2025 ചാമ്പ്യൻസ് ട്രോഫി പാകിസ്താനിൽ നടക്കില്ല; പുതിയ വേദി ഉടൻ പ്രഖ്യാപിക്കും; യു.എ.ഇക്ക് സാധ്യത
text_fields2025ലെ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന് പാകിസ്താൻ വേദിയാകില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഉടൻ പുതിയ വേദി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
വേദി പാകിസ്താനിൽനിന്ന് മാറ്റി യു.എ.ഇയിലോ അതല്ലെങ്കിൽ ഹൈബ്രിഡ് മോഡലിലോ ടൂർണമെന്‍റ് നടത്താനാണ് ഐ.സി.സി നീക്കം. 1996നുശേഷം പാകിസ്താൻ വേദിയാകുന്ന പ്രധാന ഐ.സി.സി ടൂർമെന്‍റായിരുന്നു 2025ലെ ചാമ്പ്യൻസ് ട്രോഫി. ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ കടുത്ത എതിർപ്പിനെ തുടർന്നാണ് വേദി മാറ്റുന്നതെന്നാണ് വിവരം. കഴിഞ്ഞ ഏഷ്യ കപ്പ് പാകിസ്താനിൽ മാത്രമായി നടത്താനാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ഹൈബ്രിഡ് മോഡലിൽ ശ്രീലങ്ക കൂടി വേദിയാകുകയായിരുന്നു.
ടൂർണമെന്‍റ് ബഹിഷ്കരിക്കുമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്‍റെ ഭീഷണിക്കൊടുവിൽ ഇന്ത്യയുടെ മത്സരങ്ങളും ഫൈനലും ഉൾപ്പെടെ ശ്രീലങ്കയിൽ നടത്തുകയായിരുന്നു. രാഷ്ട്രീയ കാരണങ്ങളാൽ ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയക്കേണ്ടെന്ന നിലപാടിൽ തന്നെയാണ് ബി.സി.സി.ഐ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ കൂടിയായ ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായുടെ സമ്മർദത്തിനൊടുവിലാണ് ഏഷ്യ കപ്പിന് ശ്രീലങ്ക കൂടി വേദിയായത്.
ആതിഥേയത്വത്തിൽനിന്നു തങ്ങളെ മാറ്റിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് പി.സി.ബി ചെയർമാൻ നജാം സേത്തി അന്ന് പറഞ്ഞിരുന്നു. പാകിസ്താനിലേക്ക് ടീമിനെ അയക്കില്ല എന്ന ഇന്ത്യയുടെ നിലപാടാണ് ചാമ്പ്യൻസ് ട്രോഫി വേദി മാറ്റുന്നതിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, ഐ.സി.സിയോ പാക് ക്രിക്കറ്റ് ബോർഡോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ചാമ്പ്യൻസ് ട്രോഫിയുടെ വേദിയായി പാകിസ്താനെ പരിഗണിച്ചതിൽ പി.സി.ബിയും ക്രിക്കറ്റ് ആരാധകരും വലിയ സന്തോഷം പങ്കുവെച്ചിരുന്നു. റമീസ് രാജ ഉൾപ്പെടെയുള്ളവർ ഇതിന്‍റെ സന്തോഷം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.