ആറാടി ധോണി; കൊൽക്കത്തക്ക് ജയിക്കാൻ 132
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2022 എഡിഷന്റെ ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കൊൽക്കത്ത നൈറ്റൈഡേഴ്സിന് 132 റൺസ് വിജയലക്ഷ്യം. പ്രായമായാലും തന്റെ ബാറ്റിങ് മികവ് കൈമോശം വന്നിട്ടില്ലെന്ന് തെളിയിച്ച ഇന്നിങ്സുമായി എം.എസ്. ധോണിയാണ് (38 പന്തിൽ 50 നോട്ടൗട്ട്) ചെന്നൈയെ ചുമലിലേറ്റിയത്. 10.5 ഓവറിൽ അഞ്ചിന് 61 റൺസെന്ന നിലയിൽ തകർന്ന ചെന്നൈയെ അവസാന ഓവറുകളിൽ ആഞ്ഞടിച്ച ധോണി ഭേദപ്പെട്ട സ്കോറിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു. നായകൻ രവീന്ദ്ര ജദേജ (26 നോട്ടൗട്ട്) ധോണിക്ക് മികച്ച പിന്തുണ നൽകി.
ആദ്യ ഓവറിൽ തന്നെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച റൺവേട്ടക്കാരനായ റുതുരാജ് ഗെയ്ക്‍വാദിനെ പൂജ്യത്തിന് പുറത്താക്കി ഉമേഷ് യാദവ് കൊൽക്കത്തയുടെ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. ഓപണർ ഡെവോൻ കോൺവേയെ (3) ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് ഉമേഷ് ചെന്നൈക്ക് ഇരട്ടപ്രഹരമേൽപിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ രണ്ടിന് 35 റൺസെന്ന നിലയിലായിരുന്നു ചെന്നൈ.
21 പന്തിൽ രണ്ട് വീതം സിക്സും ഫോറുമടിച്ച റോബിൻ ഉത്തപ്പ കത്തിക്കയറി വരവേ വരുൺ ചക്രവർത്തിയുടെ മുന്നിൽ വീണു. വിക്കറ്റ് കീപ്പർ ഷെൽഡൺ ജാക്സൺ സ്റ്റംപ് ചെയ്യുകയായിരുന്നു. സ്കോർ 52ൽ എത്തിനിൽക്കേ അമ്പാട്ടി റായുഡു (15) റണ്ണൗട്ടായി മടങ്ങി. ശിവം ദുബെ (3) വന്നപോലെ മടങ്ങി. ആന്ദ്രേ റസലിന്റെ പന്തിൽ നരെയ്ൻ പിടികൂടുകയായിരുന്നു. പിന്നാലെ മുൻ നായകൻ ധോണിയും ജദേജയും ക്രീസിൽ ഒത്തുചേർന്നു. ഇരുവരും ശ്രദ്ധയോടെയാണ് ബാറ്റുവീശിയത്. എന്നാൽ ഇന്നിങ്സിന്റെ അന്ത്യത്തോട് അടുത്തതോടെ ധോണി കത്തിക്കയറി. റസൽ എറിഞ്ഞ 18ാം ഓവറിൽ മൂന്ന് ബൗണ്ടറി സഹിതം ചെന്നൈ 14 റൺസ് നേടി. അവസാന മൂന്ന് ഓവറിൽ 47 റൺസാണ് ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.