5-51ൽനിന്ന് 7-234ലേക്ക്; ന്യൂസിലാൻഡിനെതിരെ രക്ഷകരായി അയ്യരും സഹയും
text_fieldsകാൺപുർ: ഇന്ത്യ - ന്യൂസിലാൻഡ് ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. അഞ്ചാം ദിനം 280 റൺസെടുത്താൽ ന്യൂസിലാൻഡിന് ജയം കൈപിടിയിലൊതുക്കാം. അതിന് മുന്നെ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തുകയാണെങ്കിൽ ഇന്ത്യക്കും.
സംഭവ ബഹുലമായിരുന്നു നാലാം ദിനം. ഒന്നിന് 14 റൺസ് എന്ന നിലയിൽ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യക്ക്, സ്കോർ ബോർഡിൽ 37 റൺസ് ചേർക്കുന്നതിനിടെ നാലു വിക്കറ്റുകളാണ് നഷ്ടമായത്. ശുഭ്മൻ ഗിൽ (ഒരു റൺസ്), മായങ്ക് അഗർവാൾ (17), ചേതേശ്വർ പുജാര (22), അജിങ്ക്യ രാഹന (നാല്) എന്നിവരാണ് അതിവേഗം കൂടാരം കയറിയത്. സ്കോർ 51ൽ എത്തിനിൽക്കെ റണ്ണെന്നും എടുക്കാതെ ജഡേജയും പുറത്ത്.
കളി കൈവിട്ടെന്ന് കരുതിയിടത്താണ് ഒന്നാം ഇന്നിങ്സിലെ സെഞ്ച്വറി താരം ശ്രേയസ്സ് അയ്യർ രക്ഷക വേഷമണിഞ്ഞത്. അശ്വിനുമായി ചേർന്ന് സ്കോർ മെല്ലെ പടുത്തുയർത്തി. സ്കോർ മൂന്നക്കം കടക്കുകയും ചെയ്തു. എന്നാൽ, 32 റൺസെടുത്ത അശ്വിനെ ജാമിസൺ പുറത്താക്കിയതോടെ ഇന്ത്യ വീണ്ടും അപകടം മണത്തു. തുടർന്ന് വന്ന സഹ, അയ്യർക്ക് മികച്ച പങ്കാളിയായി. ഇരുവരും ചേർന്ന് 64 റൺസിന്‍റെ കൂട്ടുകെട്ടാണ് ഉയർത്തിയത്.
65 റൺസെടുത്ത് 60ാമത്തെ ഓവറിൽ അയ്യർ മടങ്ങുേമ്പാൾ ഇന്ത്യയുടെ സ്കോർ 167ൽ എത്തിയിരുന്നു. പിന്നീട് വന്ന അക്സർ പേട്ടലും ബാറ്റിങ്ങിൽ തിളങ്ങിയതോടെ കളി ഇന്ത്യയുടെ വരുതിയിലായി. ഒടുവിൽ ഏഴ് വിക്കറ്റിന് 234 റൺസെന്ന ഭേദപ്പെട്ട നിലയിലെത്തിയതോടെ 81ാമത്തെ ഓവറിൽ ഇന്ത്യ ഡിക്ലയർ ചെയ്യാൻ തീരുമാനിച്ചു. അപ്പോഴേക്കും ലീഡ് 283 റൺസായി ഉയർന്നു. സഹ 61ഉം പേട്ടൽ 28 റൺസുമാണ് എടുത്തത്.
ന്യൂസിലാൻഡിന് വേണ്ടി സൗത്തിയും ജാമിസണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അജാസ് പേട്ടലിനാണ് ഒരു വിക്കറ്റ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് ഒരു വിക്കറ്റ് നഷ്ടമായി. രണ്ട് റൺസെടുത്ത വിൽ യങ് ആണ് അശ്വിന്‍റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയത്. നാലാം ദിനം കളി നിർത്തുേമ്പാൾ സന്ദർശകർക്ക് നാല് റൺസാണുള്ളത്.
നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 345 റൺസ് പിന്തുടർന്ന ന്യൂസിലാൻഡ് ആദ്യ ഇന്നിങ്സിൽ 296 റൺസിന് പുറത്തായിരുന്നു. മൂന്നാം ദിവസം ഇന്ത്യൻ ബൗളർമാർ കരുത്തുകാട്ടിയതോടെയാണ് വലിയ സ്കോറിലേക്ക് കുതിച്ചിരുന്ന ന്യൂസിൻലാൻഡ് ബാറ്റർമാർ തകർന്നടിഞ്ഞത്. ഒരുദിവസം മാത്രം ബാക്കി നിൽക്കെ, ഇരു ടീമുകൾക്കും ഒരുപോലെ വിജയപ്രതീക്ഷയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.