കിവികളെ അരിഞ്ഞ് ഇന്ത്യ; ഏഴു വിക്കറ്റ് ജയം, പരമ്പര
text_fieldsറാഞ്ചി: ലോകകപ്പ് സ്വപ്നം തച്ചുടച്ച ന്യൂസിലൻഡിനോട് കണക്കുതീർത്ത് ഇന്ത്യ. തുടർച്ചയായ രണ്ടാം ജയേത്താടെ ട്വൻറി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യക്ക് അഭേദ്യമായ 2-0 ലീഡായി.
ഏഴുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റുചെയ്ത കിവീസ് ആറു വിക്കറ്റിന് 153 റൺസെടുത്തപ്പോൾ 16 പന്ത് ബാക്കിയിരിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യംകണ്ടു. പുതിയ കോച്ച് രാഹുൽ ദ്രാവിഡും നവനായകൻ രോഹിത് ശർമയും ചേർന്നുള്ള കൂട്ടുകെട്ടിന് കന്നി പരമ്പരയിൽ തന്നെ വിജയം നേടാനായി.
സെഞ്ച്വറി (80 പന്തിൽ 117) കൂട്ടുകെട്ടുയർത്തിയ ഓപണർമാരായ ലോകേഷ് രാഹുലും (49 പന്തിൽ 65) നായകൻ രോഹിത് ശർമയും (36 പന്തിൽ 55) ആണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. രാഹുൽ രണ്ടു സിക്സും ആറു ബൗണ്ടറിയും പായിച്ചപ്പോൾ രോഹിത് അഞ്ചു സിക്സും ഒരു ഫോറുമടിച്ചു. ഇരുവർക്കുമൊപ്പം സൂര്യകുമാർ യാദവും (1) പുറത്തായപ്പോൾ വെങ്കിടേഷ് അയ്യരും (12) ഋഷഭ് പന്തും (12) പുറത്താവാതെനിന്നു.
നേരത്തേ, അരങ്ങേറ്റ മത്സരത്തിൽ നാല് ഓവറിൽ 25 റൺസിന് രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസർ ഹർഷൽ പട്ടേലും 19 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിനുമാണ് ന്യൂസിലൻഡിനെ 153ലൊതുക്കിയത്. അക്സർ പട്ടേൽ 26 റൺസിന് ഒരു വിക്കറ്റ് പിഴുതപ്പോൾ ഓരോ വിക്കറ്റ് നേടിയെങ്കിലും ഭുവനേശ്വർ കുമാർ 39 റൺസും ദീപക് ചഹാർ 42 റൺസും വിട്ടുകൊടുത്തു.
അഞ്ചു മുൻനിര ബാറ്റർമാരും രണ്ടക്കം കടന്നെങ്കിലും ആർക്കും നീണ്ട ഇന്നിങ്സ് കളിക്കാനാവാത്തതാണ് കിവീസിനെ മികച്ച സ്കോർ കണ്ടെത്തുന്നതിൽനിന്ന് തടഞ്ഞത്. മാർട്ടിൻ ഗപ്റ്റിൽ (15 പന്തിൽ 31), ഡാരിൽ മിച്ചൽ (28 പന്തിൽ 31), മാർക് ചാപ്മാൻ (17 പന്തിൽ 21), ഗ്ലെൻ ഫിലിപ്സ് (21 പന്തിൽ 34), ടിം സൈഫർട്ട് (15 പന്തിൽ 13) എന്നിവർക്കൊന്നും മികച്ച തുടക്കം മുതലാക്കാനായില്ല.
മികച്ച തുടക്കത്തിനുശേഷമാണ് കിവീസ് തളർന്നത്. അഞ്ചാം ഓവറിൽ 50 കടന്ന ന്യൂസിലൻഡിനെ പിന്നീട് ഇന്ത്യൻ സ്പിന്നർമാർ മെരുക്കുകയായിരുന്നു. 6-12 ഓവറുകളിൽ 38 റൺസ് മാത്രമാണ് പിറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.