നാലാം ട്വന്‍റി20യിലും പാകിസ്താന് തോൽവി; നായക അരങ്ങേറ്റത്തിൽ അഫ്രീദിക്ക് നാണക്കേട്!
text_fieldsക്രൈസ്റ്റ്ചര്‍ച്ച്: പരമ്പര നഷ്ടപ്പെട്ടതിനു പിന്നാലെ ന്യൂസിലൻഡിനെതിരായ നാലാം ട്വന്‍റി20യിലും പാകിസ്താന് തോൽവി. ക്രൈസ്റ്റ്ചർച്ചിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ആതിഥേയരുടെ ജയം.
ഓപ്പണര്‍ മുഹമ്മദ് റിസ്‍വാന്‍റെ ഒറ്റയാൾ പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 158 റൻസെടുത്തു. മറുപടി ബാറ്റിങ്ങിൽ കീവീസ് 18.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. പരമ്പരയിലെ ആദ്യ മൂന്നു കളികളും തോറ്റ പാകിസ്താൻ പരമ്പര കൈവിട്ടിരുന്നു. ഷഹീൻ അഫ്രീദി നായകനായി ട്വന്‍റി20 അരങ്ങേറ്റം കുറിച്ച പരമ്പരയിൽ തുടർച്ചയായ നാലാം മത്സരത്തിലാണ് പാകിസ്താൻ തോൽക്കുന്നത്.
നേരത്തെ, ടോസ് നേടിയ ന്യൂസിലൻഡ് സന്ദർശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. റിസ്‍വാൻ 63 പന്തിൽനിന്ന് 90 റൺസെടുത്തു പുറത്താകാതെനിന്നു. രണ്ടു സിക്സുകളും ആറു ഫോറുകളും താരം നേടി. മുഹമ്മദ് നവാസ് (21*), ബാബർ അസം (19) എന്നിവരാണ് ടീമിലെ മറ്റു പ്രധാന സ്കോറർമാർ. മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ വിക്കറ്റുകൾ പോയ കീവീസ് ഡാരിൽ മിച്ചലിന്‍റെയും ഗ്ലെന്‍ ഫിലിപ്സിന്‍റെയും അർധ സെഞ്ച്വറിക്കരുത്തിലാണ് ലക്ഷ്യത്തിലെത്തിയത്. ഇരുവരും നാലാം വിക്കറ്റിൽ പിരിയാതെ 139 റൺസെടുത്തു.
ഒരുഘട്ടത്തിൽ മൂന്ന് വിക്കറ്റിന് 20 റൺസ് എന്ന നിലയിലായിരുന്നു. മിച്ചൽ 44 പന്തിൽ 72 റൺസും ഗ്ലെൻ ഫിലിപ്സ് 52 പന്തിൽ 70 റൺസും നേടി. ഷഹീൻ അഫ്രീദിയാണ് മൂന്നു വിക്കറ്റുകളും വീഴ്ത്തിയത്.
റിസ്‍വാൻ മികച്ച തുടക്കം നൽകിയെങ്കിലും നിർഭാഗ്യവശാൽ മധ്യ ഓവറുകളിൽ ഞങ്ങൾക്ക് അവസരം മുതലെടുക്കാനായില്ലെന്ന് മത്സരശേഷം ഷഹീൻ അഫ്രീദി പ്രതികരിച്ചു. പാക് ടീമിന്‍റെ മോശം പ്രകടനത്തിൽ ആരാധകരും രോഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.