രണ്ടാം ഏകദിനം: ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ്ങിന്; തോറ്റാൽ ഇന്ത്യക്ക് പരമ്പര നഷ്ടം
text_fieldsമിർപുർ: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. ചെറിയ സ്കോർ പ്രതിരോധിക്കുന്നതിൽ ബൗളർമാർ ഏറക്കുറെ ജയിച്ചിട്ടും ആദ്യ കളി അവസാന വിക്കറ്റിൽ കൈവിട്ടുപോയ ഇന്ത്യക്ക് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ജയിച്ചേ തീരൂ.
മത്സരം തോറ്റാൽ മൂന്നു കളികളടങ്ങിയ പരമ്പര നഷ്ടമാവും. രോഹിത് ശർമ, വിരാട് കോഹ്‍ലി, ശിഖർ ധവാൻ, കെ.എൽ. രാഹുൽ തുടങ്ങിയവരുൾപ്പെട്ട പുകൾപെറ്റ ബാറ്റിങ് സ്ക്വാഡ് പരാജയമായതാണ് തോൽവിക്ക് കാരണം. ഏഴു കൊല്ലം മുമ്പ് ഇന്ത്യ ഒടുവിൽ ബംഗ്ലാദേശിൽ പോയപ്പോൾ പരമ്പര 1-2ന് നഷ്ടമായതിന്റെ ഓർമകളിൽനിന്ന് മോചനം നേടുക കൂടി രോഹിത്തിന്റെയും സംഘത്തിന്റെയും ലക്ഷ്യമാണ്.
70 പന്തിൽ 73 റൺസെടുത്ത രാഹുൽ ഒഴികെ ഒരു ബാറ്റർക്കും ഒന്നാം ഏകദിനത്തിൽ 30 റൺസുപോലും സ്കോർ ചെയ്യാനായില്ല. ഫലം ഇന്ത്യ 186ന് ഓൾ ഔട്ട്. സമീപകാല ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം സ്കോറായിരുന്നു ഇത്. ബൗളർമാർ നൽകിയ തിരിച്ചടി ഇന്ത്യയെ ജയത്തിന്റെ വക്കിലെത്തിച്ചതാണ്. പക്ഷേ, പത്താം വിക്കറ്റിൽ 50ൽ അധികം റൺസ് ചേർത്ത ബംഗ്ലാ കടുവകളുടെ പോരാട്ടവീര്യത്തിനു മുന്നിൽ സന്ദർശകർക്ക് മുട്ടുമടക്കേണ്ടിവന്നു.
ഇന്ത്യ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശാർദുൽ ഠാകൂർ, ദീപക് ചാഹർ, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്
ബംഗ്ലാദേശ് ടീം: നജ്മുൽ ഹുസ്സൈൻ, ലിറ്റൺ ദാസ്, അനാമുൽ ഹഖ്, ഷാക്കിബ് അൽ ഹസൻ, മുഷ്ഫിഖുർ റഹീം, മഹ്മൂദുള്ള, അഫീഫ് ഹൊസൈൻ, മെഹിദി ഹസൻ മിറാസ്, നസും അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, ഇബാദത്ത് ഹൊസ്സൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.