ഗുഡ് ന്യൂസ് തുടരാൻ; ഇന്ത്യ-ന്യൂസിലൻഡ് പരമ്പരയിലെ ഒന്നാം ഏകദിനം ഇന്ന് ഹൈദരാബാദിൽ
text_fieldsഹൈദരാബാദ്: കാര്യവട്ടത്ത് ലോക റെക്കോഡ് ജയത്തോടെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയതിനു പിന്നാലെ ഇന്ത്യൻ ടീമിന് വീണ്ടും ക്രിക്കറ്റ് നാളുകൾ. ന്യൂസിലൻഡുമായി മൂന്നു മത്സര ഏകദിന പരമ്പരയിലെ ആദ്യ കളി ബുധനാഴ്ച ഹൈദരാബാദിൽ നടക്കും. രോഹിത് ശർമ നയിക്കുന്ന ആതിഥേയ സംഘം ചില മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. പ്രമുഖരുടെ അഭാവം ടോം ലതാം ക്യാപ്റ്റനായ കിവിനിരയിലുമുണ്ട്.
ശ്രേയസിനു പരിക്ക്; പകരം പാട്ടിദാർ
പരിക്കേറ്റ മധ്യനിര ബാറ്റർ ശ്രേയസ് അയ്യരെ ഇന്ത്യൻ സംഘത്തിൽനിന്ന് ഒഴിവാക്കി. രജത് പാട്ടിദാറെയാണ് പകരം ഉൾപ്പെടുത്തിയിരിക്കുന്നത്. ശ്രേയസിന്റെ അഭാവം സൂര്യകുമാർ യാദവിന് അവസരമൊരുക്കാനാണ് സാധ്യത. വ്യക്തിപരമായ കാരണങ്ങളാൽ കെ.എൽ. രാഹുലും ടീമിലില്ല. ഇതോടെ ഇഷാൻ കിഷനെ പരിഗണിച്ചേക്കും. വിക്കറ്റ് കീപ്പറായ രാഹുലിനു പകരം ഗ്ലൗസണിയുന്ന ഇഷാനെ മധ്യനിരയിൽ ഇറക്കുന്നതിനെക്കുറിച്ചാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നത്. ബംഗ്ലാദേശിനെതിരെ നടന്ന അവസാന പരമ്പരയിൽ ഇരട്ട ശതകം നേടിയിട്ടും ശ്രീലങ്കക്കെതിരായ മത്സരങ്ങളിൽ പുറത്തിരിക്കേണ്ടിവന്ന താരമാണ് ഇഷാൻ. രോഹിതിനൊപ്പം ഇന്നിങ്സ് ഓപൺ ചെയ്ത ശുഭ്മൻ ഗിൽ ശതകവും അർധശതകവുമടക്കം മൂന്നു മത്സരങ്ങളിൽ 200ലധികം റൺസ് സ്കോർ ചെയ്തതോടെ സ്ഥാനം സുരക്ഷിതമാക്കി. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഉമ്രാൻ മാലികും ഉൾപ്പെടുന്ന പേസ് ബൗളിങ് നിരയും സ്പിന്നർ കുൽദീപ് യാദവും ഫോമിലാണ്. അക്സർ പട്ടേൽ ടീമിലില്ലാത്തതിനാൽ ഹാർദിക് പാണ്ഡ്യക്കു പുറമെ ഓൾറൗണ്ടറായി വാഷിങ്ടൺ സുന്ദറും ഷഹബാസ് അഹമ്മദും അവസരം പ്രതീക്ഷിക്കുന്നുണ്ട്.
വൻതോക്കുകളില്ലാതെ കിവികൾ
പരിചയസമ്പന്നരായ നാലു പ്രമുഖരുടെ കുറവ് ന്യൂസിലൻഡ് ടീമിനെ അലട്ടുന്നുണ്ട്. സ്ഥിരം നായകനും ബാറ്ററുമായ കെയ്ൻ വില്യംസൺ, പേസർമാരായ ടിം സൗത്തി, ട്രെന്റ് ബോൾട്ട് എന്നിവരില്ലാതെയാണ് കിവികൾ എത്തിയിരിക്കുന്നത്.
ശാരീരിക വിഷമതകൾ അനുഭവിക്കുന്ന സ്പിന്നർ ഇഷ് സോധിയും ഇന്നത്തെ മത്സരത്തിൽ കളിക്കില്ലെന്ന് ക്യാപ്റ്റൻ ടോം ലതാം അറിയിച്ചു. മറ്റു മത്സരങ്ങൾ ജനുവരി 21ന് റായ്പുരിലും 24ന് ഇന്ദോറിലും നടക്കും. അതിനുശേഷം മൂന്നു മത്സര ട്വന്റി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും.
ടീം ഇവരിൽനിന്ന്
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, കെ.എസ്. ഭരത്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹമ്മദ്, ഷാർദുൽ ഠാകുർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്.
ന്യൂസിലൻഡ്: ടോം ലതാം (ക്യാപ്റ്റൻ), ഫിൻ അലൻ, ഡഗ് ബ്രേസ്വെൽ, മൈക്കൽ ബ്രേസ്വെൽ, മാർക്ക് ചാപ്മാൻ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, ലോക്കി ഫെർഗൂസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, ഹെൻറി സോ ഷിപ്ലി, ബ്ലെയർ ടിക്നർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.