കപിലിന്റെ ലോക റെക്കോഡിന് 30 വയസ്സ്
text_fieldsഇന്ത്യൻ ക്രിക്കറ്റിന് ധന്യമുഹൂർത്തം സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ ഓൾറൗണ്ടർ കപിൽ ദേവ് ടെസ്റ്റ് ക്രിക്കറ്റിൽ 432 വിക്കറ്റ് നേടി ലോക റെക്കോഡിട്ട് ചരിത്രം കുറിച്ചതിന്റെ ഓർമദിനമാണിന്ന്. 1994 ഫെബ്രുവരി എട്ടിന് ഗുജറാത്ത് സ്റ്റേഡിയത്തിലെ വേഗത കുറഞ്ഞ പിച്ചിൽ ശ്രീലങ്കയുടെ ഹഷൻ തിലകരത്നയെ പുറത്താക്കിയായിരുന്നു ആ അഭിമാന നേട്ടം. അതിലൂടെ ടെസ്റ്റ് വിക്കറ്റ് വേട്ടയിൽ ന്യൂസിലൻഡിന്റെ റിച്ചാർഡ് ഹാഡ്ലിയുടെ (431) റെക്കോഡാണ് കപിൽ മറികടന്നത്.
പിന്നീട് പലരും കപിലിനെ പിറകിലാക്കിയെങ്കിലും 30 വർഷം മുമ്പ് സ്വന്തമാക്കിയ നേട്ടത്തിന് ഇന്നും തിളക്കമേറെ. 1978ൽ പാകിസ്താൻ പര്യടനം നടത്തിയ ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തിയ 18കാരൻ പയ്യൻ ഒന്നരപ്പതിറ്റാണ്ടുകാലത്തെ ക്രിക്കറ്റ് തപസ്യക്കിടയിൽ അസുലഭവും അപൂർവവുമായ നേട്ടം കൈവരിച്ചപ്പോൾ ഇന്ത്യൻ കായികലോകത്തിന്റെ യശസ്സ് വാനോളം ഉയർന്നു.
ക്രിക്കറ്റ് ജീവിതം തുടങ്ങിയതു മുതൽ റെക്കോഡുകളുടെ കൂടപ്പിറപ്പായിരുന്ന കപിൽദേവ് ഇന്ത്യൻ ഫാസ്റ്റ്ബൗളിങ്ങിന് പുതിയ മാനം നൽകി. 1980ൽതന്നെ നൂറു വിക്കറ്റ് നേട്ടം കൊയ്യുന്ന ഏറ്റവും പ്രായംകുറഞ്ഞ ബൗളറെന്ന ബഹുമതി നേടിയ കപിൽ തൊട്ടടുത്ത ദിവസം 1000 റൺസ് പൂർത്തിയാക്കി ഇരട്ടനേട്ടം കൈവരിച്ചു.1983ൽ 2000 റൺസും 200 വിക്കറ്റും പൂർത്തിയാക്കി. അതേവർഷം അഹ്മദാബാദിൽ വെസ്റ്റിൻഡീസിനെതിരെ ഒരു ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് വീഴ്ത്തിയപ്പോൾ ക്യാപ്റ്റനെന്ന നിലയിൽ ഈ നേട്ടം കൈവരിച്ച ആദ്യ കളിക്കാരനായി.
1983 ലോകകപ്പില്‍ ഹാട്രിക് കിരീടം തേടിയെത്തിയ വെസ്റ്റ് ഇന്‍ഡീസിനെ തകർത്ത് കപിലിന്റെ നേതൃത്വത്തിൽ ആദ്യമായി ഇന്ത്യ കപ്പ് നേടുമ്പോൾ അത് മറ്റൊരു ചരിത്രമായി മാറി. 16 വർഷത്തെ ടെസ്റ്റ് കരിയറിൽ 131 മത്സരങ്ങൾ കളിച്ച കപിൽ ദേവ് 31.05 ശരാശരിയിൽ 5248 റൺസും 434 വിക്കറ്റും നേടി. 23 ഇന്നിങ്സുകളിൽ അഞ്ചു വിക്കറ്റുകൾ വീതം വീഴ്ത്തിയ അദ്ദേഹം രണ്ട് തവണ 10 വിക്കറ്റുകൾ വീതവും വീഴ്ത്തി. 1994 ല്‍ ക്രിക്കറ്റില്‍നിന്ന് വിരമിച്ചു.
1999 സെപ്റ്റംബർ മുതൽ 2000 സെപ്റ്റംബർവരെ ഇന്ത്യൻ ടീമിന്റെ പരിശീലകനായിരുന്നു. 1982ൽ പത്മശ്രീയും 1991ൽ പത്മഭൂഷണും ലഭിച്ചു. 2002ല്‍ സുനില്‍ ഗവാസ്കറിനെയും സച്ചിന് ടെണ്ടുൽകറെയും പിന്തള്ളി കപില്‍ ദേവ് ഇന്ത്യയുടെ നൂറ്റാണ്ടിലെ ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.