Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്ട്രേലിയക്ക് 19 റൺസ്...

ആസ്ട്രേലിയക്ക് 19 റൺസ് വിജയലക്ഷ്യം; ഇന്ത്യ 175 റൺസിന് പുറത്ത്

text_fields
bookmark_border
ആസ്ട്രേലിയക്ക് 19 റൺസ് വിജയലക്ഷ്യം; ഇന്ത്യ 175 റൺസിന് പുറത്ത്
cancel

അഡലെയ്ഡ്: ബോർഡർ ഗവാസ്കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ തോൽവി ഉറപ്പിച്ചു. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 175 റൺസിന് പുറത്തായി. 19 റൺസാണ് ആസ്ട്രേലിയയുടെ വിജയലക്ഷ്യം.

ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നട്ടെല്ലൊടിച്ചത്. ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിലും അൽപമെങ്കിലും പൊരുതിന്നെത് നിതീഷ് കുമാർ റെഡ്ഡിയാണ്. 47 പന്തിൽ 42 റൺസെടുത്താണ് താരം പുറത്തായത്. ഒന്നാം ഇന്നിങ്സിലും നിതീഷ് കുമാർ (42 റൺസ്) തന്നെയായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ.

മൂന്നാം ദിനം അഞ്ച് വിക്കറ്റിന് 128 റൺസെന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്കോർ ബോർഡ് തുറക്കുന്നതിനു മുമ്പേ ഋഷഭ് പന്തിന്‍റെ വിക്കറ്റ് നഷ്ടമായി. 31 പന്തിൽ 28 റൺസെടുത്ത പന്തിനെ മിച്ചൽ സ്റ്റാർക്ക് സ്മിത്തിന്‍റെ കൈകളിലെത്തിച്ചു. ഒരറ്റത്ത് നിതീഷ് കുമാർ പൊരുതിനിന്നെങ്കിലും 14 പന്തിൽ ഏഴു റൺസെടുത്ത ആർ. അശ്വിൻ കമ്മിൻസിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി മടങ്ങി. ഹർഷിത് റാണയും (പൂജ്യം) വന്നപോലെ മടങ്ങി. കമ്മിൻസിന്‍റെ പന്തിൽ ഖ്വാജക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ഇതിനിടെ വമ്പനടികൾക്ക് ശ്രമിച്ച നിതീഷ് കുമാറിനെയും കമ്മിൻസ് മക്സ്വീനെയുടെ കൈകളിലെത്തിച്ചു.

എട്ടു പന്തിൽ ഏഴു റൺസെടുത്ത മുഹമ്മദ് സിറാജിനെ ബോളണ്ടും മടക്കിയതോടെ ഇന്ത്യയുടെ ഇന്നിങ്സ് 175 റൺസിൽ അവസാനിച്ചു. 180 റൺസെന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറിന് മറുപടിയായി ഓസീസിനെ ട്രാവിസ് ഹെഡ്ഡിന്റെ (140) തകർപ്പൻ സെഞ്ച്വറി 337ൽ എത്തിച്ചിരുന്നു. പേസർമാരായ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് സിറാജിന്റെയും നാല് വിക്കറ്റ് പ്രകടനമാണ് ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് ലീഡ് 157ൽ ഒതുക്കിയത് മിച്ചം.

ആദ്യ ദിനം ഒരു വിക്കറ്റിന് 86 റൺസിലാണ് ഓസീസ് കളി നിർത്തിയത്. പിറ്റേന്ന് ഇവരെ 337ൽ പുറത്താക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ തിരിച്ചടിക്കാമെന്ന പ്രതീക്ഷയിൽ ബാറ്റിങ്ങിന് ഇറങ്ങി. എന്നാൽ, നാലാം ഓവറിൽ ഓപണർ കെ.എൽ. രാഹുലിനെ (7) ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് വിക്കറ്റിന് പിറകിലുണ്ടാ‍യിരുന്ന അലക്സ് കാരിയുടെ കൈകളിലേക്കയക്കുമ്പോൾ സ്കോർ ബോർഡിൽ 12. ഒന്നാം ഇന്നിങ്സിലെ ആദ്യ പന്തിൽത്തന്നെ വീണ ഓപണർ യശസ്വി ജയ്സ്വാൾ 28 റൺസ് സംഭാവന ചെയ്ത് മറ്റൊരു പേസറായ സ്കോട്ട് ബോളണ്ടിന് വിക്കറ്റ് സമ്മാനിച്ചു. കാരിക്ക് രണ്ടാം ക്യാച്ച്. 42ൽ രണ്ടാം ഓപണറെയും നഷ്ടമായ ഇന്ത്യയെ കരകയറ്റേണ്ട ചുമതല ശുഭ്മൻ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും ചുമലുകളിലായി.

ഒരിക്കൽക്കൂടി പരാജിതനായ കോഹ്‌ലി (11) കാരിയുടെ ഗ്ലൗസിൽത്തന്നെ അവസാനിച്ചു. ബോളണ്ടിനായിരുന്നു വിക്കറ്റ്. 66ൽ കോഹ്‌ലിയും കരക്ക് കയറിയതോടെ ഋഷഭ് പന്തെത്തി. മറുതലക്കൽ പ്രതീക്ഷ നൽകി‍യ ഗിൽ വ്യക്തിഗത സ്കോർ 28ൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ബൗൾഡായി. നാലിന് 86. ക്യാപ്റ്റൻ രോഹിതും പന്തും ചേർന്ന് സ്കോർ 100 കടത്തി. 105ൽ എത്തിയപ്പോൾ രോഹിത്തിന്റെ (5) കുറ്റി കമ്മിൻസ് തെറിപ്പിച്ചു. ഇവിടെ വെച്ചാണ് പന്തും റെഡ്ഡിയും സംഗമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Cricket Teamborder gavaskar trophyNitish Kumar Reddy
News Summary - 19 runs target for Australia; India all out for 175 runs
Next Story