ഗുജറാത്ത് ടൈറ്റൻസിന് ജയിക്കാൻ 178
text_fieldsമുംബൈ: ഐ.പി.എല്ലിൽ പ്ലേഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാവാൻ വെമ്പുന്ന ഗുജറാത്ത് ടൈറ്റൻസിന് അതിലേക്കുള്ള ദൂരം 178 റൺസ്. മുംബൈ ഇന്ത്യൻസാണ് 20 ഓവറിൽ ആറു വിക്കറ്റിന് 177 റൺസെടുത്ത് ഗുജറാത്തിന് മുന്നിൽ ഭേദപ്പെട്ട ലക്ഷ്യം മുന്നോട്ടുവെച്ചത്.
ആരും അർധ ശതകം നേടാത്ത ഇന്നിങ്സിൽ ഇഷാൻ കിഷൻ (29 പന്തിൽ 45), ടിം ഡേവിഡ് (21 പന്തിൽ 44 നോട്ടൗട്ട്), നായകൻ രോഹിത് ശർമ (28 പന്തിൽ 43) എന്നിവരുടെ ബാറ്റിങ്ങാണ് മുംബൈക്ക് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഫോമിലുള്ള തിലക് വർമയും (16 പന്തിൽ 21) സൂര്യകുമാർ യാദവും (11 പന്തിൽ 13) വേണ്ടത്ര തിളങ്ങാതിരുന്നത് മുംബൈ കുതിപ്പിന് തടസ്സമായി. കീറൺ പൊള്ളാർഡ് (14 പന്തിൽ 4) തപ്പിത്തടയൽ തുടർന്നതും മുംബൈയെ ബാധിച്ചു. അവസാനഘട്ടത്തിൽ ഡേവിഡിന്റെ തകർപ്പനടികളാണ് മുംബൈക്ക് തുണയായത്.
നാലു സിക്സും രണ്ടു ബൗണ്ടറിയും പായിച്ച ഡേവിഡ് സ്കോർ 175 കടത്തി. നേരത്തേ, രോഹിതും കിഷനും തകർപ്പൻ തുടക്കമാണ് ടീമിന് നൽകിയത്. മുൻ മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പാടുപെട്ടിരുന്ന ഇരുവരും ഇത്തവണ തുടക്കത്തിലേ കത്തിക്കയറി. രോഹിത് രണ്ടു സിക്സും അഞ്ചു ഫോറും കിഷൻ ഒരു സിക്സും അഞ്ചും ഫോറും പായിച്ചപ്പോൾ സ്കോർ ഏഴു ഓവറിൽ 70 കടന്നു. ഒടുവിൽ റിവേഴ്സ് സ്വീപിനുള്ള ശ്രമത്തിൽ രോഹിതിനെ വിക്കറ്റിനുമുന്നിൽ കുടുക്കി റാഷിദ് ഖാൻ ആണ് ഗുജറാത്തിന് ബ്രേക്ക്ത്രൂ നൽകിയത്.
പിന്നീട് സ്കോറുയർത്താനുള്ള ശ്രമത്തിൽ സൂര്യകുമാറും കിഷനും മടങ്ങുകയും പൊള്ളാർഡിന്റെ കുറ്റി റാഷിദ് പിഴുതെടുക്കുകയും ചെയ്തപ്പോൾ മുംബൈ നാലിന് 119 എന്ന നിലയിലായി. പിന്നീടായിരുന്നു ഡേവിഡിന്റെ തകർപ്പനടികൾ. ഗുജറാത്തിനായി റാഷിദ് ഖാൻ 24 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൺ, പ്രദീപ് സാങ്‍വാൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.