വാലറ്റത്ത് തകർത്തടിച്ച് അക്സറും ഷമിയും- 400ൽ ഇന്ത്യ; 223 റൺസ് ഒന്നാമിന്നിങ്സ് ലീഡ്
text_fieldsപിച്ചിനെ പഴിക്കുന്നതിലല്ല കാര്യമെന്ന് തെളിയിച്ച് മുന്നിൽ രോഹിതും മധ്യത്തിൽ ജഡേജയും തെളിച്ച വഴിയെ ബാറ്റുവീശി അക്സർ പട്ടേലും മുഹമ്മദ് ഷമിയും. സ്പിന്നർമാരുടെ പറുദീസയാകുമെന്ന് പ്രവചിച്ച നാഗ്പൂർ മൈതാനത്ത് കിടിലൻ പ്രകടനവുമായി ബാറ്റർമാർ നിറഞ്ഞാടിയപ്പോൾ ഇന്ത്യക്ക് ഒന്നാമിന്നിങ്സ് ലീഡ് 223 റൺസ്. 84 റൺസിൽ നിൽക്കെ അക്സർ പട്ടേൽ പുറത്തായതോടെ ഓസീസിനെതിരെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 400ൽ അവസാനിച്ചു. നേരത്തെ 177ന് ആസ്ട്രേലിയ എല്ലാവരും പുറത്തായിരുന്നു.
120 റൺസടിച്ച് ഓപണർ രോഹിത് നിറഞ്ഞാടിയ ഇന്ത്യൻ ചെറുത്തുനിൽപിൽ അതേ കരുത്തോടെ രവീന്ദ്ര ജഡേജയും മികച്ച ഫോം പുറത്തെടുത്തിരുന്നു. കൂടുതൽ വിക്കറ്റും അർധ സെഞ്ച്വറികളുമെന്ന പുതിയ ടെസ്റ്റ് റെക്കോഡിട്ട ജഡേജ മൂന്നാം ദിവസം തുടക്കത്തിൽതന്നെ മടങ്ങിയിട്ടും (70 റൺസ്) പതറാതെ മുന്നോട്ടുപോയ ഇന്ത്യൻ ബാറ്റിങ് ഓസീസിനെ ശരിക്കും മുനയിലാക്കിയാണ് അവസാനിച്ചത്.
പിടിച്ചുനിന്ന് കളിച്ച അക്സർ പട്ടേൽ 84 റൺസ് ചേർത്തപ്പോൾ തകർപ്പൻ അടികളുമായി ശ്രദ്ധയാകർഷിച്ച ഷമി 37 റൺസ് കുറിച്ചു. മൂന്നു സിക്സും രണ്ടു ഫോറുമടങ്ങിയതായിരുന്നു ഷമിയുടെ വെടിക്കെട്ട്. ഒരു റൺസുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.
മറുവശത്ത്, ആദ്യ ടെസ്റ്റിനിറങ്ങിയ ടോഡ് മർഫി ഏഴു വിക്കറ്റെടുത്ത് അരങ്ങേറ്റം ആഘോഷമാക്കി. ക്യാപ്റ്റൻ പാറ്റ് കമിൻസ് രണ്ടും നഥാൻ ലിയോൺ ഒന്നും വിക്കറ്റെടുത്തു.
നേരത്തെ ഏഴിന് 327 എന്ന നിലയിലാണ് മൂന്നാം ദിവസം ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.