‍ സെഞ്ച്വറി നേടുന്നത്. ആദ്യ ഇന്നിങ്സില്‍ മുംബൈ 384 റൺസിനും ബറോഡ 348 റണ്‍സിനും പുറത്തായിരുന്നു. രണ്ടാം ഇന്നിങ്സിലാണ് മുംബൈക്കായി ഇരുവരും അദ്ഭുതപ്രകടനം പുറത്തെടുത്തത്. മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്ത് നില്‍ക്കുമ്പോഴാണ് ഇരുവരും ക്രീസില്‍ ഒന്നിക്കുന്നത്. 115 പന്തിലാണ് തനുഷ് സെഞ്ച്വറിയിലെത്തിയത്. ദേശ്പാണ്ഡെ 112 പന്തിലും.
പത്താം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്‍റെ റെക്കോഡ് ഇരുവര്‍ക്കും ഒരു റണ്‍സകലെ നഷ്ടമായി. 1991-92 രഞ്ജി സീസണില്‍ പത്താം വിക്കറ്റില്‍ 233 റണ്‍സടിച്ച മനീന്ദര്‍ സിങ്ങിന്‍റെയും അജയ് ശര്‍മയുടെ പേരിലാണ് അവസാന വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്‍റെ റെക്കോര്‍ഡ്. ഇരുവരുടെയും ബാറ്റിങ് കരുത്തില്‍ ബറോഡക്ക് മുമ്പിൽ വമ്പൻ വിജയലക്ഷ്യമാണ് മുംബൈ മുന്നോട്ടുവെച്ചത്.
നിലവിൽ ബറോഡ രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെടുത്തിട്ടുണ്ട്. ഒമ്പതു വിക്കറ്റുകളും 43 ഓവറുകളും ബാക്കി നിൽക്കെ, ബറോഡക്ക് ജയിക്കാൻ ഇനിയും 529 റൺസ് കൂടി വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.