17 റൺസ് ജയം; ട്വന്റി20 പരമ്പരയും തൂത്തുവാരി ഇന്ത്യ
text_fieldsകൊൽക്കത്ത: മുഴുവൻ സമയ നായകനായ ശേഷമുള്ള ആദ്യ പരമ്പരകളിൽ രോഹിത് ശർമക്ക് നൂറിൽ നൂറ്. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരക്കുപിന്നാലെ ട്വന്റി20 പരമ്പരയും തൂത്തുവാരി ഇന്ത്യ ആധിപത്യമുറപ്പിച്ചു.
മൂന്നാം ട്വന്റി20യിൽ 17 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 184 റൺസടിച്ച ഇന്ത്യ വിൻഡീസ് ഇന്നിങ്സ് ഒമ്പതിന് 167ലൊതുക്കി. മൂന്നു വിക്കറ്റെടുത്ത ഹർഷൽ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ദീപക് ചഹാറും വെങ്കിടേഷ് അയ്യരും ശർദുൽ ഠാകൂറും ചേർന്നാണ് വിൻഡീസിനെ തളച്ചത്. 61 റൺസെടുത്ത നികോളാസ് പൂരൻ മാത്രമാണ് കരീബിയൻനിരയിൽ പിടിച്ചുനിന്നത്.
നേരത്തേ 31 പന്തിൽ 65 റൺസടിച്ച സൂര്യകുമാർ യാദവാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. 19 പന്തിൽ പുറത്താവാതെ 35 റൺസ് നേടിയ വെങ്കിടേഷ് അയ്യർ മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 37 പന്തിൽ കൂട്ടിച്ചേർത്തത് 91 റൺസ്.
ഇഷാൻ കിഷനും (31 പന്തിൽ 34) ശ്രേയസ് അയ്യരും (16 പന്തിൽ 25) ആണ് ഇന്ത്യക്കായി തിളങ്ങിയ മറ്റു രണ്ടുപേർ. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച ഋതുരാജ് ഗെയ്ക്വാദും (എട്ടു പന്തിൽ നാല്) നാലാം നമ്പറിലേക്കിറങ്ങിയ രോഹിതും (15 പന്തിൽ ഏഴ്) ചെറിയ സ്കോറിൽ പുറത്തായി.
മൂന്നാം ഓവറിൽ ഗെയ്ക്വാദ് മടങ്ങിയശേഷം കിഷനും ശ്രേയസും ചേർന്ന് രണ്ടാം വിക്കറ്റിൽ 32 പന്തിൽ അർധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും ഇരുവരും അടുത്തടുത്ത് പുറത്തായി. പിന്നാലെ രോഹിത് താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയും ചെയ്തതോടെ ഇന്ത്യ 15-ാം ഓവറിൽ നാലിന് 94 റൺസ് എന്ന നിലയിലായി.
തുടർന്നായിരുന്നു സൂര്യകുമാർ-വെങ്കിടേഷ് ഷോ. സൂര്യകുമാർ ഏഴു സിക്സും ഒരു ഫോറും പായിച്ചപ്പോൾ വെങ്കിടേഷ് രണ്ടു സിക്സും നാലു ഫോറും നേടി.
വിൻഡീസ് നിരയിൽ ജേസൺ ഹോൾഡർ, റൊമാരിയോ ഷെഫേർഡ്, റോസ്റ്റൺ ചേസ്, ഹെയ്ഡൻ വാൽഷ്, ഡൊമിനിക് ഡ്രെയ്ക്സ് എന്നിവർ ഓരോ വിക്കറ്റെടുത്തു. ഇന്ത്യക്കായി പേസർ ആവേശ് ഖാൻ അരങ്ങേറ്റം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.