ശ്രീലങ്കക്കെതിരെ 41 റൺസ് ജയം; ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലിൽ
text_fieldsകൊളംബോ: ഏഷ്യാ കപ്പിലെ സൂപ്പർഫോർ പോരാട്ടത്തിൽ ശ്രീലങ്കയെ 41 റൺസിന് കീഴടക്കി ഇന്ത്യ ഫൈനൽ ഉറപ്പിച്ചു. ഇന്ത്യയുടെ 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കൻ ഇന്നിങ്സ് 41.3 ഓവറിൽ 172 റൺസിൽ അവസാനിക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും തിളങ്ങിയ സ്പിന്നർ കുൽദീപ് യാദവിന്റെ (നാല് വിക്കറ്റ്) മികവിലാണ് ഇന്ത്യ അനായാസ വിജയം നേടിയത്. ബൗളിങ്ങിലെന്ന പോലെ ബാറ്റിങ്ങിലും ഗംഭീര പ്രകടനം കാഴ്ചവെച്ച ദുനിത് വെല്ലാലഗെയാണ് ലങ്കയുടെ ടോപ് സ്കോറർ. എട്ടാമനായി ക്രീസിലെത്തി പുറത്താകാതെ 42 റൺസാണെടുത്തത്. ധനഞ്ജയ ഡിസിൽവ 41 ഉം ചരിത് അസലങ്ക 22 റൺസുമെടുത്തു.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. തുടർച്ചയായ രണ്ടാം മത്സരത്തിലും അർധസെഞ്ച്വറി നേടിയ നായകൻ രോഹിത് ശർമയും (53) ശുഭ്മാൻ ഗില്ലും (19) ചേർന്ന് 80 റൺസ് ഓപണിങ് കൂട്ടുകെട്ട് ഉയർത്തിയ ശേഷമാണ് ടീം തകർച്ചയിലേക്ക് വീണത്. ലങ്കൻ സ്പിന്നർ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയുടെ മുൻ നിര ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.
ശുഭ്മാൻ ഗില്ലാണ് ആദ്യം മടങ്ങിയത്. കഴിഞ്ഞ ദിവസം സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയെ(3) നിലയുറപ്പിക്കും മുൻപെ പുറത്താക്കി വെല്ലാലഗെ രണ്ടാമത്തെ പ്രഹരവും ഏൽപ്പിച്ചു. ഒരുറൺസ് കൂട്ടിച്ചേർക്കുന്നതിനിടെ രോഹിതിനെയും വെല്ലാലഗെ മടക്കി. അർധസെഞ്ച്വറി നേടിയ നായകൻ രോഹിത് ശർമ ഏകദിന ക്രിക്കറ്റിൽ 10,000 റൺസ് എന്ന നാഴികകല്ല് പിന്നിട്ടാണ് മടങ്ങിയത്. 10,000 റൺസ് നേടുന്ന ലോകത്തെ 15 ാമത്തെയും ഇന്ത്യയുടെ ആറാമത്തെയും താരമാണ് രോഹിത്.
പാകിസ്താനെതിരെ സെഞ്ച്വറി നേടിയ കെ.എൽ.രാഹുലും ഇഷാൻ കിഷനും കരുതലോടെ മുന്നേറിയെങ്കിലും ടീം സ്കോർ 154 നിൽകെ രാഹുലിനെ(39) പുറത്താക്കി ദുനിത് വെല്ലാലഗെ നാലാം വിക്കറ്റ് സ്വന്തമാക്കി.
അടുത്തത് ചരിത് അസലങ്കയുടെ ഊഴമായിരുന്നു. 33 റൺസെടുത്ത ഇഷാൻ കിഷനെ വീഴ്ത്തിയാണ് അസലങ്ക തുടങ്ങിയത്. ഹർദിക് പാണ്ഡ്യയെയും(5) പുറത്താക്കി വെല്ലാലഗെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം ആഘോഷിച്ചു. തുടർന്നെത്തിയ രവീന്ദ്ര ജഡേജ (4), ജസ്പ്രീത് ബുംറ (5), കുൽദീപ് യാദവ് (0) എന്നിവർക്ക് മടക്ക ടിക്കറ്റ് നൽകി അസലങ്ക വിക്കറ്റ് നേട്ടം നാലിലെത്തിച്ചു.
ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 197 റൺസ് എന്ന നിലയിൽ നിൽക്കെ മഴയെത്തിയതോടെ ഒരു മണിക്കൂറോളം കളി തടസ്സപ്പെട്ടു. മഴ മാറി തുടങ്ങിയ ശേഷം അവസാന വിക്കറ്റിൽ ആഞ്ഞടിച്ച അക്സർ പട്ടേലിനെ (26) മഹീഷ് തീക്ഷ്ണ പുറത്താക്കിയതോടെ ഇന്ത്യൻ ഇന്നിങ്സിന് വിരാമമായി. അഞ്ചു റൺസുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു.
ഫൈനൽ തേടി വ്യാഴാഴ്ച ശ്രീലങ്കയും പാകിസ്താനും ഏറ്റുമുട്ടും. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരായാണ് ഇന്ത്യക്ക് സൂപ്പർ ഫോറിലെ അവസാന മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.