ഒരോവറിൽ 28 റൺസ്, അതിശയ സിക്സ്; പന്തിന്റെ പ്രകടനത്തിന് എഴുന്നേറ്റുനിന്ന് കൈയടിച്ച് ഷാറൂഖ് ഖാൻ
text_fieldsവിശാഖപട്ടണം: ബുധനാഴ്ച അരങ്ങേറിയ കൊൽക്കത്തക്കെതിരായ ഐ.പി.എൽ പോരാട്ടത്തിൽ ഡൽഹി കാപിറ്റൽസ് 106 റൺസിന്റെ വമ്പൻ തോൽവി ഏറ്റുവാങ്ങിയെങ്കിലും ക്യാപ്റ്റൻ ഋഷബ് പന്തിന്റെ ബാറ്റിങ് പ്രകടനത്തിന് കൈയടിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.
272 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിക്കായി 25 പന്തിൽ അഞ്ച് സിക്സും നാല് ഫോറുമടക്കം 55 റൺസാണ് പന്ത് അടിച്ചെടുത്തത്. ഇതിൽ വെങ്കടേഷ് അയ്യർ എറിഞ്ഞ 12ാം ഓവറിൽ പന്ത് പറത്തിയത് രണ്ട് സിക്സും നാല് ഫോറുമാണ്. ഈ ഓവറിൽ മാത്രം 28 റൺസ് പിറന്നു. ആദ്യ പന്തിൽ ഫോറുമായി അയ്യരെ വരവേറ്റ പന്ത് അടുത്ത ബാൾ വൈഡ് ലോങ് ഓഫിലൂടെ സിക്സർ പായിച്ചു.
തൊട്ടടുത്ത പന്ത് ലെഗ് സൈഡിലേക്കെറിഞ്ഞപ്പോൾ ബാളിലേക്ക് നോക്കുക പോലും ചെയ്യാതെ ഫൈൻ ലെഗിലൂടെ ഗാലറിയിലെത്തിച്ചു. അതിശയ സിക്സർ കണ്ട് ഗാലറിയിലുണ്ടായിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയും ബോളിവുഡ് താരവുമായ ഷാറൂഖ് ഖാൻ അടക്കമുള്ളവർ സീറ്റിൽനിന്ന് എഴുന്നേറ്റ് കൈയടിച്ചു. തുടർന്നുള്ള മൂന്ന് പന്തുകളും ഫോറടിച്ചാണ് പന്ത് ആക്രമണം അവസാനിപ്പിച്ചത്. കാറപകടത്തിൽ പരിക്കേറ്റ് ദീർഘകാലം കളത്തിൽനിന്ന് വിട്ടുനിന്ന പന്ത് ഈ പ്രകടനത്തോടെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടമുറപ്പിച്ചെന്നാണ് ആരാധകരുടെ പക്ഷം.
പവർേപ്ലയിൽ തന്നെ നാല് മുൻനിര ബാറ്റർമാർ തിരിച്ചുകയറിയ ശേഷമായിരുന്നു പന്തും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന സഖ്യം ഡൽഹിയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ശ്രമം നടത്തിയത്. 93 റൺസാണ് ഇരുവരും ചേർന്ന് സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. സ്റ്റബ്സ് 32 പന്തിൽ 54 റൺസാണ് നേടിയത്. എന്നാൽ, ഇരുവർക്കും പിന്തുണ നൽകാൻ ആളില്ലാതായതോടെ 17.2 ഓവറിൽ 166 റൺസിന് ഡൽഹി പുറത്താവുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത സുനിൽ നരെയ്ന്റെയും രഘുവൻഷിയുടെയും തകർപ്പൻ അർധസെഞ്ച്വറികളുടെ കരുത്തിലാണ് 272 റൺസ് അടിച്ചുകൂട്ടിയത്.
അതേസമയം, മത്സരത്തിലെ തോൽവിക്ക് പിന്നാലെ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പന്തിനും ടീം അംഗങ്ങൾക്കും വൻതുക പിഴശിക്ഷ ലഭിച്ചു. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പന്തിന് 12 ലക്ഷം രൂപ പിഴ ലഭിച്ചിരുന്നതിനാൽ ഇത്തവണ 24 ലക്ഷം അടക്കേണ്ടി വന്നപ്പോൾ ഇംപാക്ട് െപ്ലയർമാർ ഉൾപ്പെടെ ടീം അംഗങ്ങൾ ആറ് ലക്ഷം രൂപ വീതമോ മാച്ച് ഫീയുടെ 25 ശതമാനമോ ഏതാണ് കുറവ് അതാണ് അടക്കാൻ നിർദേശം വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.