രഞ്ജി ട്രോഫിയിൽ മുംബൈ വമ്പ്; വിദർഭയെ കീഴടക്കി 42ാം കിരീടം
text_fieldsമുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈക്ക് 42ാം കിരീടം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ വിദർഭയെ 169 റൺസിന് കീഴടക്കിയാണ് അജിൻക്യ രഹാനെയും സംഘവും ചാമ്പ്യന്മാരായത്. രണ്ടാം ഇന്നിങ്സിൽ 538 റൺസെന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ വിദർഭ, ക്യാപ്റ്റൻ അക്ഷയ് വാദ്കറുടെ സെഞ്ച്വറിയുടെയും (102), കരുൺ നായറുടെയും (74), ഹർഷ് ദുബെയുടെയും (65) അർധസെഞ്ച്വറികളുടെയും മികവിൽ പൊരുതിയെങ്കിലും അവസാന നാല് വിക്കറ്റുകൾ 15 റൺസ് ചേർക്കുന്നതിനിടെ വീണതോടെ പോരാട്ടം 368 റൺസിൽ അവസാനിക്കുകയായിരുന്നു.
അഞ്ചാം ദിനം അഞ്ചിന് 248 റൺസെന്ന നിലയിൽ കളി പുനരാരംഭിച്ച വിദർഭക്കായി ക്യാപ്റ്റനൊപ്പം ഹർഷ് ദുബെയും പിടിച്ചുനിന്നതോടെ വിജയപ്രതീക്ഷയായിരുന്നു. എന്നാൽ, ഇരുവരെയും രണ്ട് റൺസിന്റെ ഇടവേളയിൽ തുഷാർ ദേശ്പാണ്ഡെ വീഴ്ത്തിയതോടെ മുംബൈ ജയം ഉറപ്പിച്ചു. തുടർന്നെത്തിയവർക്കൊന്നും രണ്ടക്കം തികക്കാനായില്ല. നാല് വിക്കറ്റ് നേടിയ തനുഷ് കോട്ടിയാൻ ആണ് വിദർഭയെ എറിഞ്ഞിടുന്നതിൽ നിർണായക പങ്കുവഹിച്ചത്. മുഷീർ ഖാൻ, തുഷാർ ദേശ്പാണ്ഡെ എന്നിവർ രണ്ട് വീതവും ഷംസ് മുലാനി, ധവാൽ കുൽക്കർണി എന്നിവർ ഓരോന്നും വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിങ്സിൽ 136 റൺസും 48 റൺസ് വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തിയ മുഷീർ ഖാനാണ് കളിയിലെ താരം. 29 വിക്കറ്റും 502 റൺസും നേടി മുംബൈയുടെ കിരീട നേട്ടത്തിൽ നിർണായക പങ്കുവഹിച്ച തനുഷ് കോട്ടിയാൻ ടൂർണമെന്റിന്റെ താരമായി.
ആദ്യ ഇന്നിങ്സിൽ മുംബൈ 224 റൺസിന് പുറത്തായപ്പോൾ വിദർഭയുടെ മറുപടി 105 റൺസിൽ ഒതുങ്ങിയിരുന്നു. 119 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ മുംബൈ കൗമാര താരം മുഷീർ ഖാന്റെ ഉശിരൻ സെഞ്ച്വറിയുടെയും (136), ശ്രേയസ് അയ്യരുടെയും (95), ക്യാപ്റ്റൻ അജിൻക്യ രഹാനെയുടെയും (73), ഷംസ് മുലാനിയുടെയും (50) അർധസെഞ്ച്വറികളുടെ കരുത്തിൽ 418 റൺസ് അടിച്ചുകൂട്ടിയിരുന്നു. വിദർഭ നിരയിൽ അഞ്ചു വിക്കറ്റുമായി ഹർഷ് ദുബെയും മൂന്ന് വിക്കറ്റുമായി യാഷ് താക്കൂറുമാണ് തിളങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.