ഇന്ത്യ ഡ്രൈവിങ് സീറ്റിൽ; ദക്ഷിണാഫ്രിക്ക 94/4; വിജയലക്ഷ്യം 305 റൺസ്
text_fieldsകേപ് ടൗൺ: 305 റൺസ് വിജയലക്ഷ്യവുമായി ബാറ്റെടുത്ത ദക്ഷിണാഫ്രിക്ക തോൽവിക്കരികെ. ഇന്നിങ്സ് തുടങ്ങി രണ്ടാം ഓവറിൽ വിക്കറ്റ് വീഴ്ച തുടങ്ങി അതിവേഗ തകർച്ചയുടെ വക്കത്തായിട്ടും ഒറ്റയാനായി ക്യാപ്റ്റൻ ഡീൻ എൽഗാർ ചെറുത്തുനിൽപ് തുടരുകയാണ്.
ഒരു വിക്കറ്റിന് 16 റൺസ് എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യ നാലാം ദിവസം വലിയ ടോട്ടൽ ഉയർത്തുംമുമ്പ് കൂടാരം കയറുന്നതാണ് കണ്ടത്. മായങ്കിനെ തലേ ദിവസം നഷ്ടപ്പെട്ട സന്ദർശക നിരയിൽ ഇന്നലെ ആദ്യം കൂടാരം കയറിയത് ഷാർദുൽ താക്കൂർ. 10 റൺസായിരുന്നു സമ്പാദ്യം. ആദ്യ ഇന്നിങ്സിലെ സെഞ്ചൂറിയൻ കെ.എൽ രാഹുൽ 23 റൺസ് എടുത്തും മടങ്ങി. കാര്യമായ സമ്പാദ്യങ്ങളില്ലാതെ മധ്യനിര തിരികെ ഡ്രസ്സിങ് റൂമിലെത്തിയപ്പോൾ ചെറുതായെങ്കിലും പ്രതിരോധിച്ചുനിന്നത് ഋഷഭ് പന്ത് മാത്രം. 34 റൺസെടുത്ത് പിടിച്ചുനിന്ന താരത്തിന് കൂട്ടുനൽകാൻ ആരുമുണ്ടാകാതായതോടെ ഇന്നിങ്സ് 174ൽ അവസാനിച്ചു.
വിജയലക്ഷ്യം 305 റൺസ്. മറുപടി ബാറ്റിങ് ആരംഭിച്ച പ്രോട്ടീസ് നിരയിൽ എയ്ഡൻ മർക്രം ഒറ്റ റൺസ് എടുത്ത് മുഹമ്മദ് ഷമിക്ക് വിക്കറ്റ് സമ്മാനിച്ചു. വൺഡൗണായി എത്തിയ കീഗൻ പീറ്റേഴ്സൺ ക്യാപ്റ്റനൊപ്പം ചേർന്ന് കളി നയിച്ച് കൂടെ നിന്നെങ്കിലും 17 റൺസിൽ നിൽക്കെ മുഹമ്മദ് സിറാജ് മടക്കി. അതോടെ, തളർച്ച കാണിച്ചിടത്ത് കൂടെ കിട്ടിയവരെയൊക്കെയും കൂട്ടി എൽഗാർ പതിയെ ഇന്നിങ്സ് കരകയറ്റുന്ന ദൗത്യം ഏറ്റെടുത്തു. എന്നാൽ, രണ്ടാം സ്പെല്ലിനായി എത്തിയ ബുംറയുടെ പന്തിൽ ആദ്യം വാൻ ഡർ ഡസൻ (11റൺസ്) ക്ലീൻ ബൗൾഡായി. കേശവ് മഹാരാജിനെയും ബുംറ എറിഞ്ഞിട്ടു.
നാലാം ദിവസം കളി നിർത്തുമ്പോൾ അർധ സെഞ്ച്വറി കടന്ന് എൽഗാർ (52) ക്രീസിലുണ്ട്. അവസാന ദിവസം ആതിഥേയരെ നിലയുറപ്പിക്കാൻ അനുവദിക്കാതെ മടക്കിയാൽ ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് അനായാസ വിജയവുമായി ലീഡ് പിടിക്കാം.
കോഹ്ലിക്ക് വീണ്ടും സെഞ്ച്വറിയില്ലാ വർഷം
മുംബൈ: ഇന്ത്യൻ ടെസ്റ്റ് ടീം നായകനായ വിരാട് കോഹ്ലിക്ക് രാജ്യാന്തര ക്രിക്കറ്റിൽ ഒരു സെഞ്ച്വറി പോലും കുറിക്കാനാവാതെ ഒരു കലണ്ടർ വർഷം കൂടി. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിെൻറ രണ്ടാം ഇന്നിങ്സിൽ 18 റൺസിന് മടങ്ങിയതോടെയാണ് അവസാന അവസരവും നഷ്ടമായത്.
2020ലും കോഹ്ലി 100 തികച്ചിരുന്നില്ല. 2019ൽ ബംഗ്ലാദേശിനെതിരെ ഈഡൻ ഗാർഡൻസിലാണ് അവസാനമായി താരം സെഞ്ച്വറി തൊട്ടത്. ബുധനാഴ്ച 33ാം ഓവറിൽ മാർകോ ജാൻസെൻറ ഓവറിലായിരുന്നു മടക്കം. ഇതുവരെ 70 സെഞ്ച്വറി നേടി റെക്കോഡുകളേറെ കുറിച്ച താരം അടുത്തിടെയായി ഫോം കണ്ടെത്താൻ വിഷമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.