ഹിസാർ സ്വദേശിയുടെ ആത്മഹത്യ; പൊലീസുകാരനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പ്രതി
text_fieldsന്യൂഡൽഹി: ഹിസാര്‍ സ്വദേശി പവന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേര്‍ക്കപ്പെട്ടവരില്‍ പൊലീസുകാരനായ മുന്‍ ഇന്ത്യൻ ക്രിക്കറ്റ് താരം ജോഗീന്ദര്‍ ശര്‍മയും. ഹരിയാനയിലെ ഡി.എസ്.പി ജോഗീന്ദര്‍ ഉൾപ്പെടെ ആറുപേരെയാണ് കേസിൽ പ്രതിചേർത്തത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ജനുവരി ഒന്നിനാണ് ഹിസാര്‍ സ്വദേശി 27കാരനായ പവന്‍ ജീവനൊടുക്കിയത്. ജോഗീന്ദര്‍ ശര്‍മ ഉള്‍പ്പെടെ ആറ് പേര്‍ മകനെ സ്വത്ത് തര്‍ക്ക കേസില്‍ മാനസികമായി പീഡിപ്പിച്ചെന്നും ഇതിന്‍റെ മനോവിഷമത്തിലാണ് മകന്‍ ജീവനൊടുക്കിയതെന്നും പവന്റെ മാതാവ് പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു. പവന്‍റെ മൃതദേഹം ഏറ്റെടുക്കാൻ വിസ്സമതിച്ച കുടുംബം, മകന്‍റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ഹിസാർ സി.എം.ഒ ഓഫിസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
ജോഗീന്ദറിനു പുറമെ, ഹോക്കി പരിശീലകൻ രാജേന്ദ്ര സിങ്, അജയ്‍വീർ, ഇശ്വാർ ജാജരിയ, പ്രേം ഖാട്ടി, അർജുൻ എന്നിവരാണ് കേസിൽ പ്രതിചേർക്കപ്പെട്ട മറ്റുള്ളവർ. എന്നാല്‍ കേസുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും പവന്‍ എന്ന് പറയുന്ന വ്യക്തിയെ അറിയില്ലെന്നും ജോഗീന്ദര്‍ ശര്‍മ പ്രതികരിച്ചു.
2004ൽ ഇന്ത്യക്കുവേണ്ടി അരങ്ങേറ്റം കുറിച്ച ജോഗീന്ദർ, 2007 ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പാകിസ്താനെതിരെ അവസാന ഓവര്‍ എറിഞ്ഞാണ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചത്. പിന്നാലെയാണ് ഹരിയാന പൊലീസിൽ ഡി.എസ്.പിയായി നിയമനം ലഭിക്കുന്നത്. 2023ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.