ലോകകപ്പിന് ഇന്ത്യയിൽ പോകാൻ പാക് ടീമിന് സർക്കാർ അനുമതി
text_fieldsഇസ്ലാമാബാദ്: ഒക്ടോബറിൽ ആരംഭിക്കുന്ന ഏകദിന ലോകകപ്പിനായി ഇന്ത്യയിലേക്കു പോകാൻ ദേശീയ ക്രിക്കറ്റ് ടീമിന് അനുമതി നൽകി പാകിസ്താൻ സർക്കാർ. സ്പോർട്സിനെ രാഷ്ട്രീയവുമായി കലർത്തരുതെന്നാണ് തങ്ങളുടെ എക്കാലത്തെയും നിലപാടെന്ന് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ‘‘സ്പോർട്സിനെ രാഷ്ട്രീയത്തിൽ കലർത്തരുതെന്ന് പാകിസ്താൻ സ്ഥിരമായി വാദിക്കുന്നു. അതിനാൽ, വരാനിരിക്കുന്ന ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് 2023ൽ പങ്കെടുക്കാൻ ക്രിക്കറ്റ് ടീമിനെ ഇന്ത്യയിലേക്ക് അയക്കാൻ ഞങ്ങൾ തീരുമാനിച്ചു. അന്താരാഷ്ട്ര കായികസംബന്ധമായ ബാധ്യതകൾ നിറവേറ്റുന്നതിന് ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധത്തിന്റെ നിലവിലെ അവസ്ഥ തടസ്സംനിൽക്കരുതെന്ന് ആഗ്രഹിക്കുന്നു’’ -പ്രസ്താവന തുടർന്നു.
‘‘ഏഷ്യാകപ്പിനായി ക്രിക്കറ്റ് ടീമിനെ പാകിസ്താനിലേക്ക് അയക്കാൻ ഇന്ത്യ വിസമ്മതിച്ചെങ്കിലും ക്രിയാത്മകവും ഉത്തരവാദിത്തമുള്ളതുമായ സമീപനമാണ് പാകിസ്താന്റെ തീരുമാനം കാണിക്കുന്നത്. എന്നിരുന്നാലും ഞങ്ങളുടെ ക്രിക്കറ്റ് ടീമിന്റെ സുരക്ഷയെക്കുറിച്ച് ആഴത്തിലുള്ള ആശങ്കകളുണ്ട്. ഞങ്ങൾ ഈ ആശങ്കകൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെയും ഇന്ത്യൻ അധികാരികളെയും അറിയിക്കുകയാണ്. പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാസന്ദർശന വേളയിൽ മുഴുവൻ സുരക്ഷയും ഉറപ്പാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’’ -പാക് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.